അബ്സാർ ആലം ബിഹാറിലെ കേരള മുസ്ലിം മോഡൽ
ബിഹാറിൽ നിന്നൊരാൾ കേരളത്തിലേക്ക് വരുന്നു. കേരളത്തിലെ മതസ്ഥാപനങ്ങളും പൊതുസംരംഭങ്ങളും ജീവിതരീതിയും വിദ്യാഭ്യാസപ്രവർത്തനങ്ങളും നേരിൽ കാണുന്നു. തന്റെ നാടും താൻ വന്നിരിക്കുന്ന നാടും തുലനം ചെയ്തു നോക്കുമ്പോൾ അജഗജാന്തരം അനുഭവപ്പെടുന്നു. തിരിച്ച് ബിഹാറിലെത്തിയ ശേഷം ആലോചനകളുടെ ഭാരത്താൽ ആ മനസ്സ് പെരുകുന്നു. കേരളത്തിൽ നിന്നൊരു പ്രതിനിധി സംഘത്തെ ബിഹാർ സന്ദർശിക്കാൻ നിരന്തരം വിളിച്ചു ശല്യപ്പെടുത്തുന്നു. ഒരു സാർഥവാഹകസംഘമവിടെ ചെല്ലുന്നു. വിദ്യാഭ്യാസത്തിന്റെ വിഷയത്തിൽ വരണ്ട മണ്ണായ അവിടം പലതും ചെയ്യാനുണ്ടെന്ന ആത്മഗതത്തോടെ തിരിച്ചുവരുന്നു. ആ ഒരേയൊരു മനുഷ്യന്റെ ആത്മബലത്തിന്റെ കരുത്തിൽ സംഘം വീണ്ടും ചെല്ലുന്നു. ആളുകളെ കാണുന്നു, ഒരുമിച്ചുകൂട്ടുന്നു, മാറ്റങ്ങളുടെ ആവശ്യകത ബോധ്യപ്പെടുത്തുന്നു, പതിയെപ്പതിയെ ആളുകൾ അതിലേക്ക് അടുക്കുന്നു. പ്രാഥമിക മക്തബുകൾ സ്ഥാപിക്കുന്നതോടെ ആ മാറ്റങ്ങൾ തുടങ്ങുന്നു. സമൂലമായ മാറ്റങ്ങൾ സ്വപ്നം കണ്ട് ഖുർത്വുബ എന്ന വലിയൊരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നു. ക്രമാതീതമായി മക്തബുകളുടെ എണ്ണവും ഖുർത്വുബയുടെ യശസ്സും ഉയരുന്നു. അഞ്ചു വർഷങ്ങൾ കൊണ്ട് സാധ്യമാക്കിയ സമൂലമായ മാറ്റങ്ങൾ കൺകുളിർക്കെ കാണെ, വലിയ സ്വപ്നങ്ങൾ ഇനിയും ബാക്കിയാക്കി ആ മനുഷ്യൻ അല്ലാഹുവിലേക്ക് ചേരുന്നു. അതായിരുന്നു അബ്സാർ ആലം സിദ്ദീഖിയെന്ന അബ്സാർ ഭായ്.
