കടുത്ത @ സലീം കുമാര്
എം.ജെ ബാബു
കെ.എം സലിംകുമാറിന്റെ മനസിൽ ഇപ്പോഴും കാടാണ്. കാട്ടിലെ ജീവിതവും കാടിനുള്ളിൽ ജീവിക്കുന്ന ആദിവാസികളും അവർക്കു സമാനമായി നാട്ടിൽ വസിക്കുന്ന പട്ടികജാതിക്കാരുമാണ് ആ മനസ് നിറയെ. കാടുവിട്ട് നാട്ടിലെത്തിയ ശേഷം ഗോത്രം നൽകിയ കടുത്ത എന്ന സ്വന്തം നാമം ഉപേക്ഷിക്കപ്പെട്ടുവെങ്കിലും മനസു നിറയെ കടുത്ത എന്നപേരും കുഞ്ഞ് കടുത്തക്ക് ചുറ്റുമുണ്ടായിരുന്ന അന്തരീക്ഷവുമായിരുന്നു. എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാംവർഷ പ്രീഡിഗ്രി പഠനകാലത്താണ് കടുത്ത എന്ന പേര് ഉപേക്ഷിക്കാനുള്ള തീരുമാനം. അതും ഒരു രാഷ്ട്രീയപ്രവർത്തനമായിരുന്നു. എറണാകുളം കോസ്മോപൊളിറ്റൻ ഹോസ്റ്റലിലെ സഹപാഠികൾ, മുതിർന്ന വിദ്യാർഥികൾ തുടങ്ങിയവരുമായി നാളുകൾ നീണ്ട ചർച്ച. പേരുമാറ്റണോ, വേണ്ടയോ എന്നതായിരുന്നു ആദ്യ ചർച്ച. തുടർന്ന് എന്ത് പേരു വേണമെന്ന കാര്യത്തിൽ. ദലിത്-ആദിവാസി ചിന്തകനായി, അവരുടെ മുന്നണി പോരാളിയായി പോരാട്ടഭൂമികയിൽ നിൽക്കുേമ്പാഴും ഇദ്ദേഹം ആദിവാസിയാണോ എന്ന സംശയം ഉയരാൻ കാരണമായതും ഈ പേരുതന്നെ.
ഡോക്ടർ മോഹം, പക്ഷേ...
കുളമാവിനു സമീപം കരിപ്പലങ്ങാട് വനത്തിലെ ഊരാളി ആദിവാസി സേങ്കതത്തിൽ ജനിച്ച് ഡോക്ടറാകാൻ മോഹിച്ച് നക്സലൈറ്റ് പ്രവർത്തകനായി മാറിയ, അടിയന്തരാവസ്ഥയിൽ ജയിൽജീവിതം അനുഭവിച്ച് പിന്നീട് ദലിത്-ആദിവാസി പ്രവർത്തകനായി മാറിയ, മനുസ്മൃതി കത്തിച്ചതിലൂടെ രാജ്യമെങ്ങും അറിയപ്പെട്ട സലിംകുമാറിന്റെ ജീവിതം ഒറ്റ ഫ്രെയിമിൽ ഒതുങ്ങുന്നതല്ല. ഒാർമവയ്ക്കും മുമ്പേ പിതാവ് കുന്നത്ത് മാണിക്കനെ അർബുദം കൊണ്ടുപോയി. സമപ്രായക്കാരനായ പിതൃസഹോദരനെയും അർബുദം വിഴുങ്ങി. ജീവനുതുല്യം സ്നേഹിച്ച് തന്നോടൊപ്പം ഇറങ്ങിവന്ന പ്രിയപത്നി ആനന്ദവല്ലിയെ 2007 ജൂലൈ 26ന് അർബുദം കൊണ്ടുപോകുന്നത് കണ്ടുനിന്നു. ഒടുവിൽ തന്നെയും അർബുദം പിടികൂടി. എന്നിട്ടും തോൽക്കുന്നില്ല ഈ മനുഷ്യൻ, പോരാടുകയാണ്.
