HOME
DETAILS
MAL
കോഴിക്കോട്ട് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്
backup
July 01 2021 | 22:07 PM
കോഴിക്കോട്: നഗരം കേന്ദ്രീകരിച്ച് രഹസ്യമായി പ്രവര്‍ത്തിച്ചുവന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തി. ഇന്റലിജന്‍സ് ബ്യൂറോയുടെ പരിശോധനയിലാണിത് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു.
ജില്ലയില്‍ ആറിടത്ത് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കൊളത്തറ ശാരദാ മന്ദിരം ആഷിഖ് മന്‍സിലില്‍ ജുറൈസ് (24) ആണ് പിടിയിലായത്.
കസബ പൊലിസ് സ്റ്റേഷന് പരിധിയിലെ യശോദ ബില്‍ഡിങ്, പുതിയറ കെ.എം.എ ബില്‍ഡിങ്, ശ്രീനിവാസ ലോഡ്ജിനു സമീപമുള്ള ബില്‍ഡിങ്, മൂരിയാട്ടുള്ള അമന് പ്ലൈവുഡ് സ്ഥിതി ചെയ്യുന്ന ബില്‍ഡിങ്, മാങ്കാവ് വി.ആര്.എസ് കോംപ്ലക്സ്, നല്ലളം പൊലിസ് സ്റ്റേഷന് പരിധിയിലെ കുണ്ടായിത്തോട് സന്തോഷ് ബില്‍ഡിങ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ഇവിടെങ്ങളിലെല്ലാം സമാന്തര എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇന്നലെ പുലര്‍ച്ചെയോടെയാണ് ഇന്റലിജന്‍സ്, സൈബര്‍ സെല്‍ വിദഗ്ധര്‍, സ്പെഷ്യല്‍ ബ്രാഞ്ച്, ബി.എസ്.എന്‍.എല്‍ തുടങ്ങിയ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. പിടിയിലായ ജുറൈസിനെ അന്വേഷണോദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്. ജുറൈസിനെ വീട്ടില്‍നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
ആറുമാസം മുമ്പാണ് ജുറൈസ് കെട്ടിടം വാടകയ്ക്കെടുത്തതെന്ന് കെട്ടിട ഉടമ അബ്ദുറഹ്മാന് പറഞ്ഞു.
എഗ്രിമെന്റില്‍ നവാസ് എന്നാണ് പേര് നല്‍കിയിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. നെറ്റ്വര്‍ക്ക് എന്ന പേരിലാണ് കട വാടകയ്ക്കെടുത്തതെന്നും അബ്ദുറഹ്മാന് പറഞ്ഞു. ജുറൈസ് ഇടയ്ക്ക് വന്നുപോകുകയാണ് ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമാണ് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."