കിഷൻഗഞ്ചിൽ ആദ്യമായി എത്തിയതു മുതൽ അവസാനകാലം വരെ ബിഹാറിൽ, തന്റെ ജില്ലയായ കിഷൻഗഞ്ചിൽ വരേണ്ട മാറ്റങ്ങളെക്കുറിച്ച് സുന്ദരമായ സ്വപ്നങ്ങൾ പങ്കുവച്ച് അതിനുവേണ്ടി രാപകൽ ഭേദമന്യേ ഓടിനടന്നൊരാളായിരുന്നു അബ്സാർ. കേരളത്തിൽ നിന്ന് ദൂരം താണ്ടി കിഷൻഗഞ്ചിൽ എത്തിയവരാരും തന്നെ ആ ആതിഥ്യം അനുഭവിക്കാതെ പോയിട്ടുണ്ടാവില്ല. അത്രയേറെ സൽക്കാരപ്രിയനായിരുന്നു. പാണക്കാട് സാദാത്തുകളെയും സമസ്തയുടെ അഭിവന്ദ്യരായ നേതാക്കളെയും ഹൃദയത്തോടു ചേർത്തുനിറുത്തി. ജിഫ്രി തങ്ങളും അബ്ബാസലി തങ്ങളും മുനവ്വറലി തങ്ങളും ജമലുല്ലൈലി തങ്ങളും ബഹാഉദ്ദീൻ ഉസ്താദും തുടങ്ങി പലരും അദ്ദേഹത്തിന്റെ വീട്ടിൽ കയറിയറങ്ങി. അദ്ദേഹമവരെ സ്നേഹാദരങ്ങളാലും വീർപ്പുമുട്ടിച്ചു. ദുആ ചെയ്യിച്ചു. അന്നാട്ടിലെ മറ്റാർക്കും കൈവരാത്ത സുകൃതം അദ്ദേഹത്തെ മാത്രം തേടിയെത്തി. കേരളത്തിൽ ചെന്നപ്പോൾ ആറ്റപ്പൂ ഹൈദരലി തങ്ങൾ വീടിനകത്തേക്കു വിളിച്ച് സൽക്കരിച്ചത് ജീവതത്തിലെ സുഗന്ധമുള്ള ഓർമയായി എന്നും കൊണ്ടുനടക്കുമായിരുന്നു അദ്ദേഹം. ആദ്യമായി അബ്ബാസലി തങ്ങൾ വീട്ടിലേക്കു വന്നപ്പോൾ വികാരാധീനയായി ആനന്ദാശ്രു പൊഴിച്ച അദ്ദേഹത്തിന്റെ മുഖം ഓർമയുടെ കാൻവാസിലിങ്ങനെ തെളിയുന്നു. വിയോഗവാർത്ത കേട്ടപ്പോൾ മറുത്തൊന്നുമാലോചിക്കാതെ സയ്യിദ് അബ്ബാസലി തങ്ങൾ ആരോടും പറയാതെ, തനിച്ച് വിമാനം കയറി വന്നത് ആ ആത്മബന്ധത്തിന്റെ കരുത്ത് മൂലമായിരുന്നു. അതുകൊണ്ടായിരുന്നു വലിയൊരു ആൾക്കൂട്ടത്തിൽ ഒരുവനായി, അവസാനസംഗമത്തിന് സാക്ഷിയാവാൻ, ദുആകൊണ്ട് തണലൊരുക്കാൻ, കുടുംബത്തിന് ആശ്വാസത്തിന്റെ കുളിരുപകരാൻ, മക്കളെ ചേർത്തുനിർത്താൻ, തിരക്കുകളെല്ലാം മാറ്റിവച്ച് ഒരുദിവസം മുഴുവൻ അവിടെ ചെലവഴിക്കാൻ എല്ലാം തയാറായത്. മർഹൂം ബാപ്പുട്ടി ഹാജിയുടെ 'നമുക്ക് പാണക്കാട്ടെ കുട്ടികളുള്ളതു കൊണ്ട് പേടിക്കേണ്ട' എന്ന വാക്ക് കാതുകളിലിങ്ങനെ അലയടിക്കുന്നുണ്ടായിരുന്നു.
കേരളത്തിലെ പല സ്ഥാപനങ്ങളും സന്ദർശിച്ച, പല വീടുകളിലും അന്തിയുറങ്ങിയ, പല സംസ്കാരങ്ങളും നേരിട്ട് കണ്ടനുഭവിച്ച അദ്ദേഹം തന്റെ നാട്ടുകാരോട് നിരന്തരം പറയാറുള്ളത് ഒരു കേരള മോഡലിനെക്കുറിച്ച് തന്നെയായിരുന്നു. ആദ്യ ഘട്ടത്തിൽ പ്രാഥമിക മക്തബുകൾക്കൊപ്പം പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രയാൺ ഫൗണ്ടേഷന്റെ പ്രയാണവും ഈയൊരു മനുഷ്യന്റെ തണലിലായിരുന്നു. അതിനുവേണ്ടി നിരന്തരം യോഗങ്ങൾ ചേരുകയും ആലോചനകൾ നടത്തുകയും ചെയ്തു. പരീക്ഷണാർഥം ആദ്യം സ്വന്തം വില്ലേജായ മജ്ഗമ പഞ്ചായത്ത് തന്നെ മോഡൽ വില്ലേജ് പ്രൊജക്ടിനുവേണ്ടി തെരഞ്ഞെടുത്തു. ഓരോ വീടുകളിലും ആങ്കണുകളിലും കയറിയിറങ്ങി അറിവിന്റെ വിളംബരം നടത്തി. സ്കൂളുകളിലും പൊതുയിടങ്ങളിലും ബോധവൽക്കരണ സംഗമങ്ങൾ സംഘടിപ്പിച്ചു. ഗ്രാമത്തിലെ മുഖ്യയെ മുതൽ ജില്ലാ കളക്ടറെ വരെ കണ്ട് ആവശ്യകത വേണ്ടവിധം ബോധ്യപ്പെടുത്തി. ബിഹാറിൽ നിന്നൊരു സംഘത്തെ കേരളത്തിൽ കൊണ്ടുവന്ന് കൃത്യമായ ട്രെയിനിങ്ങുകളിൽ പങ്കെടുപ്പിച്ച് അവരുടെ യഥാർഥ പ്രവർത്തന മണ്ഡലത്തിലേക്ക് തിരിച്ചെത്തിച്ചു. അവസാനമായി, അഗ്നിപഥിനെക്കുറിച്ചുള്ള ബോധവൽക്കരണ സംഗമം വരെ നടത്തിയാണ് അദ്ദേഹം പോയിട്ടുള്ളത്.
