തെക്കോട്ടോടുമ്പോൾ സി.എൻ.ജി കിട്ടാക്കനി ; പുതിയ സ്റ്റേഷനുകൾ ആരംഭിക്കുന്നതിനും തടസം
ഫൈസൽ അസീസ്
കണ്ണൂർ • വാഹനങ്ങൾക്കുള്ള പ്രകൃതിവാതകത്തിന് കടുത്ത ക്ഷാമം നേരിട്ട് തെക്കൻ ജില്ലകളിലെ സി.എൻ.ജി (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) സ്റ്റേഷനുകൾ. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തേണ്ട പ്രകൃതിവാതകം കൃത്യസമയത്ത് സ്റ്റേഷനുകൾ വിതകരണത്തിന് എത്താത്തതിനാലാണു ഇന്ധനക്ഷാമം രൂക്ഷമാകുന്നത്. സംസ്ഥാനത്ത് നിലവിൽ നൂറിലധികം സി.എൻ.ജി ഫില്ലിങ് സ്റ്റേഷനുകളാണു പ്രവർത്തിക്കുന്നത്. ഇതിനുപുറമെ തെക്കൻ ജില്ലകളിൽ പുതിയ സ്റ്റേഷനുകളുടെ പ്രവൃത്തി പൂർത്തിയായെങ്കിലും ആവശ്യത്തിനുള്ള പ്രകൃതി വാതകം എത്താത്തതിനാൽ ഉദ്ഘാടനം ഇതുവരെ നടത്തിയിട്ടില്ല.
എറണാകുളം മുതൽ തിരുവനന്തപുരം വരെ എ.ജി ആൻഡ് പി എന്ന കമ്പനിയും എറണാകുളം മുതൽ കാസർകോട് വരെ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐ.ഒ.എ.ജി.പി.എൽ) ഗ്രൂപ്പും ചേർന്നാണു സംസ്ഥാനത്ത് സി.എൻ.ജി വിതരണം ചെയ്യുന്നത്. കഴിഞ്ഞ ദിവസവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ സി.എൻ.ജി ക്ഷാമം രൂക്ഷമായിരുന്നു.സി.എൻ.ജി വാഹനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് വാതക ഉൽപാദനം വർധിപ്പിക്കാത്തതാണ് ക്ഷാമം നേരിടാൻ കാരണമെന്ന് ഓൾ കേരളാ ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടോമി തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."