1949 മാർച്ച് പത്തിനാണ് ജനനം. പിതാവിന്റെ മരണത്തെ തുടർന്ന് അമ്മ കോത, കൊലുമ്പൻ പുത്തൻപുരക്കലിനെ വിവാഹം ചെയ്തു. വളർത്തച്ഛന്റെ സംരക്ഷണയിലാണ് വളർന്നത്. മകനെ സുഹൃത്തായി കണ്ട വളർത്തച്ഛൻ, കടുത്തയെ പഠിപ്പിച്ച് ഡോക്ടറാക്കണമെന്ന് ആഗ്രഹിച്ചാണ് നാളിയാനി ട്രൈബൽ സ്കൂളിൽ ചേർക്കുന്നത്. ഗോത്രഭാഷയും മലയാളവും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നതിനാൽ ഭാഷ വഴങ്ങാൻ ബുദ്ധിമുട്ടായി. പലരും പഠനം അവസാനിപ്പിച്ചു. കാടുകയറി തേനും വനവിഭവങ്ങളും ശേഖരിക്കലായിരുന്നു ഹോബിയെങ്കിലും അക്കാലത്ത് സ്കൂളിലുണ്ടായിരുന്ന അധ്യാപകൻ കുമാരൻ സമ്മതിച്ചില്ല. പഠനത്തിൽ സഹായിക്കാനോ സംശയങ്ങൾ തീർക്കാനോ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അക്ഷരമറിയാത്ത അവർക്കു മുന്നിൽ പുസ്തകവുമായി പോയിട്ടും കാര്യമില്ല. എങ്കിലും നാലാം ക്ലാസ് പൂർത്തീകരിച്ചു. അഞ്ചാം ക്ലാസിൽ പൂച്ചപ്ര യു.പി സ്കൂളിലാണ് ചേർത്തത്. അപ്പോഴേക്കും ഇംഗ്ലിഷും പാഠ്യവിഷയമായി. ഒട്ടും വഴങ്ങാത്ത അവസ്ഥ. പ്രധാനാധ്യാപകൻ ഹമീദ് മാഷിന്റെ പ്രോത്സാഹനമുണ്ടായിരുന്നുവെങ്കിലും അഞ്ചിൽ തോറ്റു. പഠനം അവസാനിപ്പിക്കാൻ വീട്ടുകാർ സമ്മതിച്ചില്ല. രണ്ടാം വർഷം അഞ്ചാം ക്ലാസ് വിജയിച്ചതോടെ സ്കൂൾ മാറ്റി, അറക്കുളത്തെ കോൺവെന്റിലേക്ക്.
പുതുലോകത്തേക്ക്
മലയിറക്കം
ജീവിതംതന്നെ മാറ്റിമറിക്കുന്നതായിരുന്നു ആ സ്കൂൾകാലം. വീട്ടിൽനിന്ന് രണ്ടുമണിക്കൂർ നടത്തം, സ്കൂളിലെത്താൻ. തിരിച്ചും ഇതേയവസ്ഥ. കൂട്ടിനാരുമില്ല. തന്റെ ഗോത്രത്തിൽനിന്ന് മറ്റാരും ആ സ്കൂളിൽ ഇല്ല. ആറിൽ ജയിക്കാൻ കഴിഞ്ഞില്ല. എന്നാൽ, പിറ്റേ വർഷം ചില കൂട്ടുകാരൊക്കെയായി. അക്കാലത്താണ് കുളമാവ് റോഡിന്റെ നിർമാണം ആരംഭിക്കുന്നത്. ഷെഡ് കെട്ടി താമസിക്കുന്ന പണിക്കാർ എന്തെങ്കിലും സാധനങ്ങൾ വാങ്ങാനുണ്ടെങ്കിൽ ഏൽപ്പിക്കും. തൊഴിലാളികൾക്കുള്ള പത്രം മൂലമറ്റത്തുനിന്ന് വാങ്ങിക്കൊണ്ടുപോകാനുള്ള ചുമതലയും ഏൽപ്പിക്കപ്പെട്ടു. അങ്ങനെയാണ് പത്രവായന തുടങ്ങുന്നത്. പിന്നെ, പുസ്തകവായനയും സജീവമായി. അപ്പോഴേക്കും മൂലമറ്റം ഹൈസ്കൂളിൽ എത്തിയിരുന്നു. ചെറിയ രീതിയിൽ എഴുതാനും പ്രസംഗിക്കാനും തുടങ്ങിയതും ഹൈസ്കൂൾ പഠനകാലത്താണ്.
