കേന്ദ്ര ആഭ്യന്തരവകുപ്പ് 8 സംസ്ഥാനങ്ങളിലെ റിപ്പോർട്ട് നൽകണം: സുപ്രിംകോടതി
ന്യൂഡൽഹി • ക്രൈസ്തവർക്കെതിരായ അതിക്രമത്തിൽ സ്വീകരിച്ച നടപടികളിൽ എട്ടു സംസ്ഥാനങ്ങളിൽ നിന്നു റിപ്പോർട്ട് ശേഖരിച്ച് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് സുപ്രിംകോടതി. കർണാടക, ഉത്തർപ്രദേശ്, ബിഹാർ, ഹരിയാന, ഛത്തിസ്ഗഡ്, ജാർഖണ്ഡ്, ഒഡിഷ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കേണ്ടത്. ഇതിന് രണ്ടു മാസം സമയം നൽകിയിട്ടുമുണ്ട്. സംസ്ഥാനങ്ങൾ വിവരങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറണമെന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഹിമാ കോഹ് ലി എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
എത്ര കേസ് റിപ്പോർട്ട് ചെയ്തു, എത്ര എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു, അന്വേഷണം, അറസ്റ്റിലായവരെത്ര, കുറ്റപത്രം സമർപ്പിച്ച കേസുകളെത്ര തുടങ്ങിയ വിവരങ്ങളാണ് നൽകേണ്ടത്. ഹരജിയിലെ വിവരങ്ങൾ മാത്രം അടിസ്ഥാനമാക്കി ക്രൈസ്തവർക്കെതിരായ അക്രമങ്ങളുടെ വിവരങ്ങൾ ബോധ്യപ്പെടാത്തതിനാലാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നതെന്ന് ബെഞ്ച് വ്യക്തത വരുത്തി. ഇത്തരം സംഭവങ്ങൾ നിരീക്ഷിക്കാൻ നോഡൽ ഓഫീസർമാരെ നിയമിക്കണമെന്ന നിർദേശം പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
അക്രമികൾ 700 പ്രാർഥനാ യോഗങ്ങൾ തടഞ്ഞെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് അറിയിച്ചു. അശാന്തിയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഹരജിയാണെന്നും വിദേശശക്തികളുടെ സഹായം കിട്ടിയിരിക്കാമെന്നും മേത്ത ആരോപിച്ചു. ബംഗളൂരു രൂപത ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ, ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ തുടങ്ങിയവരാണ് ഹരജിക്കാർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."