ഒന്നിനകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി
കൊച്ചി • കെ.എസ്.ആര്‍.ടിസിയിലെ ജീവനക്കാര്‍ക്ക് സെപ്റ്റംബര്‍ ഒന്നിനകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. 103 കോടി ഇതിനായി സര്‍ക്കാര്‍ കെ.എസ്.ആര്‍.ടിസിക്ക് അടിയന്തരമായി നല്‍കാനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. ജൂലൈ, ഒാഗസ്റ്റ് മാസത്തെ ശമ്പളവും ബോണസും ഉള്‍പ്പടെ നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ അനുവദിക്കുന്ന തുക കെ.എസ്.ആര്‍.ടി.സിയുടെ ആസ്തിയില്‍ നിന്ന് തിരികെ പിടിക്കാനാകുമെന്നും ജീവനക്കാര്‍ക്ക് പട്ടിണി ഓണം ഉണ്ടാവരുതെന്നും കോടതി നിര്‍ദേശിച്ചു.
ശമ്പളം യഥാസമയം നല്‍കാത്തതിനെതിരേ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. ഹരജി സെപ്റ്റംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കാനായി മാറ്റി. കെ.എസ്.ആര്‍.ടി.സിയെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങള്‍ക്കായി 250 കോടി കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ധനകാര്യ മന്ത്രായലയത്തിന്റെ എതിര്‍പ്പാണ് പണം അനുവദിക്കാന്‍ കാലതാമസമുണ്ടാകുന്നതിന് കാരണമെന്നും അഭിഭാഷകന്‍ അറിയിച്ചു.
കെ.എസ്.ആര്‍.ടി.സിയുടെ ആസ്തി നിര്‍ണയിക്കാനുള്ള ഓഡിറ്റിങ് ആരംഭിച്ചതായും സിംഗിള്‍ ഡ്യൂട്ടി എന്ന ആവശ്യം തൊഴിലാളി യൂനിയനുകള്‍ അംഗീകരിക്കാതെ സര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കില്ലെന്നും കെ.എസ്.ആര്‍.ടി.സി സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. സിംഗിള്‍ ഡ്യൂട്ടി ആവശ്യം ഇതുവരെ തൊഴിലാളി യൂനിയന്‍ നേതാക്കള്‍ അംഗീകരിച്ചിട്ടില്ല. ദിവസ വേതനക്കാരുടെ ശമ്പളം വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സഹായമില്ലാതെ മറ്റ് ജീവനക്കാരുടെ ശമ്പളം നല്‍കാനാകില്ലെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."