പ്രതിപക്ഷ രാഷ്ട്രീയത്തിന് കരുത്തേകുന്ന ബിഹാർ മോഡൽ
പ്രൊഫ. റോണി കെ. ബേബി
'ഗോപാൽഗഞ്ച് ടു റെയ്‌സിന റോഡ്' എന്ന ആത്മകഥ ഇന്ത്യയിൽ പ്രത്യേകിച്ചും ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കും വിലയിരുത്തലുകൾക്കും വിധേയമായിട്ടുള്ള പുസ്തകമാണ്. ബിഹാറിലെ ഗോപാൽഗഞ്ചിലെ ഫുൽവാരിയ എന്ന ഗ്രാമത്തിൽ കണ്ടൻ റായിയുടെയും മരാചിയ ദേവിയുടെയും ആറു മക്കളിൽ രണ്ടാമനായി 1948 ജൂൺ 11ന് ജനിച്ച്, വിദ്യാർഥി നേതാവായി രാഷ്ട്രീയത്തിലിറങ്ങി എക്കാലവും മതേതര രാഷ്ട്രീയത്തിന്റെ വക്താവായി തലയുയർത്തിനിൽക്കുന്ന ലാലു പ്രസാദ് യാദവിന്റെ ആത്മകഥയാണ് 'ഗോപാൽഗഞ്ച് ടു റെയ്‌സിന റോഡ്'.
ലാലു: മതേതര
രാഷ്ട്രീയത്തിന്റെ മുഖം
ലാലുവിനെ ഇപ്പോൾ ഓർക്കുന്നതിന് പ്രത്യേക കാരണമുണ്ട്. അമിത് ഷായുടെയും ബി.ജെ.പിയുടെയും തിരക്കഥകളെ പൊളിച്ചുകൊണ്ട് പ്രതിപക്ഷ മഹാസഖ്യം ഒരിക്കൽക്കൂടി ബിഹാറിൽ അധികാരം പിടിച്ചിരിക്കുകയാണ്. ഇത് ദേശീയരാഷ്ട്രീയത്തിൽ പ്രതിപക്ഷ ഐക്യനിരക്ക് നൽകുന്ന പ്രചോദനവും ആവേശവും ആത്മവിശ്വാസവും ചെറുതല്ല. ബദ്ധശത്രുക്കളായിരുന്ന ലാലു പ്രസാദ് യാദവും നിതീഷ് കുമാറും വീണ്ടും ബി.ജെ.പിവിരുദ്ധ പ്ലാറ്റ്‌ഫോമിൽ ഒന്നിച്ചുകൂടുമ്പോൾ അതിനു കിട്ടുന്ന വാർത്താ പ്രാധാന്യം ഒട്ടുംതന്നെ ചെറുതല്ല. 1990 കളുടെ തുടക്കം മുതൽ ഏകദേശം 30 വർഷത്തോളമായി ലാലു പ്രസാദ് യാദവും നിതീഷ് കുമാറും തമ്മിലുള്ള ഇണക്കവും പിണക്കവുമാണ് ബിഹാർ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. സോഷ്യലിസ്റ്റ് നേതാവായിരുന്ന രാം മനോഹർ ലോഹ്യയുടെ ശിഷ്യന്മാരായി ബിഹാർ രാഷ്ട്രീയത്തിലെത്തിയ ലാലുവും നിതീഷും അടിയന്തരാവസ്ഥയ്ക്ക് ശേഷം നേതൃനിരയിലേയ്ക്ക് ഉയരുകയായിരുന്നു. ജയപ്രകാശ് നാരായണന്റെ അടുത്ത അനുയായിയെന്ന നിലയിൽ ലാലു വളരെ വേഗത്തിൽ പ്രധാന സോഷ്യലിസ്റ്റ് നേതാവായി മാറി. 29ാം വയസിൽ ജനതാ പാർട്ടി സ്ഥാനാർഥിയായ ലാലു 1977ൽ ലോക്സഭയിലെ അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
1990ൽ ആദ്യമായി ബിഹാർ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സെപ്റ്റംബർ 23ന് മസ്തിപൂരിൽവച്ച് ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി നയിച്ച രാം രഥയാത്ര തടഞ്ഞ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് മതേതര രാഷ്ട്രീയത്തോടുള്ള തന്റെ അചഞ്ചല കൂറ് പ്രഖ്യാപിച്ച ലാലു പ്രസാദ് യാദവ് ഈ നിമിഷം വരെ ആ നിലപാടിൽ വെള്ളം ചേർത്തിട്ടില്ല.അഴിമതി കേസുകളിൽ പെട്ട് പല തവണ ജയിലിൽ അടക്കപ്പെടേണ്ടിവന്നിട്ടും ലാലുവിന്റെ ജനപ്രീതിയിൽ വലിയ ഇടിവ് തട്ടാത്തതും ആർ.ജെ.ഡി ഇന്നും ബിഹാറിലെ ഏറ്റവും വലിയ രാഷ്ട്രീയപ്പാർട്ടിയായി നിലനിൽക്കുന്നതും ഈ അചഞ്ചല മതേതര നിലപാടുകൾ മൂലമാണ്. ബിഹാർ നിയമസഭയിൽ 80 എം.എൽ.എമാർ ഉള്ള ലാലുവിന്റെ ആർ.ജെ.ഡി 45 എം.എൽ.എമാരുള്ള നിതീഷ് കുമാറിനുവേണ്ടി മുഖ്യമന്ത്രി കസേര വഴിമാറിയതും ബി.ജെ.പിയെ പുറത്തിരുത്താനുള്ള ഈ നിശ്ചയദാർഢ്യം മൂലമാണ്.
