യു.എസില്‍ വിവിധയിടങ്ങളില്‍ വെടിവെപ്പ്; ആറു മരണം, നിരവധി പേര്‍ക്ക്പരുക്ക്
വാഷിങ്ടണ്‍: അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുണ്ടായ വെടിവെപ്പില്‍ ആറു മരണം. ഡെട്രോയിറ്റ് നഗരത്തിലും ഹൂസ്റ്റണിലെ ടെക്‌സന്‍ നഗരത്തിലുമാണ് വെടിവെപ്പുണ്ടായത്.
ഹൂസ്റ്റണിലെ ടെക്‌സന്‍ നഗരത്തില്‍ തോക്കുധാരി വീടിന് തീയിട്ട ശേഷം മൂന്ന് പേരെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. പ്രതിയെ പിന്നീട് പൊലിസ് വെടിവെച്ച് കൊന്നു.
അക്രമി പല വീടുകള്‍ക്കും തീയിടുകയും താമസക്കാര്‍ പുറത്തുവന്നയുടന്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് ഹൂസ്റ്റണ്‍ പൊലിസ് മേധാവി ട്രോയ് ഫിന്നര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തീ അണക്കാനെത്തിയ അഗ്‌നിരക്ഷ സേനാംഗങ്ങള്‍ക്കു നേരെയും പ്രതി വെടിവെച്ചതായി റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് പൊലിസ് എത്തി ഇയാളെ വെടിവെച്ചു കൊല്ലുകയായിരുന്നു.
അക്രമിയുടെ വെടിയേറ്റ് മരിച്ചവരെല്ലാം 40-60 പ്രായമുള്ള പുരുഷന്മാരാണെന്നും 40 വയസ്സുകാരനായ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനാണ് പ്രതിയെന്നും പൊലിസ് അറിയിച്ചു.
യു.എസിലെ ഡെട്രോയിറ്റ് നഗരത്തിലാണ് മറ്റൊരു വെടിവെപ്പുണ്ടായത്. അജ്ഞാതന്റെ വെടിയേറ്റ് മൂന്നുപേരാണ് കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് പരുക്കേറ്റു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലിസ് മേധാവി ജെയിംസ് വൈറ്റ് മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ്.
അതിനിടെ, തലസ്ഥാനമായ വാഷിങ്ടണില്‍ ഒരു നാഷനല്‍ ഫുട്ബാള്‍ ലീഗ് താരത്തിന് വെടിയേറ്റു. ബ്രയാന്‍ റോബിന്‍സണ്‍ ജൂനിയര്‍ എന്ന താരത്തിനാണ് വെടിയേറ്റത്. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."