കേരളം ഐ.എസ് റിക്രൂട്ടിങ് താവളമോ?
ജേക്കബ് ജോര്‍ജ്
'കേരളം ഐ.എസ് റിക്രൂട്ടിങ് താവളം' - ഇന്ന് സര്‍വിസില്‍നിന്നു പിരിയുന്ന സംസ്ഥാന പൊലിസ് ഡയരക്ടര്‍ ജനറല്‍ ലോക്‌നാഥ് ബെഹ്‌റയുടേതാണീ വാക്കുകള്‍. സര്‍വിസില്‍ നിന്ന് പിരിയുന്നതിനു മുന്‍പായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. യഥാര്‍ഥത്തില്‍ കേരളത്തില്‍ ഐ.എസ് എന്ന ഭീകരസംഘടനയുടെ റിക്രൂട്ടിങ് താവളങ്ങളുണ്ടോ? ഇത്തരം കേന്ദ്രങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍ ഇല്ലെന്നു പറയാനാവില്ലെന്നാണ് ബെഹ്‌റ പറഞ്ഞത്. സ്ഥാനമൊഴിയുന്നതിന്റെ ഭാഗമായി അദ്ദേഹം ടെലിവിഷന്‍ ചാനലുകള്‍ക്കു മാത്രമേ അഭിമുഖം നല്‍കിയുള്ളൂ. ദിനപ്പത്രങ്ങളെയൊക്കെയും അതില്‍ നിന്നൊഴിവാക്കുകയായിരുന്നു. സര്‍വിസില്‍നിന്നു പിരിയുന്നതിനു മുന്‍പ് ടെലിവിഷന്‍ ചാനലുകളുമായി മാത്രം സംസാരിച്ചാല്‍ മതിയെന്ന് അദ്ദേഹം തീരുമാനിച്ചതാവണം. മിക്കവാറും എല്ലാ വാര്‍ത്താ ചാനലുകളുമായും അദ്ദേഹം സംസാരിക്കുകയും ചെയ്തു. താന്‍ ഡി.ജി.പിയായ ശേഷം ഭീകര വിരുദ്ധ സ്‌ക്വാഡുകള്‍ രൂപീകരിച്ചുവെന്നും അവയുടെ ശക്തമായ ഇടപെടല്‍ കൊണ്ട് ഇത്തരം നീക്കങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞുവെന്നുമാണ് ബെഹ്‌റ അവകാശപ്പെട്ടത്.
പക്ഷേ, ഡി.ജി.പി എന്ന നിലയ്ക്ക് ലോക്‌നാഥ് ബെഹ്‌റ നടത്തിയ ഈ പ്രസ്താവന ഇത്തിരി കടന്നു പോയില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ഇത്തരമൊരു താവളവും കേരളത്തില്‍ പൊലിസ് കണ്ടുപിടിച്ചു തകര്‍ത്തതായോ, ഇത്തരം താവളങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ അറസ്റ്റ് ചെയ്തതായോ ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും വന്നതു കണ്ടിട്ടില്ല. കേരളം പോലെ ചെറിയ ഒരു സംസ്ഥാനത്ത് ഇതു പോലെയുള്ള നീക്കങ്ങളെന്തെങ്കിലും നടന്നാല്‍ അതു സമൂഹശ്രദ്ധയില്‍പ്പെടുക സ്വാഭാവികമാണ്. പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും പോരാത്തതിന് നൂറുകണക്കിന് സമൂഹമാധ്യമങ്ങളും വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന നാടാണ് കേരളം. ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ വലിയ വാര്‍ത്തയാവുമെന്നതില്‍ സംശയമില്ല.
