കുഞ്ഞിന്റെ കാര്യം കുഞ്ഞിക്കാര്യമല്ല
മുഹമ്മദ്
യാ അബാ ഉമൈര്‍, മാ ഫഅലന്നുഗൈര്‍?''
''ഹേ, അബൂ ഉമൈര്‍, നിന്റെ കുഞ്ഞിക്കുരുവിക്കെന്തു പറ്റി?!''
ഇതൊരു ജീവല്‍പ്രധാനമായ ചോദ്യമാണോ എന്നു ചോദിച്ചാല്‍ അല്ല എന്നു തന്നെയാണുത്തരം. ഒരു രാഷ്ട്രത്തെയോ സമൂഹത്തെയോ ബാധിക്കുന്ന ഗുരുതരപ്രശ്‌നത്തെ സംബന്ധിച്ച ചോദ്യവുമല്ല. നീതിനിഷേധത്തിനോ അധികാരമുഷ്‌കിനോ എതിരില്‍ തൊടുത്തുവിട്ടതുമല്ല ഈ ചോദ്യം. എന്നിട്ടും എന്തുകൊണ്ടായിരിക്കും ചരിത്രം അതിന്റെ തങ്കത്താളുകളില്‍ ഏറെ പ്രധാന്യത്തോടെ ഈ ചോദ്യം രേഖപ്പെടുത്തിവച്ചിട്ടുണ്ടാവുക..?
വിഷയത്തിലേക്കു വരുന്നതിനു മുന്‍പ് ചോദ്യത്തിന്റെ ചരിത്രപശ്ചാത്തലം പറയാം:
പ്രവാചകാനുചരനായ അനസ് ബിന്‍ മാലികിന് അബൂ ഉമൈര്‍ എന്നു പേരുള്ള ഒരു കുഞ്ഞനിയനുണ്ടായിരുന്നു. ആ കുഞ്ഞനിയന് കളിക്കൂട്ടായി ഒരു കുഞ്ഞിക്കുരുവിയുമുണ്ടായിരുന്നു. ഒരിക്കല്‍ ആ കുരുവി ചത്തുപോയി. ഒരു കൊച്ചുകുട്ടിയെ സംബന്ധിച്ചിടത്തോളം ദു:ഖജനകമായ കാര്യമായിരിക്കുമല്ലോ അത്. തന്റെ പ്രയപ്പെട്ട കളിക്കൂട്ടുകാരന്‍ വിട പറഞ്ഞതില്‍ അദ്ദേഹത്തിനു വലിയ സങ്കടമായി. അതറിഞ്ഞ പ്രവാചകതിരുമേനി ആശ്വസിപ്പിക്കാനെന്നവണ്ണം ചോദിച്ചു:
''ഹേ, അബൂ ഉമൈര്‍, നിന്റെ കുഞ്ഞിക്കുരിവിക്കെന്തു പറ്റി?!''
ലോകത്ത് ഏറ്റവും കൂടുതല്‍ ഭാരിച്ച ഉത്തരവാദിത്തങ്ങളുള്ള വിഭാഗമാണ് പ്രവാചകന്മാര്‍. അവര്‍ക്കിടയില്‍ തന്നെ ഏറ്റവും ഭാരമേറിയ ഉത്തരവാദിത്തങ്ങളുള്ള വ്യക്തിയാണ് പ്രവാചകതിരുമേനി. നടുവൊടിക്കുന്നതും ഉറക്കം കെടുത്തുന്നതുമായ നൂറുകൂട്ടം പ്രശ്‌നങ്ങള്‍ അവിടുത്തേക്ക് ശ്രദ്ധിക്കേണ്ടതും പരിഹരിക്കേണ്ടതുമായിട്ടുണ്ട്. എന്നിട്ടും തന്റെ സമൂഹത്തിലെ ഒരു കൊച്ചുകുഞ്ഞിന്റെ കൊച്ചുസങ്കടം പോലും പരിഗണനയില്‍ പ്രാധാന്യത്തോടെ വന്നു എന്നിടത്താണ് ഉപര്യുദ്ധൃത ചോദ്യം സഗൗരവശ്രദ്ധ അര്‍ഹിക്കുന്നത്.