1967ലാണ് എസ്.എസ്.എൽ.സി ജയിക്കുന്നത്. 296 മാർക്കുണ്ടായിരുന്നു. മഹാരാജാസ് കോളജിൽ ചേരണമെന്ന് നിർദേശിച്ചതും വേണ്ട സഹായം ചെയ്തതും പൂച്ചപ്രയിലെ പി.കെ ഗോപാലനാണ്. രണ്ടാം ഗ്രൂപ്പെടുത്ത് പ്രീഡിഗ്രിക്ക് ചേർന്നു. സത്യത്തിൽ മലയിറക്കമായിരുന്നു അത്. തീരെ പരിചയമില്ലാത്ത പുതിയൊരു ലോകത്താണ് എത്തിപ്പെട്ടത്. ആദ്യ മൂന്നുമാസം മാരുതി ലോഡ്ജിലായിരുന്നു താമസം. പിന്നീടാണ് ഹോസ്റ്റലിൽ മുറി കിട്ടിയത്.
നക്സലിസത്തിലേക്ക്
നാഗരിക ജീവിതത്തിലെ ഒറ്റപ്പെടൽ വല്ലാത്തൊരു ഭീതിയാണ് നൽകിയത്. കൂട്ടുകൂടിയാൽ പേടിമാറ്റാമെന്ന തോന്നലിൽ നിന്നാണ് കൂട്ടുകാരെ തേടിയത്. അതു ജീവിതത്തിന്റെ വഴികൂടിയായിരുന്നു. അവിടെയും കറുത്തവരെയാണ് കൂട്ടിനു കിട്ടിയത്. ആ കൂട്ടുകെട്ടിൽ നിന്നാണ് സാമൂഹ്യബോധത്തിലേക്കും സാമൂഹ്യചിന്തയിലേക്കും വരുന്നത്. കോളജിൽ എത്തിയപ്പോഴും വായന വിട്ടില്ല. രണ്ടാം വർഷത്തിൽ എത്തിയപ്പോൾ എറണാകുളത്ത് നടക്കുന്ന എല്ലാ സമ്മേളനങ്ങളും പ്രസംഗങ്ങളും കേൾക്കാൻ പോയി. പരിവർത്തനവാദി നേതാവ് എം.എ ജോണിന്റെ ചിന്തകൾ സ്വാധീനിക്കപ്പെട്ടു.
പ്രീഡിഗ്രി ജയിച്ചതോടെ മഹാരാജാസിൽ തന്നെ സുവോളജിക്ക് ചേർന്നു. എസ്.എഫ്.ഐ നടത്തുന്ന സമരങ്ങളിലൊക്കെ സജീവമായി. മർദിതർക്കൊപ്പം എന്ന നിലപാടായിരുന്നു എസ്.എഫ്.ഐക്കൊപ്പം സഹകരിക്കാൻ കാരണം. എം.എ ജോൺ പ്രസിദ്ധീകരിച്ചിരുന്ന ‘നിർണയ’ത്തിലൂടെയാണ് നക്സൽ പ്രസ്ഥാനത്തെ കുറിച്ചും എ.എക്സ് വർഗീസിനെക്കുറിച്ചും അറിയുന്നത്. വയനാട്ടിലെ ആദിവാസികൾക്ക് എതിരായ പൊലിസ് നീക്കവും അറിഞ്ഞതോടെ നക്സൽ സംഘടനയെ കൂടുതൽ പഠിച്ചു. ഭേദം നക്സലാണെന്ന ചിന്തയിലെത്തി. രണ്ടാംവർഷ ബിരുദപരീക്ഷാ സമയത്താണ് പൊലിസ് പിടികൂടുന്നത്. ക്രൂരമായ മർദനമായിരുന്നു. വീട്ടിൽനിന്ന് ഏറെ അകലെയായിരുന്നതിനാൽ ഇതൊന്നും അവിടെ അറിയുന്നുണ്ടായിരുന്നില്ല. അതിനാൽതന്നെ നിയന്ത്രിക്കാൻ ആരുമുണ്ടായിരുന്നില്ല. 1970-71ൽ പഠനം അവസാനിപ്പിച്ചു, ബിരുദം പൂർത്തിയാക്കാതെ. കെ. വേണുവിന്റെ നക്സൽ സംഘടനയുമായി ബന്ധപ്പെട്ട് സംഘാടകരിൽ ഒരാളായി പ്രവർത്തിച്ചു.