കേരളാ പൊലിസ് ദേശീയതലത്തില്‍ നോക്കിയാല്‍ ഏറ്റവും മികവുള്ള സേനകളിലൊന്നാണെന്നു നിസ്സംശയം പറയാം. കേരളാ പൊലിസിന്റെ ഇന്റലിജന്‍സ് സംവിധാനവും കുറ്റാന്വേഷണ വിഭാഗവുമെല്ലാം മികച്ചതു തന്നെ. എത്ര രഹസ്യമായിട്ടാണെങ്കിലും ഐ.എസ് റിക്രൂട്ട്‌മെന്റ് പോലെയുള്ള കാര്യങ്ങള്‍ എവിടെയെങ്കിലും നടന്നാല്‍ അതു കണ്ടുപിടിക്കുക അത്ര ദുഷ്‌കരമാവില്ല എന്നര്‍ഥം. ഉന്നതവിദ്യാഭ്യാസം കിട്ടിയ ധാരാളം യുവാക്കളുള്ള കേരളത്തില്‍ ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്താണ് ഇവരെ ഐ.എസിനുവേണ്ടി റിക്രൂട്ടു ചെയ്തുകൊണ്ടുപോകുന്നതെന്നും ബെഹ്‌റ പറയുന്നുണ്ട്. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങിയവരെ വലിയ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് അഫ്ഗാനിസ്ഥാന്‍, സിറിയ മുതലായ രാജ്യങ്ങളിലേയ്ക്കു കൊണ്ടുപോകുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഇതു സംബന്ധിച്ച് ധാരാളം വിവരങ്ങള്‍ സേനയ്ക്കു കിട്ടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യഥാര്‍ഥത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ഈ വെളിപ്പെടുത്തലുകള്‍ക്ക് വലിയ മാനങ്ങളുണ്ട്. ഏറെ കാലമായി സംഘ്പരിവാര്‍ കേരളത്തെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നത് സംസ്ഥാനത്തെ തീവ്രവാദി - ഐ.എസ്. ബന്ധങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ്.
അതിന് കാരണമായി ഉയര്‍ത്തിക്കാട്ടുന്നത് ലൗ ജിഹാദ് വിഷയം ഉന്നയിച്ചുകൊണ്ടും. മുസ്‌ലിം യുവാക്കള്‍ പ്രണയം നടിച്ച് ക്രിസ്ത്യന്‍-ഹിന്ദു വിഭാഗങ്ങളിലെ കുട്ടികളെ വിവാഹം കഴിച്ച് ഐ.എസ് വഴിയിലേയ്ക്ക് കൊണ്ടുപോകുന്നുവെന്നാണ് ലൗ ജിഹാദ് വിവാദത്തിന്റെ പിന്നിലെ ആരോപണം. സംഘ്പരിവാര്‍ സംഘടനകള്‍ കേരളത്തിനെതിരായി ഉപയോഗിക്കുന്ന ഇതേ രീതിയിലുള്ള ആരോപണങ്ങള്‍ ഇവിടുത്തെ മുസ്‌ലിം സമുദായത്തെ ലക്ഷ്യംവച്ചുള്ളതാണെന്നതില്‍ സംശയമില്ല. അതില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളും പ്രധാനമാണ്. മുസ്‌ലിംകള്‍ എവിടെയായാലും തീവ്രവാദികളാണെന്നു പ്രചരിപ്പിക്കാനാണ് സംഘ്പരിവാറിന് എപ്പോഴും താല്‍പര്യം.
ബി.ജെ.പിയുടെ രാഷ്ട്രീയ താല്‍പര്യത്തിന് വലിയ പ്രത്യേകതകളുണ്ട്. ബി.ജെ.പിയുടെ ആദ്യത്തെ ലക്ഷ്യം കേരള സമൂഹത്തില്‍ ഒരു സാമുദായിക ചേരിതിരിവുണ്ടാക്കുക എന്നതായിരുന്നു. ഒരുവശത്ത് ഹിന്ദുസമുദായങ്ങള്‍ മുഴുവന്‍. മറുവശത്ത് മുസ്‌ലിംകളും ക്രിസ്ത്യാനികളും.