കുഞ്ഞുങ്ങളുടെ കാര്യങ്ങളെല്ലാം നമുക്ക് കുഞ്ഞിക്കാര്യങ്ങളാണ്. എന്നു കരുതി കുഞ്ഞുങ്ങള്‍ക്കും അതങ്ങനെയാണെന്നു ധരിക്കുന്നത് ശരിയല്ല. കുഞ്ഞുങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നാം നമ്മുടെ സ്‌കെയില്‍ വച്ച് അളന്നാല്‍ അതെല്ലാം ചിരിച്ചുതള്ളാവുന്ന വിഷയങ്ങള്‍ മാത്രമായിരിക്കും. എന്നാല്‍, ആ അളവെടുപ്പാണ് പ്രശ്‌നം. എന്റെ ദു:ഖം നിങ്ങളുടെ കണ്ണില്‍ ദു:ഖമല്ലെന്നു കരുതി എനിക്കത് ദു:ഖമല്ലാതാകുന്നില്ലല്ലോ. നിങ്ങളുടെ സന്തോഷം എനിക്കു സന്തോഷമല്ലെന്നു കരുതി നിങ്ങള്‍ക്കത് സന്തോഷമല്ലാതാകുന്നില്ല. പ്രശ്‌നമെന്താണെന്നു പരിശോധിക്കുന്നതോടൊപ്പം ആ പ്രശ്‌നം ആരാണ് അഭിമുഖീകരിക്കുന്നതെന്നും ശ്രദ്ധിക്കണം. എന്നിട്ടുവേണം വിഷയം കൈകാര്യം ചെയ്യാന്‍.
ഉറുമ്പുകളെ ശ്രദ്ധിച്ചിട്ടില്ലേ. അവ വഹിക്കുന്ന ഭാരങ്ങള്‍ നമുക്ക് പരമനിസാരമായിരിക്കും. അവിടെ ആ ഭാരങ്ങളെ മാത്രം കണ്ടാല്‍ പോരാ, അവ വഹിക്കുന്നത് എത്രമാത്രം ചെറിയ ജീവിയാണെന്നു കൂടി നോക്കണം. ഉറുമ്പുകള്‍ക്ക് തങ്ങളുടെ ശരീരഭാരത്തേക്കാള്‍ അനേകമിരട്ടി വരുന്ന ഭാരങ്ങള്‍ വഹിക്കാനുള്ള ശേഷിയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആരോഗ്യത്തില്‍ ഉറുമ്പുകള്‍ മനുഷ്യനെ തോല്‍പിക്കുമെന്നര്‍ഥം!. നമുക്ക് നമ്മുടെ ഭാരത്തേക്കാള്‍ വലിയ ഭാരങ്ങള്‍ വഹിക്കാനാകുമോ...? വഹിക്കാനാകുമെങ്കില്‍ തന്നെ എത്ര..?