അടിയന്തരാവസ്ഥ
അടിയന്തരാവസ്ഥ പ്രഖ്യാപനം വരെ സംഘടനാ പ്രവർത്തനവുമായി അദ്ദേഹം മുന്നോട്ടുപോയി. അടിയന്തരാവസ്ഥയിൽ പൊലിസ് പിടികൂടി. കോട്ടയത്തെ ക്യാംപിൽ ക്രൂരമർദനമായിരുന്നു എല്ലാ ദിവസവും. പിന്നീട് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. വി.എസ് അച്യുതാനന്ദൻ, ഒ. രാജഗോപാൽ, ആനത്തലവട്ടം ആനന്ദൻ തുടങ്ങിയവരൊക്കെ ഉണ്ടായിരുന്നു. ആർ.എസ്.എസ്, നക്സൽ സംഘടനകളിൽപ്പെട്ടവരെ സി ക്ലാസ് തടവുകാരായാണ് കണക്കാക്കിയത്. വായിക്കാൻ പുസ്തകങ്ങളൊന്നും തരില്ല. ജയിൽമോചിതനായ ശേഷം എറണാകുളം കേന്ദ്രമായി പ്രവർത്തിച്ചു തുടങ്ങി. ‘രക്തപതാക’ എന്നപേരിൽ പ്രസിദ്ധീകരണം ആരംഭിച്ചു. പ്രസ്ഥാനത്തിലുണ്ടായ പിളർപ്പിനെ തുടർന്ന് പ്രസിദ്ധീകരണം നിലക്കുന്നതുവരെ എറണാകുളമായിരുന്നു താവളം.
ആനന്ദവല്ലി ജീവിതത്തിലേക്ക്,
കർഷകവേഷത്തിൽ സലിംകുമാറും
1980, സലിംകുമാറിന്റെ വ്യക്തിജീവിതത്തിൽ വലിയൊരു മാറ്റമുണ്ടായ വർഷം. തലയോലപറമ്പ് സ്വദേശിനിയായ ആനന്ദവല്ലി ജീവിതസഖിയായി എത്തി. ഒരിക്കൽ അവരുടെ വീട്ടിൽ ചെന്നപ്പോൾ അവർ ഇങ്ങോട്ട് ചോദിക്കുകയായിരുന്നു, തന്നെ വിവാഹം കഴിക്കുമോയെന്ന്. മനുഷ്യബന്ധങ്ങളുടെ പുനരാവിഷ്കരണമാണ് ജീവിതമെന്ന മാർക്സിയൻ പാഠമാണ് അന്നേരം മനസിൽ വന്നത്. ബന്ധങ്ങൾ ഉപേക്ഷിച്ച് തന്നോടൊപ്പം വന്ന ആനന്ദവല്ലിക്കൊപ്പം കരിപ്പലങ്ങാടിലേക്ക് വന്നു. കുടുംബവുമായി വന്നതോടെ വളർത്തച്ഛനും രണ്ടു മക്കളും മറ്റൊരു വീടുവച്ചു. ഒരുമിച്ച് താമസിക്കാമെന്ന് നിർബന്ധിച്ചുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഒരു തുണ്ട് ഭൂമിപോലുമില്ലാതിരുന്ന ആനന്ദവല്ലിയെ കരിപ്പലങ്ങാടിലെ ഭൂമിയുടെ ഉടമയാക്കി. അവിടെ സലിംകുമാർ കർഷകത്തൊഴിലാളിയായി മാറി. വിളകളിൽനിന്ന് ലഭിക്കുന്ന വരുമാനം അവരെ ഏൽപ്പിച്ചു. പിന്നീട് അവർ കരിപ്പലങ്ങാട് തന്നെ ഒരു കടമുറിയെടുത്ത് ടെക്സ്റ്റൈൽസ് ആരംഭിച്ചു. മക്കളിൽ ഒരാളെ ഡോക്ടറാക്കണമെന്നും മറ്റൊരാളെ വക്കീലാക്കണമെന്നതും അവരുടെ ആഗ്രഹമായിരുന്നു. ഇതിനിടെയാണ് പ്രസ്ഥാനത്തിലെ മറ്റൊരു പിളർപ്പ്. അതിനു ശേഷമാണ് പട്ടികജാതി-വർഗ മേഖലയിൽ പ്രവർത്തിക്കുന്നതിന് ചുമതലപ്പെടുത്തിയത്. അധഃസ്ഥിത നവോത്ഥാന മുന്നണി രൂപികരിച്ച് അതിന്റെ ചുമതലക്കാരനായി.
