ഐ.എസ്.എല്‍ മൂന്നാം പതിപ്പിന് ടീമുകള്‍ തയ്യാറെടുത്ത് തുടങ്ങി
ആലപ്പുഴ: സോക്കറിനെ നെഞ്ചോടു ചേര്‍ക്കുന്ന ഭൂമികയില്‍ കാല്‍പന്തുകളിയുടെ ആവേശം കൊടുമുടിയേറ്റിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ (ഐ.എസ്.എല്‍) മൂന്നാം പതിപ്പിന് തയാറെടുപ്പുകള്‍ തുടങ്ങി. രാജ്യത്തെ എട്ടു നഗരങ്ങള്‍ സൂപ്പര്‍ ഫുട്‌ബോളിനെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ്. കാല്‍പന്തുകളിയെ നെഞ്ചിലേറ്റിയ ഇന്ത്യന്‍ ആരാധകര്‍ക്ക് പുതുവസന്തം സമ്മാനിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മൂന്നാം സീസണിലേക്ക് കടക്കുകയാണ്. എട്ടു ടീമുകളെ കളത്തിലിറക്കി കാണികളുടെ പങ്കാളിത്വം കൊണ്ടും മത്സര ആവേശം കൊണ്ടും ലോകത്തെ തന്നെ മികച്ച ക്ലബ് ഫുട്‌ബോള്‍ ലീഗായി ഐ.എസ്.എല്‍ മാറിക്കഴിഞ്ഞതിന്റെ ആവേശത്തിലാണ് സംഘാടകര്‍ മൂന്നാം പതിപ്പിന് തയ്യാറെടുപ്പുകള്‍ നടത്തുന്നത്.
ഐ.എസ്.എല്‍. മൂന്നാം സീസണിലെ മത്സര ഷെഡ്യൂള്‍ പ്രഖാപിച്ചതോടെ ടീമുകളെല്ലാം തന്നെ പരിശീലന കളരി തുറന്നു കഴിഞ്ഞു. വിദേശ പരിശീലകരും വിദേശ സ്വദേശ താരങ്ങളെയും അണിനിരത്തി മൂന്നാം പതിപ്പിലും മിന്നാനുള്ള ഒരുക്കത്തിലാണ് ടീമുകള്‍. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ രണ്ടു ദിവസം മുന്‍പേ ഐ.എസ്.എല്ലിന് തുടക്കമാവും. ഒക്ടോബര്‍ ഒന്നിന് അസമിലെ ഗുവാഹത്തി സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന കിക്കോഫ്. രണ്ടാം പതിപ്പിലെ അവസാന സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് ആദ്യ പോരാട്ടം. ഡിസംബര്‍ 20 ന് ഫൈനല്‍ നടക്കും.
എട്ടു ടീമുകള്‍ തമ്മില്‍ ഏഴു വീതം ഹോം എവേ മത്സരങ്ങളില്‍ ഏറ്റുമുട്ടും. സെമി ഫൈനലില്‍ ഇടംനേടുന്നവര്‍ ഓരോന്ന് വീതം ഹോം എവേ മത്സരങ്ങളിലും പോരാടും. ടീമുകളെല്ലാം തന്നെ വിദേശ പരിശീലനത്തിനായുള്ള തയ്യാറെടുപ്പിലാണ്. നിലവിലെ ജേതാക്കളായ ചെന്നൈയിന്‍ എഫ്.സിയുടെ പരിശീലനം ഇറ്റലിയിലാണ്. മുഖ്യപരിശീലകന്‍ മാര്‍ക്കോ മറ്റരാസിയുടെ ശിക്ഷണത്തില്‍ ഇറ്റലിയിലെ പെറുജിയില്‍ ചെന്നൈയിന്‍ പരിശീലനം നടത്തും. നിലവിലെ റണ്ണറപ്പായ എഫ്.സി ഗോവ ബ്രസീലിലേക്കാണ് പരിശീലനത്തിനായി പറക്കുന്നത്. കപ്പിനും ചുണ്ടിനുമിടയില്‍ കഴിഞ്ഞ തവണ നഷ്്ടമായ കിരീടം മൂന്നാം സീസണില്‍ പിടിക്കാന്‍ ലക്ഷ്യമിട്ടാണ് മുഖ്യപരിശീലകന്‍ സീക്കോ തന്റെ നാട്ടിലേക്ക് തന്നെ ടീമിനെ പാകപ്പെടുത്തിയെടുക്കാന്‍ കൊണ്ടു പോകുന്നത്. മുംബൈ എഫ്.സി പതിവു പോലെ ദുബൈയില്‍ തന്നെയാണ് പരിശീലനം. പ്രഥമ സീസണിലെ ജേതാക്കളായ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത സ്‌പെയ്‌നില്‍ പരിശീലനം നടത്താനുള്ള തയ്യാറെടുപ്പിലാണ്.
