രാഹുൽ ലക്ഷ്യം കാണുമോ?
പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311
രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ യാത്ര' കേരളത്തിലേക്ക് കടന്നിരിക്കുന്നു. തമിഴ്‌നാട്ടിൽ വൻ ജനാവലിയെ ആകർഷിച്ച രാഹുൽ ഗാന്ധിക്ക് കേരളത്തിലും മികച്ച സ്വീകരണം ലഭിക്കുമെന്നത് ഉറപ്പാണ്. ഇന്നും കോൺഗ്രസിനു വേരോട്ടമുള്ള സംസ്ഥാനങ്ങളിലൊന്നാണു കേരളം എന്നതാണ് കാരണം. പ്രാദേശിക പാർട്ടികൾക്കു മുൻതൂക്കം ഏറെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും കോൺഗ്രസിന് ആശ്വാസം പകരുന്നുണ്ട്. തെലങ്കാനയും താമിഴ്‌നാടുമെല്ലാം ബി.ജെ.പി വിരുദ്ധരായ പ്രാദേശിക കക്ഷികളാണു ഭരിക്കുന്നത്. കന്യാകുമാരിയിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഉദ്ഘാടനം ചെയ്തതുതന്നെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ്.
1960കളിലാണ് തമിഴ്‌നാട്ടിൽ ദ്രാവിഡ രാഷ്ട്രീയം കുതിപ്പു തുടങ്ങിയത്. 1967ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ കോൺഗ്രസിനെ പിന്നിലാക്കി ഡി.എം.കെ മുന്നിലെത്തി. ജവഹർലാൽ നെഹ്‌റു നിർദേശിച്ചതുപ്രകാരം സംസ്ഥാനത്തെ കോൺഗ്രസിന്റെ എല്ലാമെല്ലാമായിരുന്ന കെ. കാമരാജ് കോൺഗ്രസ് ദേശീയ പ്രസിഡൻ്റായി ഡൽഹിക്കു പോയിരുന്നു. അതേസമയത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 138 സീറ്റുമായി ഡി.എം.കെ അധികാരത്തിലെത്തുകയും ചെയ്തു. പിന്നീട് ദ്രാവിഡ രാഷ്ട്രീയം പിളരുന്നതും വിവിധ പാർട്ടികൾ ഉയരുന്നതും താമിഴ്‌നാടു കണ്ടു. പക്ഷേ ഒരിക്കലും കോൺഗ്രസിന് തമിഴ്‌നാട്ടിൽ ദ്രാവിഡ് മുന്നേറ്റത്തെ ചെറുക്കാനായില്ല. ഏറ്റവുമൊടുവിൽ എം.കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ ഭരണം വീണ്ടും. ഒരു മൈനർ പങ്കാളിയായി ഭരണമുന്നണിയിൽ കോൺഗ്രസുമുണ്ടെന്നു മാത്രം. അതിന്റെ ബലത്തിൽ തന്നെയാണ് മുഖ്യമന്ത്രി സ്റ്റാലിൻ കന്യാകുമാരിയിലെത്തി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഉദ്ഘാടനം ചെയ്തത്.
1967നു ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് ഒരിക്കലും അധികാരത്തിൽ വന്നില്ല. അന്ന് അധികാരം നഷ്ടപ്പെട്ട പല സംസ്ഥാനങ്ങളിലും അതു തന്നെയായിരുന്നു സ്ഥിതി. കേരളത്തിലാവട്ടെ, 1967ൽ പരാജയപ്പെട്ട കോൺഗ്രസ് പിന്നീടുള്ള തെരഞ്ഞെടുപ്പുകളിലൊക്കെ ഒന്നിടവിട്ട ഇടവേളകളിൽ ഭരണമുറപ്പിച്ചു. ഏറ്റവുമൊടുവിൽ, 2021ൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഭരണത്തുടർച്ച നേടിയപ്പോൾ മാത്രം കോൺഗ്രസ് പരാജയപ്പെട്ടു. പക്ഷേ ഇവിടെ കോൺഗ്രസ് പാർട്ടി ഇപ്പോഴും സജീവമാണ്.
കോൺഗ്രസിന് ചലനാത്മക സംഘടനയുണ്ടെന്നതാണ് കേരളത്തിലെ പ്രത്യേകത. രണ്ടാമതും ഭരണം തുടരുന്ന ഇടതുപക്ഷത്തെ നിയമസഭയിൽ നേരിടാൻ തക്ക കരുത്തുള്ള ഒരു പ്രതിപക്ഷവുമുണ്ട്. അറുപതുകളിലും എഴുപതുകളിലും വൻ കുതിപ്പോടെ വളർന്ന വിദ്യാർഥി-യുവജന സംഘടനകൾ തന്നെയാണ് ഇത്രയും കാലം കോൺഗ്രസിനെ പിടിച്ചുനിർത്തിയതെന്ന കാര്യവും വളരെ പ്രധാനം.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കേരളമല്ല വലിയ പ്രശ്‌നം. കന്യാകുമാരിയിൽ നിന്നു വലിയ ജനാരവത്തിന്റെ പശ്ചാത്തലത്തിൽ തുടങ്ങിയ ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കാൻ കഴിയുമോ? യാത്രയ്ക്കു നേതൃത്വം നൽകി ഭാരതം മുഴുവൻ കാൽനടയാത്ര നടത്താൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന രാഹുൽ ഗാന്ധിക്ക് വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരേ വെല്ലുവിളി ഉയർത്താൻ കഴിയുമോ?
