ഖിലാഫത്ത് സർക്കാരിലെ പ്രധാനമന്ത്രിയും സൈന്യാധിപനും
'കീഴടങ്ങേണ്ട കാര്യം മാത്രം ഞങ്ങളോട് പറയരുത്. അവർക്ക് ഞങ്ങളെ കിട്ടിയാൽ കൊല്ലുകയല്ല, ചതച്ചരക്കുകയാണ് ചെയ്യുക. അതുകൊണ്ട് ഞങ്ങൾ അവരോട് യുദ്ധം ചെയ്തുതന്നെ മരിച്ചോളാം'- തിരൂരങ്ങാടിയിലെ ഏറ്റമുട്ടലിൽ രണ്ടു ബ്രിട്ടീഷ് പട്ടാളക്കാരെ കൊലപ്പെടുത്തിയതിനുശേഷം ചീനിമാട്ടിൽ ലെവക്കുട്ടിയുടെയും ചിറ്റമ്പലം കുഞ്ഞലവിയുടെയും അടുത്തെത്തിയ കെ.പി കേശവമേനോനടക്കമുള്ള സമാധാന സംഘത്തോട് ഇരുവരും പറഞ്ഞ വാക്കുകളാണിത്. തിരൂരങ്ങാടിയിൽ ആലി മുസ്‌ലിയാർക്കൊപ്പം ഖിലാഫത്ത് പോരാട്ടത്തിൽ മുൻപന്തിയിലുണ്ടായിരുന്ന രണ്ടുപേരാണ് ഇരുവരും. മുസ്‌ലിയാർക്കു കീഴിലെ ഖിലാഫത്ത് സംഘത്തിന്റെ വളണ്ടിയർ ക്യാപ്റ്റനായിരുന്നു കുഞ്ഞലവി. പിന്നീട് ഖിലാഫത്ത് സർക്കാർ സ്ഥാപിച്ചപ്പോൾ ആലി മുസ്‌ലിയാരുടെ സർക്കാരിൽ ലെവക്കുട്ടി പ്രധാനമന്ത്രിയായി. കുഞ്ഞലവി ഖിലാഫത്ത് സൈന്യത്തിന്റെ സർവ സൈന്യാധിപനുമായിരുന്നു.
ഓഗസ്റ്റിൽ തിരൂരങ്ങാടി പള്ളി പട്ടാളം വളഞ്ഞ് വെടിവെയ്പ് നടത്തിയ സംഭവത്തിൽ പള്ളിക്കു മുകളിൽ നിന്ന് 150 അടി താഴ്ചയിലേക്ക് രണ്ടു കൈയിലും വാളുമേന്തി ഇരുവരും പട്ടാളക്കാർക്കിടയിലേക്ക് എടുത്തുചാടി. കൈയിലുണ്ടായിരുന്ന ആയുധംകൊണ്ട് പട്ടാളക്കാരെ വെട്ടിവീഴ്ത്തി പള്ളിയുടെ വടക്കുഭാഗത്തുള്ള കാട്ടിലൂടെ രക്ഷപ്പെട്ടു. ലെവക്കുട്ടി പെരുവള്ളൂരിലും കുഞ്ഞലവി വലിയോറയിലേക്കുമാണ് എത്തിയത്. പട്ടാളക്കാർ ഇവരെ തേടി ഇവിടെയുമെത്തി. ഡിസംബർ 21ന് പട്ടാളവുമായുള്ള ഏറ്റുമുട്ടലിൽ കുഞ്ഞലവി കൊല്ലപ്പെട്ടു. ലെവക്കുട്ടി പിടികൊടുക്കാതെ പ്രതിരോധിച്ചു.
എന്നാൽ നിരവധി നേതാക്കൻമാർ പിടിയിലാവുകയും തനിക്കൊപ്പമുള്ളവർ കൊല്ലപ്പെടുകയും ചെയ്തതോടെ മാനസികമായി തളർന്ന അദ്ദേഹം ജീവനൊടുക്കിയെന്നാണ് രേഖകളിൽ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."