മനുസ്മൃതി കത്തിക്കുന്നു
രാജ്യത്താകമാനം ജാതിസംവരണം രാഷ്ട്രീയവിഷയമായി മാറുന്ന കാലഘട്ടം. സാമ്പത്തിക സംവരണ വാദത്തിലൂടെ ഹിന്ദുത്വവാദം ശക്തിപ്പെടുന്നു. സംവരണവിരുദ്ധ കലാപത്തെ വാക്കുകൾകൊണ്ട് പോലും ചോദ്യം ചെയ്യുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് മനുസ്മൃതി കത്തിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. അധഃസ്ഥിതരെയും സ്ത്രീകളെയും അടിച്ചമർത്തുന്ന സവർണ മേധാവിത്വത്തിന്റെ നീതിശാസ്ത്രമായ മനുസ്മൃതി കത്തിക്കുന്നുവെന്ന മുദ്രാവാക്യമുയർത്തി കാസർകോട്ടുനിന്ന് ജാഥ നയിച്ചു. 1989 സെപ്റ്റബർ ഒന്നിന് വൈക്കത്തുവച്ച് മനുസ്മൃതി കത്തിച്ചു. എറണാകുളത്തു നടന്ന യാഗത്തിനെതിരേ വൈക്കത്ത് നിന്ന് ജാഥയും നയിച്ചു. ബാബരി മസ്ജിദ് വിഷയത്തിൽ ഹൈന്ദവ ആധിപത്യത്തിന് എതിരേയും ജാഥ സംഘടിപ്പിച്ചു.
ഇതിനിടെ ഡോ. അംബേദ്കറിനെ കൂടുതൽ പഠിച്ചു. അതോടെ പൂർണമായും രാഷ്ട്രീയം വിട്ടു. പിന്നീടാണ് പട്ടികജാതിക്കാരെ ഒന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ദലിത് ഐക്യസമിതി രൂപീകരിച്ചത്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരികെ ലഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് 1990കളിൽ ആദിവാസി ഏകോപന സമിതി രൂപീകരിക്കുന്നത്. ദലിത് ഐക്യശബ്ദത്തിന്റെ എഡിറ്ററായും പ്രവർത്തിച്ചു. ഇപ്പോൾ ദലിത് ത്രൈമാസികയുടെ എഡിറ്ററാണ്.
രോഗം തളർത്താത്ത വീര്യം
ഭാര്യയുടെ മരണമാണ് ഈ മനുഷ്യനെ ആദ്യം തളർത്തിയത്. ശ്വാസകോശത്തിന്റെ ഒരു ഭാഗം പകുതിയിലേറെ രോഗത്തിന്റെ പിടിയിലായ ശേഷമാണ് തിരിച്ചറിഞ്ഞത്. വർഷങ്ങളോളം കോട്ടയം മെഡിക്കൽ കോളജിലായിരുന്നു ചികിത്സ. കാൻസർ വാർഡിൽ നിന്നാണ് നിയമ വിദ്യാർഥിനിയായിരുന്ന മകൾ ബുദ്ധ രണ്ടുവർഷം കോളജിൽ പോയത്. മകൻ ഭഗത് ആ സമയത്ത് തിരുവനന്തപുരം ആയുർവേദ കോളജിൽ പഠിക്കുകയായിരുന്നു. തുടർന്നുള്ള ഒറ്റപ്പെടലിന്റെ കാലത്താണ് സലിംകുമാറിനെയും രോഗം പിടികൂടുന്നത്. കടുത്ത പല്ലുവേദനയെ വേദനസംഹാരികളുടെ സഹായത്തോടെ നിയന്ത്രിച്ചുവെങ്കിലും മരിച്ചുപോയ മാതാപിതാക്കളെയും കൊച്ചച്ഛനെയും ഭാര്യയെയും സ്വപ്നംകണ്ടു തുടങ്ങിയതോടെയാണ് ദന്തഡോക്ടറുടെ മുന്നിലെത്തിയത്. ചികിത്സകൾക്കിടയിൽ അവരാണ് നിർദേശിച്ചത് ഇന്നുതന്നെ, അല്ലെങ്കിൽ നാളെ കാൻസർ വിദഗ്ധനെ കാണണമെന്ന്. അടുത്ത ദിവസം ഡോ. വി.പി ഗംഗാധരനെ കണ്ടു. കീമോ, സർജറി, റേഡിയേഷൻ ചികിത്സ വിധിച്ചു. സർജറിക്കായി കോട്ടയം കാരിത്താസിൽ എത്തിയപ്പോൾ ഡോ. ജോജോ ചോദിച്ചു: അസുഖം എന്തെന്ന് അറിയാമോ? കാൻസർ ആണെന്നാണ് പറയുന്നത്-മറുപടി നൽകി. സർജറി നടത്താം, ഒരു കണ്ണ് നഷ്ടപ്പെടും.