2017 ൽ കേരളം സന്ദർശിച്ച് 2018 ൽ ആദ്യഘട്ടമെന്നോണം പ്രാഥമിക മക്തബുകളും പ്രയാൺ ഫൗണ്ടേഷനും പിന്നീട് 2019 ൽ ഖുർത്വുബ ഇൻസ്റ്റിറ്റ്യൂട്ടും ഒക്കെ ആരംഭിക്കുമ്പോഴും വെല്ലുവിളികളുടെ കൂറ്റൻ മലകൾ പലതരത്തിൽ മുന്നിൽ വന്നുനിന്നപ്പോഴൊക്കെ ധൈര്യസമേതം അവയെയൊക്കെ നേരിട്ടത് ആ ആത്മധൈര്യമായിരുന്നു. ആരെയും അനുനയിപ്പിക്കുന്ന മാന്ത്രികശക്തി. ഇന്ന് ഹാദിയയുടെ കീഴിൽ ഇരുനൂറിലേറെ മക്തബുകളും ശരീഅത്ത് കോളേജുകളും ഖുർത്വുബയെന്ന മഹത്തായൊരു സംരംഭവുമായി കിഷൻഗഞ്ച് പ്രൊജക്ട് പരിലസിച്ചു നിൽക്കുമ്പോൾ അതിന്റെയൊക്കെ പിറകിൽ ഈയൊരു ശക്തിയുടെ ചെറുതല്ലാത്ത സ്വാധീനമുണ്ടായിരുന്നു.
വെറുതെയിരുന്ന് സ്വപ്നം കാണുക മാത്രമായിരുന്നില്ല അദ്ദേഹം. തന്റെ സ്വപ്നത്തിന്റെ നേർസാക്ഷ്യം അവർക്കു കാട്ടിക്കൊടുത്തു. കേരളത്തിലെ നിരവധി സ്ഥാപനങ്ങൾ സന്ദർശിച്ചു. അവയോരോന്നും എങ്ങനെ പ്രവർത്തിക്കുന്നുവെന്നു കണ്ടുമനസ്സിലാക്കി. തിരിച്ചുവന്ന് ആശയങ്ങളുടെ ഭാണ്ഡക്കെട്ടുകൾ തന്റെ മുന്നിലിരിക്കുന്ന മൗലാനമാർക്കും രാഷ്ട്രീയക്കാർക്കും ഒരുപോലെ തരംതിരിച്ചുകൊടുത്തു. അവയൊക്കെയും പതിയപ്പതിയെ, വരുംവരായ്കകൾ ആലോചിക്കാതെ, ആരെയും കൂസാതെ, കുത്തുവാക്കുകൾക്ക് ചെവികൊടുക്കാതെ തന്റെ നാട്ടിൽ കൊണ്ടുവരാൻ ശ്രമിച്ചു. നിഷ്കളങ്കമായ, തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത വിദ്യാഭ്യാസപ്രവർത്തനങ്ങൾ കണ്ടു ശീലമില്ലാത്ത, എന്നാൽ കച്ചവടക്കണ്ണുകൾ മാത്രം കണ്ടുശീലിച്ച അവിടത്തെ നാട്ടുകാരുടെ കണ്ണിൽ ആദ്യമാദ്യം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വെറും ഭ്രാന്തായിരുന്നു. കുത്തുവാക്കുകൾ പലതും അദ്ദേഹം കേട്ടു. പിന്നിൽ നിന്നുള്ള കുത്തുകൾ സഹിച്ചു. അദ്ദേഹത്തെക്കുറിച്ച് വേണ്ടാത്തരം പലതും പറഞ്ഞ് നമ്മെ തമ്മിൽ തെറ്റിക്കാനുള്ള ശ്രമങ്ങൾ പലരും നടത്തി. എല്ലാത്തിനും