'വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന് പോസ്റ്റര്‍; 'ന്നാ താന്‍ കേസ് കൊട്' സിനിമയെച്ചൊല്ലി രാഷ്ട്രീയ വിവാദം
തിരുവനന്തപുരം: റോഡിലെ കുഴികളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള സിനിമാ പരസ്യത്തെ ചൊല്ലി സൈബറിടങ്ങളില്‍ രാഷ്ട്രീയ വാക്പോര്. കുഞ്ചാക്കോ ബോബന്‍ നായകനായി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ പരസ്യവാചകവുമായി ബന്ധപ്പെട്ടാണ് വിവാദം. 'തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്ന പരസ്യവാചകത്തെ ചൊല്ലിയാണ് തര്‍ക്കം.
സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്ററാണ് ഇതെന്നാണ് വിമര്‍ശകരുടെ വാദം. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും പൊതുമരാമത്ത് വകുപ്പും രൂക്ഷ വിമര്‍ശനം നേരിടുകയാണ്. ഈ അവസരത്തില്‍ പോസ്റ്ററിലെ വാചകം സംസ്ഥാന സര്‍ക്കാരിനെ താറടിച്ചുകാണിക്കാനാണെന്നാണ് ആരോപണം.
കേരളത്തിലെ റോഡിലെ കുഴികള്‍ സംസ്ഥാന സര്‍ക്കാരിന്റേതാണോ അതോ കേന്ദ്ര സര്‍ക്കാരിന്റേതാണോ എന്ന ചര്‍ച്ച കൊടുമ്പിരി കൊള്ളുമ്പോഴാണ് ഒരു സിനിമാ പോസ്റ്ററിലെ 'കുഴി പരാമര്‍ശം' വിവാദമായിരിക്കുന്നത്. തിയേറ്ററിലേക്കുള്ള വഴിയിലെ കുഴി ആരുടേതാണെന്ന് പരസ്യത്തില്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍, ഇടത് സൈബര്‍ പേജുകള്‍ പരസ്യത്തെ കുറ്റപ്പെടുത്തിയും സിനിമാ ബഹിഷ്‌കരണത്തിന് ആഹ്വാനംചെയ്തും രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് ചൂടുപിടിച്ചത്.
അതിനിടെ, സിനിമാ പോസ്റ്ററിലെ വാചകത്തെ ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും, പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തി.
ആവിഷ്‌കാര സ്വാതന്ത്ര്യത്തേക്കുറിച്ച് പുരപ്പുറത്ത് കയറി സംസാരിക്കുന്നവരാണ് ഇപ്പോള്‍ പരസ്യത്തിന്റെ പേരില്‍ സിനിമാ ബഹിഷ്‌കരണത്തിന് തുനിഞ്ഞിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു. റോഡിലെ കുഴികള്‍ യാഥാര്‍ഥ്യമാണ്. അതില്ലെന്ന് ആരു പറഞ്ഞിട്ടും കാര്യമില്ല. എന്റെ മനസ്സിലാണ് കുഴിയെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പറഞ്ഞത്.
അതേസമയം, സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാത്രം നല്‍കിയ വാചകമാണ് ഇതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിശദീകരണം. കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയവുമായി ബന്ധപ്പെട്ട് കൗതുകത്തിനായി മാത്രം തയാറാക്കിയ പോസ്റ്ററാണിതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."