രാജ്യമൊട്ടാകെ കാൽനടയായി സഞ്ചരിക്കാനും വിവിധ ജനവിഭാഗങ്ങളെ കണ്ട് അവരുടെ പ്രശ്‌നങ്ങളും വിശേഷങ്ങളും നേരിട്ടറിയാനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുന്നിട്ടിറങ്ങുന്നത് മഹാസംഭവം തന്നെയാണ്. യാത്രയുടെ ലക്ഷ്യവും അതിന്റെ ഗൗരവവും ബി.ജെ.പി ഉൾക്കൊള്ളുകയും ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധി തമിഴ്‌നാട്ടിലെ ഹിന്ദുവിരുദ്ധനായ ക്രിസ്ത്യൻ പുരോഹിതനുമായി ചർച്ച നടത്തി, വിലകൂടിയ വിദേശ നിർമിത ടീഷർട്ട് ധരിച്ച് യാത്രയിൽ പങ്കെടുക്കുന്നു എന്നിങ്ങനെയുള്ള ആക്ഷേപങ്ങൾ ബി.ജെ.പി തൊടുത്തുവിടാൻ തുടങ്ങിയതിനു കാരണവും മറ്റൊന്നല്ല.
ചന്ദ്രശേഖറിൻ്റെ പദയാത്ര
പലതരം കാൽനടയാത്രകളും രഥയാത്രകളും കണ്ടിട്ടുണ്ട് ഇന്ത്യൻ ജനാധിപത്യം. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നും ശോഭയോടെ സ്ഥാനംപിടിച്ചിരിക്കുന്നത് ജനതാ പാർട്ടി അധ്യക്ഷനായിരുന്ന ചന്ദ്രശേഖറിന്റെ പദയാത്രയാണ്. കോൺഗ്രസിനെതിരേ നടത്തിയ ഒരു പദയാത്ര. 1983 ജനുവരി ആറിനു കന്യാകുമാരിയിൽ തുടങ്ങി 173 ദിവസം കൊണ്ട് ഡൽഹിയിലെ രാജ്ഘട്ടിൽ സമാപിച്ച ആ വലിയ പദയാത്ര ഇന്ത്യൻ രാഷ്ട്രീയത്തിൽത്തന്നെ വലിയ ചലനം സൃഷ്ടിച്ചു. ഇന്ത്യയിലെ ഗ്രാമങ്ങളുടെയും ദരിദ്രരായ ഗ്രാമീണരുടെയും പ്രശ്‌നങ്ങൾ പഠിക്കാനും അതു കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുമാണ് ചന്ദ്രശേഖർ അന്നു യാത്ര നടത്തിയത്. അതിലൂടെ സ്വയം ജനശ്രദ്ധ നേടാനും ഇന്ത്യൻ രാഷ്ട്രീയത്തിൽ വേരുറപ്പിക്കാനും. വി.പി സിങ്ങ് മന്ത്രിസഭയുടെ വീഴ്ചയോടെ 1990ൽ ചന്ദ്രശേഖർ കോൺഗ്രസിന്റെ പിന്തുണയോടെ പ്രധാനമന്ത്രിയായി. പാർലമെൻ്റിൽ ഭൂരിപക്ഷം കിട്ടാഞ്ഞതിനാൽ രാജിവയ്‌ക്കേണ്ടി വന്നു.
