അപകീര്‍ത്തിക്കേസ്: ജയലളിതയ്ക്ക് സുപ്രിംകോടതിയുടെ നിശിത വിമര്‍ശനം
ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് സുപ്രിംകോടതിയുടെ നിശിത വിമര്‍ശനം. മാനനഷ്ടക്കേസുകളെ മറ്റുള്ളവര്‍ക്കെതിരെയുള്ള ആയുധമാക്കരുതെന്നും പൊതുപ്രവര്‍ത്തകര്‍ വിമര്‍ശനമേറ്റുവാങ്ങാന്‍ തയാറാവണമെന്നും കോടതി വ്യക്തമാക്കി. അപകീര്‍ത്തിക്കേസുകള്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യാന്‍ ഉപയോഗിക്കരുതെന്നും കോടതി അവരെ ഓര്‍മിപ്പിച്ചു.
തന്റെ ആരോഗ്യനിലയെക്കുറിച്ചു ലേഖനം എഴുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റെഡിഫ് ഡോട്ട് കോമിനെതിരേ ജയലളിത നല്‍കിയ മാനനഷ്ട കേസിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന അത്രയും മാനനഷ്ടക്കേസുകള്‍ മറ്റൊരു സര്‍ക്കാരും നല്‍കിയിട്ടില്ലെന്നു വ്യക്തമാക്കിയ ജസ്റ്റിസുമാരായ ദീപക് മിശ്രയും ആര്‍.എഫ് നരിമാനും ഉള്‍പ്പെട്ട ബഞ്ച് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 213 മാനനഷ്ടക്കേസുകളാണ് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയതെന്നുപറഞ്ഞു. മാനനഷ്ടകേസ് ഫയല്‍ ചെയ്യാനുള്ള അവകാശം പൊതുപ്രവര്‍ത്തകര്‍ ദുരുപയോഗം ചെയ്യുന്നത് ആശാസ്യമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ അപകീര്‍ത്തിക്കേസിനു പിന്നാലെ പോവുന്നതിനു പകരം നല്ല ഭരണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. പൊതുപ്രവര്‍ത്തകര്‍ക്ക് അസഹിഷ്ണുത പാടില്ല. അവര്‍ വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളാന്‍ തയാറാവണം. അപകീര്‍ത്തി കേസുകളെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. സര്‍ക്കാരിനേയും ഉദ്യോഗസ്ഥരേയും വിമര്‍ശിക്കുന്നതിന് എതിരായ കേസുകള്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും കോടതി മുന്നറിയിപ്പുനല്‍കി. അപകീര്‍ത്തി കേസുകള്‍ക്കായി സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന ഏക സംസ്ഥാനം തമിഴ്‌നാടാണെന്നു ജയലളിതയെ കോടതി ഓര്‍മിപ്പിച്ചു. കേസ് അടുത്ത മാസം 22ന് വീണ്ടും പരിഗണിക്കും.
ജയലളിതയേയും സര്‍ക്കാരിനേയും വിമര്‍ശിച്ചതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയകാന്തിനെതിരേ 28 കേസുകളാണ് ഉള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളിവില്‍ ജയലളിത ഫയല്‍ചെയ്ത അപകീര്‍ത്തി കേസുകളില്‍ 55 എണ്ണം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും 85 എണ്ണം ഡി.എം.കെ നേതാക്കള്‍ക്കും എതിരേയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."