പൂനെ എഫ്.സിയും സ്‌പെയിനില്‍ പരിശീലനം നടത്തുമ്പോള്‍ ഡല്‍ഹി ഡൈനാമോസ് പറക്കുന്നത് സ്വീഡന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെ പുല്‍മൈതാനങ്ങളിലേക്കാണ്. കഴിഞ്ഞ തവണ വിദേശത്ത് പോകാതെ തിരുവനന്തപുരത്ത് പരിശീലനം നടത്തിയ കേരളത്തിന്റെ സ്വന്തം കൊമ്പന്‍മാരായ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ കടല്‍താണ്ടുകയാണ്. വമ്പന്‍ പരാജയമാണ് രണ്ടാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് ഏറ്റു വാങ്ങേണ്ടി വന്നത്. ആദ്യ സീസണില്‍ രണ്ടാം സ്ഥാനത്ത് എത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പതിപ്പില്‍ കനത്ത തിരിച്ചടി നേരിട്ടു അവസാന സ്ഥാനക്കാരായി. മൂന്നാം പതിപ്പില്‍ ശക്തമായ തിരിച്ചു വരവിനു കോപ്പുകൂട്ടുകയാണ് ബ്ലാസ്റ്റേഴ്‌സ്. പുതിയ പരിശീലകനും പുതിയ മാര്‍ക്വീതാരവും വിദേശതാര നിരയും ടീമില്‍ എത്തിക്കഴിഞ്ഞു.
മികച്ച സ്വദേശി താരങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്തി. ടീം ഉടമകള്‍ തന്നെ മാറി. അടിമുടി മാറ്റവുമായി എത്തുന്ന ബ്ലാസ്റ്റേഴ്‌സ് വിജയത്തിലേക്ക് പന്തടിക്കാനുള്ള ഒരുക്കത്തിലാണ്. മുഖ്യപരിശീലകന്‍ സ്റ്റീവ് കൊപ്പലിന്റെ നേതൃത്വത്തില്‍ പരിശീലനത്തിനായി ബ്ലാസ്‌റ്റേഴ്‌സ് തായ്‌ലന്റിലേക്കാണ് പറക്കുന്നത്. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പ്രാഥമിക പരിശീലനം അടുത്ത ആഴ്ച ആരംഭിക്കും. ഇതിന് ശേഷമാണ് കൊമ്പന്‍മാര്‍ കൊപ്പലിന്റെ നേതൃത്വത്തില്‍ വിദേശത്തേക്ക് പറക്കുന്നത്. മലയാളികൂടിയായ ബോളിവുഡ് സൂപ്പര്‍ താരം ജോണ്‍ എബ്രഹാമിന്റെ ടീമായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സി ദക്ഷിണാഫ്രിക്കയിലാണ് പരിശീലനം നിശ്ചയിച്ചിരിക്കുന്നത്. വിദേശ ക്ലബുകളുമായി പരിശീലന പ്രദര്‍ശന മത്സരങ്ങളില്‍ മാറ്റുരച്ച് മെയ്ക്കരുത്തും തന്ത്രങ്ങളും രാകിമിനുക്കാന്‍ ലക്ഷ്യമിട്ടാണ് ടീമുകള്‍ വിദേശത്തേക്ക് പറക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."