പ്രിയ വർഗീസിന്റെ നിയമനം പരാതിക്കാരന് കാലിക്കറ്റിൽ നിയമനം നൽകി ഗവർണറെ വെട്ടിലാക്കാൻ നീക്കം
തേഞ്ഞിപ്പലം • കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിച്ചതിനെതിരേ പരാതി നൽകിയ ഡോ.ജോസഫ് സ്‌കറിയയെ പരാതി പിൻവലിപ്പിച്ച് ഗവർണറെ വെട്ടിലാക്കാൻ സി.പി.എം നീക്കം തുടങ്ങി.
കാലിക്കറ്റ് സർവകലാശാല മലയാള പഠന വിഭാഗത്തിൽ പ്രൊഫസറാക്കാനാണ് നീക്കം. ഇടത് അധ്യാപക സംഘടനാംഗമായ ജോസഫ് സ്‌കറിയയുടെ യോഗ്യതകളെ മറികടന്നായിരുന്നു പ്രിയ വർഗീസിന് ഇന്റർവ്യൂവിൽ മാർക്ക് നൽകി നിയമനം നൽകിയിരുന്നത് എന്നാണ് പരാതി. കാലിക്കറ്റ് സർവകലാശാലയിൽ ജോസഫ് സ്‌കറിയ നൽകിയ അപേക്ഷയിൽ യോഗ്യതയിൽ കുറവുണ്ടെന്ന് കാണിച്ച് അപേക്ഷ നിരസിച്ചിരുന്നു. വീണ്ടും കോടതിയെ സമീപിച്ചതനുസരിച്ചായിരുന്നു ഇദ്ദേഹത്തിന്റെ അപേക്ഷ പരിഗണിച്ചിരുന്നത്. പ്രൊഫസർ നിയമന യോഗ്യതയിൽ ജോസഫ് സ്‌കറിയയായിരുന്നു ഒന്നാമൻ.
കഴിഞ്ഞ പതിനൊന്നിനു ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ ജോസഫ് സ്‌കറിയയുടെ പ്രൊഫസർ നിയമനത്തിന് അംഗീകാരം നൽകാൻ വൈസ് ചാൻസലർ നടത്തിയ നീക്കത്തെ സിൻഡിക്കേറ്റംഗങ്ങൾ ചോദ്യംചെയ്തു.
കോടതിയിൽ കേസുള്ളതിനാലും സെലക്ഷൻ കമ്മിറ്റിയിൽ ചർച്ച ചെയ്യാതെയുള്ള വി.സിയുടെ നീക്കത്തെ സിൻഡിക്കേറ്റംഗങ്ങൾ എതിർത്തതിനെ തുടർന്ന് അടുത്ത സിൻഡിക്കേറ്റിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
അടുത്ത സിൻഡിക്കേറ്റിൽ ജോസഫ് സ്‌കറിയയുടെ നിയമനത്തിന് അംഗീകാരം നൽകാനാണ് പാർട്ടി തലത്തിൽ സിൻസിക്കേറ്റംഗങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."