കുരിക്കളോട് അന്ന് രാജ്ഞി പറഞ്ഞു 'ഐ നോ കേരളാ വെല്‍'
എലിസബത്ത് രാജ്ഞിയുടെ അതിഥിയായി ബക്കിങ് ഹാം പാലസിലെത്തിയതും വിരുന്നില്‍ പങ്കെടുത്തതും ഓര്‍ത്തെടുത്ത് മുന്‍ എം.എല്‍.എ എം.പി.എം ഇസ്ഹാഖ് കുരിക്കള്‍
മഞ്ചേരി: എലിസബത്ത് രാജ്ഞിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് മഞ്ചേരിയുടെ മുന്‍ എം.എല്‍.എ എം.പി.എം ഇസ്ഹാഖ് കുരിക്കള്‍ തന്റെ സ്വീകരണ മുറിയിലെത്തി. നിധിപോലെ ചുമരില്‍ തൂക്കിയിട്ട രാജ്ഞിയോടൊപ്പം നില്‍ക്കുന്ന മൂന്നര പതിറ്റാണ്ട് പഴക്കമുള്ള ചിത്രം കൈയിലെടുത്ത് ഒത്തിരിനേരം നോക്കിനിന്നു. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് എലിസബത്ത് രാജ്ഞിയുടെ അതിഥിയായി ബക്കിങ് ഹാം പാലസിലെത്തിയതും ഒരുമിച്ച് ഭക്ഷണം കഴിച്ചതും ഇന്നലെ കഴിഞ്ഞതെന്ന പോലെ അദ്ധേഹത്തിന്റെ ഓര്‍മയിലുണ്ട്. 1985ല്‍ എം.എല്‍.എ ആയിരിക്കെ ബ്രിട്ടനില്‍ നടന്ന കോമണ്‍വെല്‍ത്ത് പാര്‍ലമെന്റ് സെമിനാറിലാണ് ഇസ്ഹാഖ് കുരിക്കള്‍ പങ്കെടുത്തത്.
ഒമ്പത് രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് സെമിനാറിലെത്തിയത്. ഇന്ത്യയില്‍ നിന്ന് മൂന്ന് പേര്‍ക്ക് മാത്രമാണ് ക്ഷണം ഉണ്ടായിരുന്നത്. കേരളത്തില്‍ നിന്ന് കുരിക്കളും മണിപ്പൂര്‍ മുഖ്യമന്ത്രിയായിരുന്ന തമ്പോക്ക് സിങ്, ബംഗാള്‍ ആഭ്യന്തരമന്ത്രി പി.പി പഥക് എന്നിവരായിരുന്നു ഇന്ത്യയില്‍ നിന്നുള്ളവര്‍. ഇസ്ഹാഖ് കുരിക്കളാണ് ഇന്ത്യയില്‍ നിന്നുള്ള സംഘത്തെ നയിച്ചത്. വിമാനത്താവളത്തിലെത്തിയ സംഘത്തെ പൊലിസ് എസ്‌കോര്‍ട്ടോടെയാണ് പാലസിലെത്തിച്ചത്.
[caption id="attachment_1100101" align="aligncenter" width="360"] ഇസ്ഹാഖ് കുരിക്കള്‍ എലിസബത്ത് രാഞ്ജിയോടൊപ്പം. മധ്യത്തില്‍ ഡന്‍മാര്‍ക്ക് സ്പീക്കര്‍ ജി.ഡി പയസ്[/caption]സെമിനാറില്‍ പങ്കെടുത്തതിന് ശേഷം രാഞ്ജിയോടൊപ്പം ഭക്ഷണം കഴിക്കാനും അവസരം ലഭിച്ചു. കേരളത്തില്‍ നിന്നാണ് താന്‍ വരുന്നതെന്ന് അറിയിച്ചപ്പോള്‍ 'ഐ നോ കേരളാ വെല്‍' എന്നായിരുന്നു രാഞ്ജിയുടെ മറുപടി. ഊട്ടിയില്‍ തന്റെ ബന്ധുക്കള്‍ ഉണ്ടായിരുന്നെന്നും കേരളത്തെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞതായി അദ്ദേഹം വിവരിച്ചു. സെമിനാറില്‍ ഒട്ടേറെ നിര്‍ദേശങ്ങള്‍ താന്‍ സമര്‍പ്പിച്ചു. രാഞ്ജിയുടെ കൂടെയുള്ള വിരുന്നും സെമിനാറും തനിക്ക് മറക്കാനാകാത്ത ഓര്‍മകളാണ് സമ്മാനിച്ചതെന്നും അദ്ദേഹം ഓര്‍ത്തു.
നിയമസഭ സമ്മേളനത്തിനിടെയാണ് ബ്രിട്ടനിലേക്ക് ക്ഷണം ഉള്ളതായി അറിഞ്ഞത്. അന്നത്തെ നിയമസഭ സെക്രട്ടറി ജോസഫ് മാത്യൂ തന്നെ നേരില്‍ക്കണ്ട് സന്തോഷവാര്‍ത്ത അറിയിച്ചു. നിങ്ങള്‍ ഭാഗ്യവാനാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ സമയം സീതിഹാജി തന്റെ അടുത്തുണ്ടായിരുന്നു. നിയമസഭയില്‍ കേവല ഭൂരിപക്ഷം മാത്രമുള്ളതിനാല്‍ കുരിക്കള്‍ എവിടെയും പോകേണ്ടെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
എലിസബത്ത് രാജ്ഞിയുടെ അതിഥിയായി പോകാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്ന് താന്‍ മുഖ്യമന്ത്രി കെ.കരുണാകരനോട് പറഞ്ഞു. അദ്ദേഹം തന്റെ തോളില്‍തട്ടി അഭിനന്ദിച്ചു. മറുത്തൊന്ന് ആലോചിക്കാതെ സമ്മതവും തന്നു. മറ്റാര്‍ക്കും ലഭിക്കാത്ത സുവര്‍ണാവസരമാണ് താങ്കള്‍ക്ക് ലഭിച്ചതെന്നും കുരിക്കള്‍ പോയിവരൂവെന്നും പറഞ്ഞാണ് മുഖ്യമന്ത്രി യാത്രയാക്കിയത്. രാജ്ഞിയുടെ വിയോഗവാര്‍ത്ത തന്നെ വേദനിപ്പിച്ചെന്ന് കുരിക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."