'രാഹുല്‍ നല്ല മനുഷ്യനാണ്, എന്നാല്‍ രാഷ്ട്രീയക്കാരനാവാന്‍ പറ്റില്ല'; വിമര്‍ശനങ്ങളഴിച്ചു വിട്ട് വീണ്ടും ഗുലാം നബി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനങ്ങളുമായി പാര്‍ട്ടിയില്‍നിന്നു രാജിവച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് വീണ്ടും. ഒരു നല്ല രാഷ്ട്രീയക്കാരനാവാന്‍ രാഹുലിന് ഒരിക്കലും കഴിയില്ലെന്നാണ് ഗുലാം നബിയുടെ പ്രതികരണം. രാഹുല്‍ ഒരു നല്ല മനുഷ്യനാണ്. എന്നാല്‍ അദ്ദേഹത്തിന് രാഷ്ട്രീയാഭിരുചിയില്ല- എന്‍.ഡി.ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗുലാം നബി ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കുന്ന രാഹുലിന്റെ ശൈലിയേയും ഗുലാം നബി വിമര്‍ശിച്ചു. ബി.ജെ.പിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണിത്.
പാര്‍ട്ടി തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ശക്തമായ സംവിധാനമായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (സിഡബ്ല്യുസി) ഇപ്പോള്‍ 'അര്‍ഥരഹിത'മായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
''നോരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ പത്തു വര്‍ഷമായി 25 പ്രവര്‍ത്തക സമിതി അംഗങ്ങളും 50 പ്രത്യേകം ക്ഷണിക്കപ്പെട്ടവരുമുണ്ട്.-അദ്ദേഹം പറഞ്ഞു.
'1998 മുതല്‍ 2004 വരെ മാന്യമായാണു സോണിയാ ഗാന്ധി കോണ്‍ഗ്രസിനെ നയിച്ചത്. മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചനകളുണ്ടായിരുന്നു. നേതാക്കളെ ആശ്രയിക്കുകയും അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. എനിക്ക് അവര്‍ 8 സംസ്ഥാനങ്ങളുടെ ചുമതല തന്നു. അതില്‍ ഏഴെണ്ണത്തിലും തെരഞ്ഞെടുപ്പ് വിജയം നേടാനായി. അവര്‍ ഇടപെട്ടതേയില്ല. രാഹുല്‍ ഗാന്ധി വന്നതോടെ, 2004 മുതല്‍ സോണിയ മകനെ ആശ്രയിച്ചുതുടങ്ങി'- പരാജയങ്ങളുടെ തുടക്കമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയത്തോട് ഒട്ടും ആഭിമുഖ്യമില്ലാത്ത വ്യക്തിയാണ് രാഹുല്‍. പക്ഷേ, എല്ലാവരും രാഹുലുമായി കൂടിയാലോചിക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ 'ചൗക്കിദാര്‍ ചോര്‍ ഹെ' എന്ന മുദ്രാവാക്യവുമായി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടതോടെയാണ് മുതിര്‍ന്ന നേതാക്കള്‍ രാഹുലുമായി അകലാന്‍ തുടങ്ങിയത്. മുതിര്‍ന്ന ഒരു നേതാവും ആ പ്രചാരണത്തെ പിന്തുണച്ചില്ല. തന്റെ മുദ്രാവാക്യത്തെ പിന്തുണയ്ക്കുന്നവര്‍ കയ്യുയര്‍ത്തണമെന്നു പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടപ്പോള്‍ മുതിര്‍ന്നവര്‍ പലരും നീരസം പ്രകടിപ്പിച്ചു. മന്‍മോഹന്‍ സിങ്ങും എ.കെ ആന്റണിയും പി ചിദംബരവും ഞാനും അവിടെയുണ്ടായിരുന്നു- അദ്ദേഹം പറഞ്ഞു.
ഇന്ദിരാ ഗാന്ധിയുടെ കീഴിലാണു ഞങ്ങള്‍ക്കു രാഷ്ട്രീയ വിദ്യാഭ്യാസം ലഭിച്ചത്. ഞാന്‍ ജൂനിയര്‍ മന്ത്രിയായിരുന്നപ്പോള്‍, എം.എല്‍.ഫോട്ടെദാറിനെയും എന്നെയും ഇന്ദിര വിളിപ്പിച്ചു. ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്‌പേയിയുമായി കൂടിക്കാഴ്ചകള്‍ നടത്തണമെന്നായിരുന്നു അവരുടെ നിര്‍ദേശം. നമ്മുടെ പാര്‍ട്ടിയിലെ മുതിര്‍ന്നവരെയും പ്രതിപക്ഷ നേതാക്കളെയും ബഹുമാനിക്കണമെന്നാണു ഞങ്ങള്‍ പഠിച്ചിട്ടുള്ളത്. മോദിയെ ഇതുപോലെ രാഹുല്‍ ആക്രമിക്കുന്ന ശൈലി ഉള്‍ക്കൊള്ളാനാവില്ല.''– ഗുലാം നബി വിശദീകരിച്ചു. മോദിയെ നാനാ ഭാഗത്തു നിന്നും അക്രമിക്കണമെന്നായിരുന്നു രാഹുലിന്റെ ശൈലി. നമുക്ക് ഇങ്ങനെ വ്യക്തിപരമാവാനാവില്ല. മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാര്‍ ഉപോയഗിക്കേണ്ട ഭാഷയാണോ ഇത്- ഗുലാം നബി ചേദിച്ചു.
നേതൃത്വത്തിന് വേണ്ടത് സ്തുതി പാഠകര്‍. കോണ്‍ഗ്രസില്‍ നിന്ന് പുറത്തു പോകാന്‍ സമ്മര്‍ദ്ദമുണ്ടായി. മോദിയുമായി ഒരു ധാരണയും ഇല്ലെന്നും ഗുലാം നബി വ്യക്തമാക്കി.
വ്യക്തിപരമായി എനിക്ക് ഒരു വിരോധവുമില്ല. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. മാന്യനാണ്. അദ്ദേഹത്തോട് എനിക്കെന്നും ബഹമാനമേ ഉള്ളൂ. എന്നാല്‍ രാഷ്ട്രീയക്കാരനാവാനുള്ള അഭിരുചി അദ്ദേഹത്തിനില്ല. തന്റെ പിതാവിനെ പോലെയോ മുത്തശ്ശിയെ പോലെയോ കഠിനാധ്വാനം ചെയ്യാനുള്ള അഭിരുചിയും അദ്ദേഹത്തിനില്ല- ഗുലാം നബി കൂട്ടിച്ചേര്‍ത്തു.
സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജി വെച്ചതായി അദ്ദേഹം സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.
രാജിക്ക് പിന്നാലെ താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു. ജമ്മുകശ്മീര്‍ കേന്ദ്രീകരിച്ചാകും പാര്‍ട്ടി രൂപീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."