അമിത്ഷാ ആവിഷ്‌കരിച്ച സോഷ്യല്‍ എന്‍ജിനീയറിങ്ങിന്റെ അടിസ്ഥാന തത്വം ഇതു തന്നെയായിരുന്നു. 2016 നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി എസ്.എന്‍.ഡി.പി യോഗത്തിന്റെയും ഈഴവ സമുദായത്തിന്റെയും പിന്തുണയോടെ ബി.ഡി.ജെ.എസ് എന്ന പേരില്‍ പുതിയൊരു രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ചതും ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ്. പക്ഷേ ബി.ഡി.ജെ.എസിന്റെ വളര്‍ച്ച അത്രകണ്ട് നന്നായില്ല. കഴിഞ്ഞ പഞ്ചായത്ത് - നിയമസഭാ തെരഞ്ഞെടുപ്പുകളോടു കൂടി ബി.ഡി.ജെ.എസിന്റെ നില തീരെ പരുങ്ങലിലാവുകയും ചെയ്തു. കാരണം വളരെ ലളിതം തന്നെയാണ്. ഹിന്ദുത്വ ചിന്താഗതി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബി.ജെ.പിക്ക് കേരളത്തില്‍ ഇനിയും സ്വീകാര്യത കിട്ടിയിട്ടില്ല. ഹിന്ദുസമുദായങ്ങളില്‍ പോലും ബി.ജെ.പിക്ക് കാര്യമായ സ്വാധീനമുണ്ടാക്കാന്‍ കഴിയുന്നില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പോലെയല്ല കേരളം എന്നതാണ് സ്ഥിതി. കേരളത്തില്‍ ജനാധിപത്യവും പൗരസ്വാതന്ത്ര്യവും ജനിച്ചതും വളര്‍ന്നതും പ്രധാനമായും ദലിത്, പിന്നോക്ക സമുദായങ്ങള്‍ നടത്തിയ വലിയ സമരങ്ങളെ തുടര്‍ന്നാണ്. ആ സമരങ്ങളും അവയ്ക്കു നേതൃത്വം കൊടുത്ത വലിയ നേതാക്കളും അവര്‍ നല്‍കിയ ഉജ്ജ്വലമായ സന്ദേശങ്ങളുമാണ് ഇന്നും കേരള സമൂഹത്തെ നയിക്കുന്നതെന്നത് തന്നെ കാരണം.
ഈ പശ്ചാത്തലത്തിലാണ് ബി.ജെ.പി പുതിയൊരു സിദ്ധാന്തം കൊണ്ടുവന്നത്. കേരളത്തിന്റെ പ്രത്യേക സാമൂഹ്യ ചുറ്റുപാടില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ഇടയ്ക്ക് ഇടം കണ്ടെത്തണമെങ്കില്‍ ക്രിസ്ത്യന്‍ സമുദായങ്ങളുമായി നല്ല ബന്ധമുണ്ടാക്കിയേ മതിയാവൂ എന്നാണ് ഇപ്പോള്‍ ബി.ജെ.പി നേതൃത്വം കണ്ടുപിടിച്ചിരിക്കുന്നത്. അതിനു പറ്റിയ മാര്‍ഗമായാണ് ലൗ ജിഹാദിനെ അവര്‍ കണ്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണ വേളയില്‍ ബി.ജെ.പിയും സംഘ്പരിവാറും ലൗ ജിഹാദ് വിഷയവും ഐ.എസ് റിക്രൂട്ട്‌മെന്റും ഉയര്‍ത്തിയിരുന്ന കാര്യവും ഓര്‍ക്കണം. ചില ക്രിസ്ത്യന്‍ സംഘടനകളും സമുദായ നേതാക്കന്മാരും ഈ വഴിക്കു ചിന്തിക്കുകയും ചില പ്രചാരണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതാണ്. പക്ഷേ അതൊന്നും കേരള സമൂഹത്തില്‍ ഏശിയതേയില്ല താനും. മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസിന്റെ കാലത്ത് ലൗ ജിഹാദ്, ഐ.എസ് ബന്ധം എന്നിങ്ങനെയുള്ള വിഷയങ്ങളെപ്പറ്റി വിശദമായ പഠനങ്ങള്‍ നടത്തിയിരുന്നു. ലൗ ജിഹാദ് എന്നൊരു വിഷയമേ കേരളത്തിലില്ലെന്നാണ് അക്കാലത്ത് ജേക്കബ് പൂന്നൂസ് ഉറപ്പിച്ചു പറഞ്ഞത്.
കേരളം ഐ.എസ് റിക്രൂട്ടിങ് താവളമാണെന്ന് സംസ്ഥാന ഡി.ജി.പി തന്നെ പറയുമ്പോള്‍ അത് ഗൗരവതരം തന്നെയാണ്. അഞ്ചു വര്‍ഷത്തോളം കാലം കേരളത്തില്‍ പൊലിസ് മേധാവിയായിരുന്ന് സ്ഥാനമൊഴിയുന്ന ഘട്ടത്തില്‍ അദ്ദേഹം നടത്തുന്ന പ്രസ്താവന ആധികാരികമായിരിക്കണം. എന്തായാലും ഈ പ്രസ്താവനയെ സാധൂകരിക്കുന്ന തെളിവുകളൊന്നും പൊലിസ് കേരള സമൂഹത്തിനു മുന്നില്‍വച്ചിട്ടില്ല എന്നതും കാണണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."