അരീക്കോട് ചീഞ്ഞു നാറുന്നു; മാലിന്യം നീക്കം ചെയ്യാന്‍ വാങ്ങിയ ട്രാക്ടര്‍ കട്ടപ്പുറത്ത്
അരീക്കോട്: മാലിന്യ കൂമ്പാരങ്ങള്‍ കൊണ്ട് അരീക്കോട് ടൗണും പരിസരവും ദുര്‍ഗന്ധം വമിക്കുമ്പോള്‍ മാലിന്യം നീക്കം ചെയ്യാന്‍ വാങ്ങിയ അരീക്കോട് ഗ്രാമ പഞ്ചായത്തിന്റെ ട്രാക്ടര്‍ തുരുമ്പെടുത്ത് നശിക്കുന്നു. 1995ല്‍ കെ.വി അബൂബക്കര്‍ പ്രസിഡന്റായ എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതിയാണു അരീക്കോട് ടൗണിലേയും പരിസര പ്രദേശങ്ങളിലേയും മാലിന്യ സംസ്‌കരണത്തിനായി ട്രാക്ടര്‍ വാങ്ങിയത്. 13 ലക്ഷം രൂപ വകയിരുത്തി മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ നിരത്തിലിറക്കിയ ട്രാക്ടര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് തെരുവു നായകളുടെയും ഇഴജന്തുക്കളുടെയും സുഖവാസ കേന്ദ്രമായി നിലകൊള്ളുകയാണിപ്പോള്‍. 1995 മുതല്‍ അഞ്ചു വര്‍ഷം ട്രാക്ടര്‍ ഉപയോഗിച്ചിരുന്നു. പിന്നീട് 2005 വരെ ട്രാക്ടര്‍ ഉപയോഗിക്കാതെ താലൂക്ക് ആശുപത്രിയുടെ പരിസരത്ത് നിര്‍ത്തിയിടുകയാണുണ്ടായത്. ഇതോടെ അരീക്കോട് നഗരത്തില്‍ മാലിന്യം നീക്കം ചെയ്യാന്‍ മാര്‍ഗമില്ലാതായി.
കടകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ചെറിയ കവറുകളിലാക്കി റോഡില്‍ ഉപേക്ഷിക്കലും പതിവായി. പിന്നീട് 2005 മുതല്‍ 2010 വരെ ട്രാക്ടര്‍ വീണ്ടും നിരത്തിലിറങ്ങിയെങ്കിലും വീണ്ടും പഴയ പടി ആവര്‍ത്തിക്കുകയായിരുന്നു. മാലിന്യ സംസ്‌കരണത്തിലൂടെ മാതൃകയായതിനു 2005ല്‍ നിര്‍മല്‍ പുരസ്‌കാരം തേടിയെത്തിയ അരീക്കോട് പഞ്ചായത്ത് ഇന്ന് മാലിന്യം സംസ്‌കരിക്കാനാവാതെ പൊറുതി മുട്ടുകയാണ്. 13 ലക്ഷം രൂപ വകയിരുത്തി വാങ്ങിയ ട്രാക്ടര്‍ കട്ടപ്പുറത്തായതോടെ പൂക്കോട്ട് ചോല, സൂര്യനഗര്‍, പത്തനാപുരം, വെള്ളേരി, പെരുമ്പറമ്പ് തുടങ്ങിയ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രി കാലങ്ങളില്‍ മാലിന്യ നിക്ഷേപം പതിവായിരിക്കുകയാണു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."