കോണ്‍ഗ്രസ് ടൂള്‍കിറ്റ് കേസില്‍ സുപ്രിംകോടതി 'ഇഷ്ടമില്ലെങ്കില്‍ അവഗണിച്ചേക്കൂ, ഇന്ത്യ ജനാധിപത്യ രാജ്യമാണ് '
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നതിനായി കോണ്‍ഗ്രസ് ടൂള്‍കിറ്റ് തയാറാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയാണെന്ന ബി.ജെ.പിയുടെ ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ ഇടപെടാന്‍ സുപ്രിംകോടതി വിസമ്മതിച്ചു.
ടൂള്‍കിറ്റ് കേസില്‍ എന്‍.ഐ.എ അന്വേഷണം വേണമെന്നാവശ്യപ്പെടുന്ന പൊതുതാല്‍പ്പര്യ ഹരജി ഇന്ത്യയൊരു ജനാധിപത്യ രാജ്യമാണെന്ന് ഓര്‍മിപ്പിച്ച് കോടതി തള്ളി.
ടൂള്‍കിറ്റ് നിങ്ങള്‍ക്ക് ഇഷ്ടമാവുന്നില്ലെങ്കില് അത് അവഗണിച്ചേക്കൂവെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് പറഞ്ഞു.കൊറോണ വൈറസിന്റെ ബി.1.617 വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിശേഷിപ്പിക്കുന്നതെന്നും അതു രാജ്യദ്രോഹമാണെന്നും ഹരജിക്കാരന് ചൂണ്ടിക്കാട്ടി. ഇന്ത്യയൊരു ജനാധിപത്യരാജ്യമാണെന്ന് നിങ്ങള്‍ക്ക് അറിയില്ലേയെന്ന് ജസ്റ്റിസ് ചന്ദചൂഡ് തിരിച്ചുചോദിച്ചു.
ഇത്തരം ബാലിശമായ കേസിന് പിന്നാലെ പോയി കോടതിയുടെ സമയം നഷ്ടപ്പെടുത്താനില്ലെന്നു വ്യക്തമാക്കി ഹരജിയില്‍ ഇടപെടുന്നില്ലെന്ന് ജഡ്ജി അറിയിക്കുകയായിരുന്നു.
ഇതോടെ ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ഹരജിക്കാരന് അഭ്യര്‍ഥിച്ചു. കോടതി അത് അംഗീകരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."