പത്തുരൂപ വില വരുന്ന കളിപ്പാട്ടം നഷ്ടപ്പെട്ടതിന്റെ വേദനയിലായിരിക്കും കുഞ്ഞുങ്ങള്‍ കരഞ്ഞാര്‍ക്കുന്നത്. കളിപ്പാട്ടം നഷ്ടപ്പെടുകയെന്നത് നമ്മെ സംബന്ധിച്ചിടത്തോളം പ്രസ്താവയോഗ്യമായ പ്രശ്‌നമേയല്ല. എന്നു കരുതി അതിനെ അവഗണിച്ചുതള്ളാവതല്ല. നിസാര വിലയുള്ള ഒരു കളിപ്പാട്ടം നഷ്ടപ്പെട്ടു എന്നല്ല, ഒരു മനുഷ്യന്റെ ഏറ്റവും പ്രിയപ്പെട്ട വസ്തു നഷ്ടപ്പെട്ടു എന്നാണ് അവിടെ കാണേണ്ടത്. അതൊരു ദുര്‍ബലമാനസനായ കുഞ്ഞിന്റെതാണെന്നു കൂടി പരിഗണിക്കുമ്പോള്‍ വിഷയത്തിനു ഗൗരവം വര്‍ധിക്കും. നമുക്ക് നമ്മുടെ ഏറ്റവും പ്രിയപ്പെട്ട വസ്തു നഷ്ടപ്പെട്ടാല്‍ അതെത്രത്തോളം താങ്ങാനാകും..? കുഞ്ഞുങ്ങളുടെ നഷ്ടദു:ഖങ്ങള്‍ കൂടുതല്‍ നീണ്ടുനില്‍ക്കാറില്ല. ദിവസമൊന്നു പിന്നിടുമ്പോഴേക്കും അവരതു മറന്നുകഴിഞ്ഞിട്ടുണ്ടാകും. എന്നാല്‍ നമുക്ക് അതിനു കഴിയാറുണ്ടോ..? ദിവസങ്ങളോളം ആ ദു:ഖവുമേറ്റി നടക്കില്ലേ.. ചിലര്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുകപോലും ചെയ്യില്ലേ.. വകതിരിവ് എത്താത്ത ഏതെങ്കിലും കുഞ്ഞുങ്ങള്‍ ആത്മഹത്യചെയ്ത വാര്‍ത്ത കേട്ടിട്ടുണ്ടോ...? അപ്പോള്‍ നഷ്ടങ്ങള്‍ താങ്ങാന്‍ നമുക്ക് ശേഷിയില്ലെങ്കില്‍ കുഞ്ഞുങ്ങളുടെ നഷ്ടദു:ഖങ്ങളെ നിസാരമായി തള്ളാന്‍ ഒട്ടും അവകാശമില്ല. കളിപ്പാട്ടത്തിന്റെ യഥാര്‍ഥ വില അവര്‍ക്കറിയില്ലെങ്കിലും കളിപ്പാട്ടത്തിന് അവര്‍ കല്‍പിക്കുന്ന വില അവര്‍ക്കേ അറിയൂ.
കുഞ്ഞുങ്ങളുടെ ചോദ്യങ്ങള്‍ നമുക്ക് കുഞ്ഞിച്ചോദ്യങ്ങളായിരിക്കും. എന്നു കരുതി അവയെ പുച്ഛിച്ചുതള്ളാന്‍ ഒരുവിധ അനുവാദവുമില്ല. കൃത്യമായ ഉത്തരങ്ങല്‍ നല്‍കപ്പെടേണ്ട മഹാ ചോദ്യങ്ങള്‍ തന്നെയാണവ. നമ്മുടെ നിഷ്‌കളങ്കമായ ഏതെങ്കിലുമൊരു ചോദ്യം അഭ്യസ്ഥവിദ്യരായ ആരെങ്കിലും പുച്ഛിച്ചുതള്ളിയാല്‍ അതു നമുക്കു സഹിക്കാന്‍ സാധിക്കുമോ..? നമുക്ക് സഹിക്കാന്‍ കഴിയില്ലെങ്കില്‍ ദുര്‍ബലമാനസരായ കുഞ്ഞുങ്ങള്‍ക്ക് അതു സഹിക്കാനാകുമെന്നാണോ..?
കുഞ്ഞുങ്ങളാണെന്നത് ഒരിക്കലും അവഗണന അര്‍ഹിക്കാനുള്ള ന്യായമായിക്കൂടാ. അവരും മനുഷ്യരാണ്. അവര്‍ക്കുമുണ്ട് വികാരവിചാരങ്ങള്‍. അവരുടെ സങ്കടങ്ങളും സന്തോഷങ്ങളും ആവശ്യങ്ങളും ചോദ്യങ്ങളും കൃത്യമായി തന്നെ അഭിസംബോധന ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ വിപരീതഫലങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും... അബൂ ഉമൈറിലൂടെ നോക്കിയാലേ നുഗൈറിന്റെ വില മനസിലാവുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."