എസ്.എസ്.എല്‍.സി, പ്ലസ് ടു ഗ്രേസ് മാര്‍ക്ക്: സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ ഹരജി
കൊച്ചി: എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളുടെ പക്ഷം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.
കോഴിക്കോട് കൊടിയത്തൂര്‍ പി.ടി.എം.എച്ച്.എസ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയും സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര്‍ ജേതാവുമായ ഫസീഹ് റഹ്മാന്‍ ആണ് പിതാവ് സിദ്ധീഖ് മഠത്തില്‍ മുഖേന കോടതിയെ സമീപിച്ചത്.
സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്്റ്റുഡന്റ്‌സ് പൊലിസ്, എന്‍.സി.സി, ജൂനിയര്‍ റെഡ് ക്രോസ്, എന്‍.എസ്.എസ് തുടങ്ങിയവയിലെ പങ്കാളിത്തത്തിന്, ഈ വര്‍ഷം സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഗ്രെയ്‌സ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. മഹാമാരിയെ നേരിടുന്നതില്‍ അധികൃതര്‍ക്കൊപ്പം ചേര്‍ന്നുപ്രവര്‍ത്തിച്ചവയാണ് ഈ വിഭാഗങ്ങളെന്ന് ഹരജിയില്‍ പറയുന്നു. മഹാമാരിക്കാലത്തും ലോക്ക്ഡൗണിലും ജനങ്ങളെ സഹായിക്കാന്‍ നിര്‍ണായക പങ്കാണ് ഈ വിഭാഗങ്ങള്‍ നിര്‍വഹിച്ചത്. കഷ്ടത നിറഞ്ഞ സമയത്ത് ദേശസ്‌നേഹത്തില്‍ അധിഷ്ഠിതമായ സേവന പ്രവര്‍ത്തനമാണ് ഇവ കാഴ്ചവച്ചത്.
ലോക്ക് ഡൗണ്‍ കാലത്ത് ആവശ്യക്കാര്‍ക്കു ഭക്ഷണം എത്തിക്കാനും റേഷന്‍ വിതരണത്തിനും വിദ്യാര്‍ഥികള്‍ മുന്‍നിരയിലുണ്ടായിരുന്നു. സാനിറ്റൈസര്‍, മാസ്‌കുകള്‍, ഹാന്‍ഡ് വാഷ് എന്നിവയുടെ വിതരണവും പലയിടത്തും വിദ്യാര്‍ഥികളിലൂടെയായിരുന്നു. മഹാമാരി പടരുമ്പോള്‍ ജനങ്ങളില്‍ ഭൂരിഭാഗവും പുറത്തിറങ്ങാന്‍ മടിച്ചപ്പോള്‍ ഈ വിദ്യാര്‍ഥികള്‍ അധികൃതര്‍ക്കൊപ്പം ചേര്‍ന്നുപ്രവര്‍ത്തിച്ചു. പലയിടത്തും രക്തദാന ക്യാംപുകള്‍ സംഘടിപ്പിച്ചു. ഇതൊന്നും കണക്കിലെടുക്കാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളുടെ പക്ഷം കേള്‍ക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."