ബി.ജെ.പിക്ക് കിട്ടിയത്
മാരകപ്രഹരം
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയെ അട്ടിമറിച്ചതിന് സമാനമായി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജനതാദളിനെ(യുനൈറ്റഡ്) പിളർത്താനുള്ള ബി.ജെ.പി നീക്കം ബിഹാറിൽ ആലോചിക്കുമ്പോഴാണ് അവർക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ജെ.ഡി.യുവും ആർ.ജെ.ഡിയും കോൺഗ്രസും ചേർന്ന് മഹാസഖ്യ സർക്കാർ രൂപീകരിച്ചത്. ഇന്ത്യയിൽ പ്രാദേശിക പാർട്ടികൾ അധികകാലം ഇനി അതിജീവിക്കില്ലെന്ന് അടുത്തിടെ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ നടത്തിയ പരാമർശവും നിതീഷ് കുമാർ സർക്കാരിനെതിരായ അട്ടിമറി ശ്രമത്തിന് തെളിവായി ജെ.ഡി.യു നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യം തകർത്തെറിഞ്ഞ് ശിവസേന വിമതരും ബി.ജെ.പിയും ചേർന്ന പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത അതേ ദിവസമാണ് നിതീഷ് കുമാർ ബി.ജെ.പി സഖ്യത്തിൽനിന്ന് പുറത്തുവന്ന് ഗവർണർക്ക് രാജിക്കത്ത് കൈമാറിയത്. മഹാരാഷ്ട്രയിൽ ഏറ്റ തിരിച്ചടിക്ക് ബിഹാറിൽ അതേ നാണയത്തിൽ മറുപടി നൽകാൻ കഴിഞ്ഞത് രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെ സംബന്ധിച്ചിടത്തോളം അത്ര നിസാര കാര്യമല്ല.
സഖ്യകക്ഷികളായിരുന്ന ബി.ജെ.പിയും ജനതാദളും തമ്മിലുള്ള അഭിപ്രായവ്യത്യാസം 2020ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് മുതൽ തന്നെ ആരംഭിച്ചിരുന്നു. പ്രാദേശിക പാർട്ടിയായ ജനതാദളിനെയും നേതാവായ നിതീഷ് കുമാറിനെയും മൂലക്കിരുത്താനും വിഴുങ്ങാനുമുള്ള ഏതൊരു നീക്കത്തിനും ബി.ജെ.പി ശ്രമിക്കുമെന്ന കൃത്യമായ ബോധ്യം അവർക്കുണ്ടായിരുന്നു. ബി.ജെ.പി കൂടുതൽ സീറ്റ് സ്വന്തമാക്കിയതോടെ മുഖ്യമന്ത്രിസ്ഥാനം അവകാശപ്പെടണമെന്ന് ചില ബി.ജെ.പി സംസ്ഥാന നേതാക്കൾ വാദിച്ചു. ഇതിൽ നിതീഷ് കുമാർ തുടക്കം മുതൽ അസ്വസ്ഥനായിരുന്നു. ഇതേത്തുടർന്ന് പല ദേശീയ വിഷയങ്ങളിലും ബി.ജെ.പിക്കെതിരായ നിലപാടാണ് ജനതാദൾ സ്വീകരിച്ചിരുന്നത്. മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറയ്ക്ക് സംഭവിച്ചത് തനിക്കും ആവർത്തിക്കുമെന്ന ദീർഘവീക്ഷണമാണ് ബിഹാർ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികം വൈകുന്നതിന് മുമ്പ് നിതീഷ് ബി.ജെ.പി പാളയത്തിൽ നിന്ന് തിരിച്ചിറങ്ങണമെന്ന തീരുമാനത്തിലെത്തുന്നതുംജനതാദളും ആർ.ജെ.ഡിയും തമ്മിൽ അടുത്ത കാലത്തായി പല വിഷയങ്ങളിലും കൈകോർത്തിരുന്നു. ജാതി സെൻസസിന് അനുകൂലമായ നിലപാടാണ് ഇരുകക്ഷികളും എടുത്തത്.
