ഇ.ഡിയുടെ അധികാരങ്ങള്‍ ശരിവച്ച് വിധി പുനഃപരിശോധിക്കുമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ വിപുലമായ അധികാരങ്ങള്‍ ശരിവച്ച വിധി പുനഃപരിശോധിക്കാമെന്ന് സുപ്രിം കോടതി. ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട കര്‍ശന വ്യവസ്ഥകളും, അന്വേഷണത്തിന്റെ ഭാഗമായി ഇഡി തയ്യാറാക്കുന്ന പ്രഥമവിവര റിപ്പോര്‍ട്ട് ആരോപണം നേരിടുന്ന വ്യക്തിക്കോ പ്രതികക്കോ നല്‍കേണ്ടതില്ലെന്ന നിര്‍ദേശവും പുനപരിശോധിക്കും. കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം നല്കിയ പുനഃപരിശോധനാ ഹരജിയിലാണ് നടപടി.
പുതിയ ബെഞ്ച് രൂപീകരിക്കും. ബന്ധപ്പെട്ടവര്‍ക്ക് നോട്ടിസ് അയക്കുമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഒരാള്‍ ആരോപണ വിധേയനാണെങ്കില്‍ ആരോപണ വിധേയനല്ല എന്ന് തെളിയിക്കേണ്ടത് ആരോപണം നേരിടുന്ന ആളുടെ ഉത്തരവാദിത്വമാണെന്ന നിര്‍ദേശവും പുനഃപരിശോധിക്കും.
എന്‍ഫോഴ്സ്മെന്റ് ഡയരക്ട്രേറ്റിന് വിപുലമായ അധികാരങ്ങള്‍ നല്കുന്ന കള്ളപ്പണ നിരോധന നിയമത്തിലെ ഭേദഗതി ജൂലൈ 27ലെ വിധിയിലൂടെയാണ് സുപ്രിം കോടതി ശരിവച്ചത്.
പിന്നാലെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തില്‍ വിധി പുനപരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് എം .പി കാര്‍ത്തി ചിദംബരം അടക്കം കോടതിയെ സമീപിച്ചു. ചേംബറില്‍ പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്ന പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ കോടതി സമ്മതിക്കുകയായിരുന്നു.
ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി.ടി രവികുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഇഡിയുടെ അധികാരങ്ങള്‍ ശരിവച്ചത്. ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ വിരമിച്ചതോടെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ ബെഞ്ചിന്റെ ഭാഗമായി. ചീഫ് ജസ്റ്റിസ് എന്‍.വി രമണ വിരമിക്കുന്ന സാഹചര്യത്തില്‍ പുതിയ ജഡ്ജി ഉള്‍പ്പെട്ട ബെഞ്ചാകും പുനഃപരിശോധനയില്‍ വാദം കേള്‍ക്കുക. പുനപരിശോധനയെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."