സർജറി കഴിഞ്ഞ് പുറത്തിറങ്ങിയ ഡോ. ജോജോ വിവരങ്ങളറിയാൻ കാത്തുനിന്നവരിൽനിന്ന് മകളെ വിളിച്ച് ആദ്യമായി പറഞ്ഞത് കണ്ണു നഷ്ടമായില്ലെന്നാണ്. കണ്ണിനെ താങ്ങിനിർത്തുന്ന എല്ലിലായിരുന്നു രോഗം. പിന്നീട് അദ്ദേഹം നേരിട്ട് പറഞ്ഞു, പല്ലുവച്ചാൽ സംസാരിക്കാം. ശരീരത്തിന് അൽപം വിശ്രമം നൽകിയ ശേഷമായിരുന്നു റേഡിയേഷൻ. 32 റേഡിയേഷനാണ് നിശ്ചയിച്ചത്. റേഡിയേഷൻ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ക്ഷയിച്ച ശരീരവുമായി കിടപ്പിലായി. പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത ദിനങ്ങൾ. ഭക്ഷണം ട്യൂബിലൂടെ. രണ്ടുമാസത്തോളം ഒന്നിനും കഴിഞ്ഞില്ല. വൈറ്റിലയിൽ ആശുപത്രിക്കടുത്ത് വാടകവീട്ടിലായിരുന്നു താമസം. അന്വേഷിച്ച് വരുന്നവരോട് മനസു തുറന്ന് സംസാരിച്ച് വായയെ വരുതിയിലാക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് എറണാകുളത്ത് ഫിഫ്ത് എസ്റ്റേറ്റ് യോഗത്തിലേക്ക് കെ. വേണു വിളിച്ചത്. ഒഴിവാകാൻ ശ്രമിച്ചുവെങ്കിലും വീണ്ടും വിളിച്ചപ്പോൾ പോകാതിരിക്കാൻ കഴിഞ്ഞില്ല. ട്യൂബ് ഘടിപ്പിച്ച വയറും ശരീരത്തിന്റെ ബലക്ഷയവും എപ്പോഴും തൊട്ടുനനക്കേണ്ട വായയുമായി സദസിന്റെ പിന്നിൽ ഇരുപ്പുറപ്പിക്കാൻ ശ്രമിച്ചുവെങ്കിലും വേണു ഇറങ്ങിവന്ന് അധ്യക്ഷവേദിയിൽ പിടിച്ചിരുത്തി. മനസ് ചിരിച്ചുവെങ്കിലും വായ തുറക്കാനാകാതെ ആ സമ്മേളനത്തിൽ സംബന്ധിച്ചു. പിന്നെ പതുക്കെപ്പതുക്കെ ജീവിതത്തിലേക്ക്, എഴുത്തിലേക്ക്, വായനയിലേക്ക് മടങ്ങിവന്നു. ഇപ്പോൾ ആത്മകഥ എഴുതുന്ന തിരക്കിലാണ്.
•
ശേഷം പേജ് രണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."