ചൈതന്യരഥം
രാഷ്ട്രീയമായി ഏറെ കോളിളക്കം സൃഷ്ടിച്ച രഥയാത്ര നടത്തി മുഖ്യമന്ത്രി സ്ഥാനം തിരികെപിടിച്ച നേതാവാണ് ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ടി രാമറാവു. 1983 ജനുവരിയിലാണ് വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസിനെ തോൽപ്പിച്ച് എൻ.ടി.ആറിന്റെ തെലുങ്കുദേശം പാർട്ടി ആന്ധ്രാപ്രദേശിൽ അധികാരമേറ്റത്. 1984 ഒാഗസ്റ്റ് 15ന് സംസ്ഥാന ഗവർണർ താക്കൂർ രാംലാൽ എൻ.ടി.ആറിനെ പിരിച്ചുവിട്ടു. ഹൃദയശസ്ത്രക്രിയയ്ക്കായി രാമറാവു അമേരിക്കയിൽ പോയ സമയത്തായിരുന്നു ഗവർണറുടെ നടപടി. കോൺഗ്രസിതര മുഖ്യമന്ത്രി ആന്ധ്രാപ്രദേശിൽ ഭരണം നടത്തുന്നതിനോടുള്ള എതിർപ്പായിരുന്നു അന്നു കോൺഗ്രസിന്. കോൺഗ്രസിൽ പ്രധാന നേതാവായിരുന്ന എൻ.ടി.ആറിനൊപ്പം ചേർന്ന എൻ. ഭാസ്‌ക്കരറാവുവിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചായിരുന്നു കോൺഗ്രസിന്റെ നീക്കം. എം.എൽ.എമാരെ മുഴുവൻ വശത്താക്കാൻ കോൺഗ്രസിൽ കഴിഞ്ഞതുമില്ല. മടങ്ങിവന്ന രാമറാവു ചൈതന്യരഥത്തിൽ യാത്ര പ്രഖ്യാപിച്ചു. സ്വന്തം ഭാഗത്തുള്ള എം.എൽ.എമാരെ മുഴുവൻ മൈസൂറിലെ ഹോട്ടലിൽ താമസിപ്പിച്ചു. ചൈതന്യരഥത്തിലേറി കേന്ദ്രവിരുദ്ധ പ്രചാരണവുമായി രാമറാവു സംസ്ഥാനമൊട്ടുക്കു പര്യടനം നടത്തി. പ്രതിപക്ഷ കക്ഷികളുടെയൊക്കെയും പിന്തുണ ആർജിക്കാൻ രാമറാവുവിനു കഴിഞ്ഞു. ജനതാ പാർട്ടി, ഇടതുകക്ഷികൾ, ബി.ജെ.പി, ഡി.എം.കെ, നാഷനൽ കോൺഗ്രസ് എന്നീ പ്രമുഖ പ്രതിപക്ഷ കക്ഷികളൊക്കെയും തെലുങ്കുദേശത്തിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങി. രാമറാവുവിന്റെ രഥയാത്ര തിരുപ്പതിയിൽ സമാപിച്ചപ്പോൾ സി.പി.എം ജനറൽ സെക്രട്ടറി ഇ.എം.എസ് നമ്പൂതിരിപ്പാട് ഡൽഹിയിൽ നിന്നെത്തി മുഖ്യപ്രസംഗകനായി. ഒടുവിൽ കേന്ദ്രം രാംലാലിനെ ഗവർണർ സ്ഥാനത്തുനിന്നു മാറ്റി പകരം ശങ്കർ ദയാൽ ശർമയെ ഗവർണറാക്കി. ഭൂരിപക്ഷം എം.എൽ.എമാരും വിട്ടുപോരാതിരിക്കുകയും പ്രതിപക്ഷ കക്ഷികളുടെ സമ്മർദം കലശലാവുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനു വേറെ വഴിയുണ്ടായിരുന്നില്ല. എൻ.ടി രാമറാവുവിനെ വീണ്ടും മുഖ്യമന്ത്രിയാക്കേണ്ടി വന്നു കേന്ദ്ര സർക്കാരിന്.
അദ്വാനിയുടെ രഥയാത്ര
സമീപകാലത്തെ ഏറ്റവും പ്രധാനപ്പെട്ട രഥയാത്ര നടത്തിയത് ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയാണ്. 1990 സെപ്റ്റംബർ 25ന് തുടങ്ങി ഒക്‌ടോബർ 30ന് അയോധ്യയിൽ അവസാനിക്കുംവിധമായിരുന്നു യാത്ര സംഘടിപ്പിച്ചത്. അയോധ്യയിലെ പള്ളിക്ക് പകരം രാമക്ഷേത്രം നിർമിക്കണം എന്നായിരുന്നു യാത്രയുടെ ആവശ്യം. ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ബിഹാർ ഗവൺമെന്റ് അദ്വാനിയെ അറസ്റ്റ് ചെയ്തു. യാത്രയ്ക്കിടെ പലയിടത്തും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഇന്ന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ വളർച്ച തുടങ്ങിയത് ആ രഥയാത്രയിൽ നിന്നാണ്.
വെല്ലുവിളികൾ
രാഹുൽ ഗാന്ധിക്ക് എത്ര കണ്ട് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നേരിടാനാവുമെന്നതു തന്നെയാണ് ഭാരത് ജോഡോ യാത്രയ്ക്കു മുന്നിൽ ഉയരുന്ന ചോദ്യം. കേരളത്തിൽ കൂടി നീങ്ങുമ്പോൾ യാത്രക്ക് ജനപിന്തുണ അതിശക്തമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഈ ശക്തി കൊണ്ടു തന്നെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ 19 സീറ്റ് നേടിയെടുക്കാൻ കഴിഞ്ഞത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി അധിക കാലമില്ല.പ്രതിപക്ഷകക്ഷികളെയൊക്കെ ഒരു ചരടിൽ കോർത്തു കെട്ടണമെങ്കിൽ കോൺഗ്രസിനു കരുത്തുണ്ടാവണം. അതിനു കരുത്തുള്ള നേതാക്കൾ മുകളിലുണ്ടാവണം. ഈ യാത്രയിൽ കോൺഗ്രസിന്റെ നേതൃത്വം ബലപ്പെടുത്തിയെടുക്കാൻ രാഹുൽ ഗാന്ധിക്കു കഴിയുമോ? സംഘടനയ്ക്കു പുതിയ ശക്തി പകരാൻ കഴിയുമോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."