പട്ടിണിയോണമായേക്കും കെ.എസ്.ആർ.ടി.സി: ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് സർക്കാർ
103 കോടി രൂപ സർക്കാർ നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു
കൊച്ചി • കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ 103 കോടി നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇനി സർക്കാർ ഭാഗത്തുനിന്ന് മറ്റ് നടപടികളുണ്ടായില്ലെങ്കിൽ ജീവനക്കാർക്ക് ഇത്തവണ പട്ടിണി ഒാണമാകും.
ഓഗസ്റ്റ് 24ലെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. നാളെ വിശദ വാദം കേൾക്കും.
കെ.എസ്.ആർ.ടി.സി ജീവനക്കാരും സർക്കാരും തമ്മിൽ തൊഴിലാളി – തൊഴിലുടമ ബന്ധമല്ലെന്നും ജീവനക്കാരെ നിയമിക്കുന്നത് കെ.എസ്.ആർ.ടി.സിയാണെന്നുമാണ് ഹരജിയിൽ സർക്കാർ വാദം.
അതുകൊണ്ട് ശമ്പളവും ബോണസും നൽകാനുള്ള ബാധ്യതയില്ല. ഏതെങ്കിലും തരത്തിൽ സാമ്പത്തിക സഹായം നൽകാനും വ്യവസ്ഥയില്ല. അനുവദിച്ചതിൽ കൂടുതൽ പണം നൽകാൻ നിർദേശിക്കാൻ കോടതിക്ക് കഴിയില്ല. പല ബോർഡുകൾക്കും കോർപറേഷനുകൾക്കും സാമ്പത്തിക സഹായം ആവശ്യമാണ്. ഇവയെ തുല്യമായി പരിഗണിക്കാനേ കഴിയൂ എന്നും സർക്കാർ കോടതിയെ അറിയിച്ചു.
⭗ മുഖ്യമന്ത്രി
ചർച്ച നടത്തും
തിരുവനന്തപുരം • കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിയിൽ മുഖ്യമന്ത്രി തിങ്കളാഴ്ച യൂണിയനുകളുമായി ചർച്ച നടത്തും. മന്ത്രി ആൻ്റണി രാജു പങ്കെടുക്കും.
ഓഗസ്റ്റ് അവസാനിക്കുമ്പോൾ ജൂലൈയിലെ ശമ്പളം പോലും നൽകിയിട്ടില്ല. സർക്കാർ സഹായിച്ചില്ലെങ്കിൽ രണ്ടു മാസത്തെ ശമ്പളവും ഓണം അഡ്വാൻസും ഓണത്തിന് മുമ്പ് നൽകാനാവില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."