കാലം മറുപടി പറയുമെന്നയർഥത്തിൽ മന്ദഹസിച്ച്, സാർഥവാഹകസംഘം മുന്നോട്ടെന്ന തരത്തിൽ ജൈത്രയാത്ര തുടരുകയായിരുന്നു അദ്ദേഹം. കാലത്തിന്റെ കാവ്യനീതി പോലെ, തലയുയർത്തി നിൽക്കുന്ന ഖുർത്വുബ കണ്ടപ്പോൾ അന്നു പരിഹസിച്ചവരൊക്കെ തലകുലുക്കി സമ്മതിച്ചുവെന്നതു സത്യം.
അവസാനമായി, പാണക്കാട് സയ്യിദ് സാദിഖലി തങ്ങളെ സ്വീകരിക്കാൻ എന്നോ മനസ്സു കൊണ്ട് ഒരുങ്ങി നിൽക്കെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. നവംബർ 13 ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ഖുർത്വുബയുടെ കെട്ടിടോദ്ഘാടനത്തിന് വന്ദ്യരായ തങ്ങളുടെ തീയതി കിട്ടിയതറിഞ്ഞതു മുതൽ ആകാംക്ഷയായിരുന്നു അദ്ദേഹത്തിന്. സാദിഖലി തങ്ങൾ കൂടി ഇനി വീട്ടിലേക്ക് വരുമല്ലോ എന്ന് എപ്പോഴും ആത്മഗതം ചെയ്തു. തങ്ങളുടെ വരവിന് കാത്തുനിൽക്കാതെ അദ്ദേഹം പോയി. ഖുർത്വുബ വളരണം, ഭിന്നശേഷിക്കാർക്ക് സ്പെഷ്യൽ സ്കൂളുകൾ തുടങ്ങണം, ആർട്സ് ആന്റ് സയൻസ് കോളജ് തുടങ്ങണം, യതീം മക്കൾക്ക് പ്രത്യേക സ്ഥാപനം വേണം, നല്ല ഹിഫ്സ് കോളജ് തുടങ്ങണം, അധ്യാപകർക്ക് പരിശീലനം നൽകുന്ന പ്രത്യേക കേന്ദ്രങ്ങൾ വേണം എന്നിങ്ങനെ സ്വപ്നങ്ങളുടെ, ആഗ്രഹങ്ങളുടെ വലിയൊരു പട്ടിക തയാറാക്കിവച്ചാണ് അദ്ദേഹം പോയത്. ആ മനുഷ്യന്റെ ആഗ്രഹങ്ങളൊക്കെയും ഒന്നൊന്നായി പുലരണം, ബിഹാർ വളരണം, അദ്ദേഹം സ്വപ്നം കണ്ട കിഷൻഗഞ്ച് ഉണ്ടാവണം, സാമൂഹിക പുരോയാനത്തിന്റെ വലിയൊരു കേന്ദ്രമായി അവിടം മാറണം.
വഴിയിൽ കാത്തുനിർത്തി പോയ് മറഞ്ഞ പ്രിയ സ്നേഹിതാ, സലാം.
‘മനഃശാന്തി കൈവരിച്ച ആത്മാവേ, രക്ഷിതാവിങ്കലേക്ക് സ്വയം സംതൃപ്തനായും ദിവ്യസംതൃപ്തിക്ക് വിധേയനായും നീ തിരിച്ചു പോവുകയും എന്റെ അടിമകളുടെ കൂട്ടത്തിൽ പ്രവേശിക്കുകയും എന്റെ സ്വർഗത്തിൽ കടക്കുകയും ചെയ്തുകൊള്ളുക’
- (ഖുർആൻ)
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."