പ്രതിപക്ഷത്തിന് പ്രതീക്ഷ
മഹാസഖ്യത്തിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ 2024 ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകില്ല എന്നാണ് നിതീഷ് കുമാർ പറഞ്ഞത്. ബിഹാറിൽ ആർ.ജെ.ഡി- ജെ.ഡി.യു- കോൺഗ്രസ് സഖ്യം 40 തോളം എം.പിമാരെ ലോക്‌സഭയിൽ അയക്കാൻ കഴിയുന്ന വലിയ സഖ്യമാണ്. നിർണായക ഘട്ടത്തിൽ രാജ്യത്തെ വലിയ സംസ്ഥാനങ്ങളിലൊന്നായ ബിഹാറിൽ ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെടുന്നു എന്നത് പ്രതിപക്ഷത്തിന് തീർച്ചയായും വലിയ ആവേശം തന്നെയാണ്. ഉത്തരേന്ത്യയിൽ ബി.ജെ.പിക്കൊപ്പം വലിയ സഖ്യകക്ഷികൾ ഒന്നുംതന്നെ ഇനി ബാക്കിയില്ല. എൻ.ഡി.എ എന്നത് ബി.ജെ.പിയിലേക്ക് തന്നെ ഒതുങ്ങുകയാണ്. പിളർന്ന അണ്ണാ ഡി.എം.കെയും പിളർന്ന ശിവസേനയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില ഈർക്കിലി പാർട്ടികളും മാത്രമാണ് ഇനി എൻ.ഡി.എയിൽ അവശേഷിക്കുന്നത്. പ്രാദേശിക കക്ഷികൾക്ക് ബി.ജെ.പിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു. ഒരു കാലത്ത് അവർക്കൊപ്പം നിന്ന പ്രാദേശിക പാർട്ടികളെല്ലാം ഇന്ന് എതിരാണ്. പ്രാദേശിക പാർട്ടികളെ കൂടെക്കൂട്ടി അവരുടെ ചെലവിൽ വളരുകയെന്ന തന്ത്രമാണ് ബി.ജെ.പി എല്ലായിടത്തും പരീക്ഷിക്കുന്നത്.
ഒരു കാലത്ത് ബി.ജെ.പിക്കൊപ്പം നിന്ന അസം ഗണ പരിഷത്തും തെലുഗുദേശവുമെല്ലാം ഇന്ന് മൃതാവസ്ഥയിലാണ്. സംസ്ഥാനങ്ങളിൽ ബി.ജെ.പി ആധിപത്യം ഉറപ്പിക്കുന്നതിന്റെ അപകടങ്ങൾ ആന്ധ്രയിലെ ജഗ്മോഹൻ റെഡ്ഢിയും തെലുങ്കാനയിലെ ചന്ദ്രശേഖർ റാവുവും ഒഡിഷയിലെ നവീൻ പട്‌നായിക്കും ബംഗാളിലെ മമതയും ഒക്കെ ഇപ്പോൾ നന്നായി തന്നെ തിരിച്ചറിയുന്നുണ്ട്. ഈ സംസ്ഥാനങ്ങളിലെ മാത്രം ലോക്സഭാ സീറ്റുകൾ മൂന്നക്കം തികയും. ഇനി ഒരു തവണകൂടി ബി.ജെ.പിക്ക് കേന്ദ്രഭരണം ലഭിച്ചാൽ അത് തങ്ങളുടെ രാഷ്ട്രീയ അന്ത്യത്തിന്റെ തുടക്കമാണെന്ന് ഇവരൊക്കെ നന്നായി മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ട് ബി.ജെ.പിക്ക് രാഷ്ട്രീയ ലാഭം കിട്ടാൻ പോകുന്ന ഒരു നടപടിക്കും ഭാവിയിൽ ഇവരുടെ ഭാഗത്തുനിന്ന് സഹായം കിട്ടാൻ പോകുന്നില്ല. പതിയെ പതിയെ ഇന്ത്യയുടെ രാഷ്ട്രീയഭൂമിക പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ കൈയിലേക്ക് വഴുതിമാറാൻ പോവുകയാണ്. അതിന് ആക്കംകൂട്ടിയ രണ്ടു സംഭവങ്ങളാണ് മഹാരാഷ്ട്രയിലും ബിഹാറിലും സംഭവിച്ചത് എന്ന് നിസ്സംശയം പറയേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."