സഊദിയിലെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് അടുത്ത മാസം
റിയാദ്: മുപ്പത് വർഷത്തിനിടയിൽ മെയ് മാസത്തിലെ ഏറ്റവും ഉയർന്ന താപ നിലയിലായിരുന്നു ഈ വർഷം രേഖപ്പെടുത്തിയതെന്നു സഊദി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ (എൻസിഎം) കാലാവസ്ഥാ സേവന വകുപ്പ് ഇക്കാര്യം വെളിപ്പെടുത്തി. ഈ വർഷം മെയ് മാസത്തിലെ ശരാശരി താപനില 1991 ന് ശേഷം ഇതേ മാസത്തിലെ ഏറ്റവും ഉയർന്നതയായിരുന്നുവെന്നാണ് സെന്റർ വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ മെയ് മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷത്തെ മെയ് മാസത്തിലെ താപനിലയാണ് ഏറ്റവും ഉയർന്നതെന്ന് എൻസിഎം ട്വിറ്റർ അക്കൗണ്ടിൽ പറഞ്ഞു.
ഈ വർഷത്തെ രാജ്യത്തെ ഉയർന്ന ചൂട് അടുത്ത മാസം ഓഗസ്റ്റിൽ ആയിരിക്കുമെന്ന് നാഷണൽ മെറ്റീരിയോളജി സെന്റർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. റിയാദിൽ ആഗസ്റ്റ് മാസം കടുത്തതായിരിക്കും. ഇവിടെ ശരാശരി താപനില 29.2 ഡിഗ്രിക്കും 43.6 ഡിഗ്രിക്കും ഇടയിലായിരിക്കും.
ഇത് വരെ രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയിൽ ജിദ്ദ നഗരമാണ് മുന്നിൽ. 2010 ൽ ഇവിടെ 52.3 ഡിഗ്രി വരെ ചൂട് ഉയർന്നതായാണ് കണക്കുകൾ. അതേ വർഷം തന്നെ 53.5 ഡിഗ്രി ചൂട് അനുഭവപ്പെട്ട പാകിസ്ഥാൻ നഗരമായ മൊഹൻജൊദാരോ ആയിരുന്നു ഒന്നാമത്.
അതേസമയം, വേനൽക്കാലത്ത് ഉയർന്ന താപനിലയിൽ നിന്ന് സംരക്ഷിക്കുന്നതിന് ഫാമിലി അഫയേഴ്സ് കൗൺസിൽ വിവിധ നിർദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. കൂടുതൽ വെള്ളം കുടിക്കുക, ചൂട് ഉൽപാദിപ്പിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുക, വീടിന്റെ സാധ്യമായ ഇടങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുക, സൺസ്ക്രീൻ ഉപയോഗിക്കുക, തല മൂടുക, സൺഗ്ലാസ് ധരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് കൗൺസിൽ മുന്നോട്ട് വെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."