ദലിത് ഉദ്യോഗാർഥിയുടെ പരാതി ഒന്നര വർഷമായി ഫയലിൽ തിസീസ് കോപ്പിയടിച്ചയാൾ ഇപ്പോഴും അസി. പ്രൊഫസർ
തേഞ്ഞിപ്പലം • കാലിക്കറ്റ് സർവകലാശാലയിലെ അസിസ്റ്റൻ്റ് പ്രൊഫസർക്കെതിരേ ദലിത് ഉദ്യോഗാർഥി നൽകിയ പരാതി ഗവർണർ ഒന്നര വർഷം കഴിഞ്ഞിട്ടും പരിഗണിക്കാതെ ഫയലിൽ തന്നെ കെട്ടിവച്ചിരിക്കുന്നതായി ആക്ഷേപം.
2021 ഫെബ്രുവരിയിൽ സർവകലാശാല അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിലേക്ക് നടത്തിയ നിയമനത്തിൽ റഷ്യൻ ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ വകുപ്പിൽ യോഗ്യരായവരെ തഴഞ്ഞ് പി.എച്ച്.ഡി തിസീസ് കോപ്പിയടിച്ച വ്യക്തിയെ നിയമിച്ചതിനെതിരേ ചാൻസലറായ ഗവർണർക്ക് ഡോ. പി.സി ആൻസി ഭായ് 2021 ഫെബ്രുവരി മൂന്നിന് നൽകിയ പരാതിയിൽ യാതൊരു നടപടിയുമെടുത്തില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല പരാതിക്ക് മറുപടി പോലും നൽകിയില്ലെന്നും പറയുന്നു.
2011ൽ നിലവിലെ അസി. പ്രൊഫസർ സമർപ്പിച്ച തിസീസിൽ 70 ശതമാനത്തോളം കോപ്പിയടി കണ്ടെത്തിയതായി ആരോപണമുയർന്നിരുന്നു. ജനുവരി 2016 മുതൽ സാഹിത്യമോഷണം (പ്ലാജറിസം) പരാതി ഉയർന്നതിനെ തുടർന്ന് സർവകലാശാല റിസർച്ച് ഡയരക്ടറേറ്റ് മൂന്ന് അധ്യാപകരുൾപ്പെടുന്ന അന്വേഷണ സമിതിയുണ്ടാക്കി. ഡോ. എം.എം ബഷീർ, ഡോ. നാഗേന്ദ്ര ശ്രീനിവാസ്, ഡോ. ജാനകി ശ്രീധർ എന്നിവർ ഇതനുസരിച്ച് അന്വേഷണം നടത്തി 2016 മാർച്ച് അഞ്ചിന് യോഗം ചേർന്ന് തയാറാക്കിയ റിപ്പോർട്ടിൽ തിസീസ് കോപ്പിയടിച്ചതായി കണ്ടെത്തുകയും ചെയ്തു.
2016 ഡിസംബർ മൂന്നിനു ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലും തിസീസ് കോപ്പിയടിച്ചെന്ന റിപ്പോർട്ട് വന്നിരുന്നുവെങ്കിലും നടപടിയെടുക്കാതെ സിൻഡിക്കേറ്റ് ഒഴിഞ്ഞുമാറി. ഇതിനിടയിൽ അന്വേഷണ സമിതി റിപ്പോർട്ടിൽ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് ആരോപണ വിധേയയായ നിലവിലെ അസി. പ്രൊഫസർ കോടതിയെ സമീപിച്ചു.
തുടർ നടപടികൾ സ്വീകരിക്കില്ലെന്ന് സർവകലാശാല കോടതിക്ക് സത്യവാങ്മൂലവും നൽകിയതോടെ കോപ്പിയടി വിവാദം മുങ്ങിപ്പോയി. പി.എച്ച്.ഡി തിസീസിലെ കോപ്പിയടി പരിശോധിക്കുന്നതിനുള്ള ഉത്തരവ് സർവകലാശാലയിൽ നടപ്പാക്കുന്നതിന് മുമ്പാണ് താൻ തിസീസ് സമർപ്പിച്ചതെന്ന അസിസ്റ്റന്റ് പ്രൊഫസറുടെ വാദം അംഗീകരിച്ചാണ് സർവകലാശാല നടപടികൾ നിർത്തി വെച്ചത്. തിസീസ് കോപ്പിയടിച്ചയാൾക്ക് അധ്യാപക നിയമനം നൽകിയതിനെതിരേ സേവ് യൂനിവേഴ്സിറ്റി കാംപയിനും ഗവർണർക്ക് പരാതി നൽകിയിരുന്നു.
എസ്.സി വിഭാഗത്തിനുള്ള ഫെലോഷിപ്പ് ഉൾപ്പെടെ വാങ്ങിയാണ് പി.സി ആൻസി ഭായ് പി.എച്ച്.ഡി പൂർത്തീകരിച്ച് കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ നൽകിയിരുന്നത്. ഹൈദരാബാദ് സർവകലാശാലയിൽനിന്ന് പി.എച്ച്.ഡി പൂർത്തിയാക്കിയ ആൻസി ഭായിക്ക് അന്തർദേശീയ നിലവാരമുള്ള നിരവധി പേപ്പറുകൾ ഉണ്ടായിരുന്നതിനാൽ നിയമനം യഥാക്രമം നടത്തുകയാണെങ്കിൽ ആരോപണവിധേയക്ക് പകരം ഈ ദലിത് ഉദ്യോഗാർഥിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്.
സർക്കാരിൽ നിന്നും സർവകലാശാല സിൻഡിക്കേറ്റിൽ നിന്നും നീതി കിട്ടാതായതോടെ കോടതിയെ സമീപിച്ച് നീതിക്ക് വേണ്ടി കാത്തിരിക്കുകയാണ് ഈ ദലിത് പെൺകുട്ടി.
കണ്ണൂർ സർവകലാശാലയിലെ വിവാദ നിയമനങ്ങൾക്കെതിരേ പ്രതികരിക്കുന്ന ഗവർണർ കാലിക്കറ്റ് സർവകലാശാലയിലെ വിവാദ നിയമനത്തിനെതിരേ നൽകിയ പരാതിയിൽ തീർപ്പുകൽപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഈ ദലിത് ഉദ്യോഗാർഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."