പാലക്കാട് ഷാജഹാന് വധം: കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരമാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പൊലിസ്
പാലക്കാട് : പാലക്കാട് സിപിഎം പ്രാദേശിക നേതാവ് ഷാജഹാനെ വെട്ടിക്കൊന്ന കേസില്‍ എട്ട് പ്രതികളെന്ന് പൊലിസ്. കൊലപാതകത്തിന്റെ കാരണം അന്വേഷിച്ച് വരികയാണ് . രാഷ്ട്രീയ വൈരാഗ്യമാണോ കൊലപാതകത്തിന് പിന്നിലെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര് വിശ്വനാഥ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് സി.പി.എം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാനെ വീടിന് മുന്നില്‍ വെച്ച് ബൈക്കിലെത്തിയ അക്രമി സംഘം വെട്ടിക്കൊന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അതേസമയം, ഷാജഹാന് ഭീഷണിയുണ്ടായിരുന്നുവെന്നും കൊലപാതകത്തിന് പിന്നില്‍ ആര്.എസ്.എസ് ആണെന്നും സി.പി.എം ജില്ലാ നേതൃത്വം ആരോപിച്ചു. അക്രമി സംഘത്തിലുണ്ടായിരുന്നവര്‍ നേരത്തെ സി.പി.എം പ്രവര്‍ത്തകരായിരുന്നുവെന്നും ഇപ്പോള്‍ ബി.ജെ.പിയുമായി സഹകരിക്കുന്നവരാണെന്നും കുന്നംകാട് മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉണ്ണിക്കണ്ണന് പറഞ്ഞു.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൊട്ടേക്കാടും നഗരത്തിലും കനത്ത പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി.
പാലക്കാട് ഷാജഹാന് വധത്തിന് പിന്നില്‍ ആര്.എസ്.എസാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തെ കലാപഭൂമിയാക്കാനാണ് ആര്.എസ്.എസ് ശ്രമം. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ശ്രമം നടക്കുന്നു. സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെടേണ്ടവരാണെന്ന മനോഭാവമാണ് യു.ഡി.എഫിനെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."