സംസ്ഥാനത്ത് 507 ഇടങ്ങളിൽ തെരുവുനായശല്യം അതിരൂക്ഷം; ഹോട്ട്സ്‌പോട്ടുകൾ കണ്ടെത്തിയത് ആരോഗ്യവകുപ്പ്
തിരുവനന്തപുരം • സംസ്ഥാനത്ത് തെരുവുനായശല്യം അതിരൂക്ഷമായ 507 ഇടങ്ങൾ കണ്ടെത്തി ആരോഗ്യവകുപ്പ്. നായയുടെ കടിയേറ്റ് ചികിത്സതേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട്സ്‌പോട്ടുകൾ കണ്ടെത്തിയത്. ഈ പട്ടിക ആരോഗ്യവകുപ്പ് തദ്ദേശ വകുപ്പിനു കൈമാറി.
കഴിഞ്ഞ ഏഴു മാസത്തിനിടെ ഓരോ ജില്ലയിലും നായയുടെ കടിയേറ്റുള്ള പരുക്കിന് ചികിത്സ നൽകിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജ് വരെയുള്ള ആശുപത്രികളെ അടിസ്ഥാനമാക്കിയുള്ള പട്ടികയാണ് ഹോട്ട്‌സ്‌പോട്ടായി നൽകിയത്. 4,841 കേസ് റിപ്പോർട്ട് ചെയ്ത തൃശൂർ മെഡിക്കൽ കോളജും ഒരു കേസ് മാത്രം റിപ്പോർട്ട് ചെയ്ത വയനാട് കുറുക്കംമൂലയും ഹോട്ട്സ്‌പോട്ട് പട്ടികയിലുണ്ട്.
ആരോഗ്യവകുപ്പ് നൽകിയ പട്ടികയനുസരിച്ച് 507 ഹോട്ട്‌സ്‌പോട്ടുകളിൽ ഏറ്റവും കൂടുതലുള്ളത് പത്തനംത്തിട്ടയിലാണ് 64 എണ്ണം. തൃശൂർ – 58, എറണാകുളം – 53, ആലപ്പുഴ-39ഉം ഹോട്ട് സ്‌പോട്ടുകളുണ്ട്.
വയനാട്, പാലക്കാട് ജില്ലകളിൽ 32 വീതവും ഇടുക്കി തുരുവനന്തപുരം ജില്ലകളിൽ 31 വീതവും ഹോട്ട്സ്‌പോട്ടുകളാണുള്ളത്. കോഴിക്കോട് ജില്ലയിൽ 30ഉം മലപ്പുറം, കൊല്ലം, കാസർകോട് ജില്ലകളിൽ 29വീതം ഹോട്ട് സ്‌പോട്ടുകളും കണ്ടെത്തി. 25 വീതം ഹോട്ട്സ്‌പോട്ടുകളുള്ള കോട്ടയം, കണ്ണൂർ ജില്ലകളാണ് പിന്നിൽ.
ആരോഗ്യവകുപ്പ് നൽകിയ പട്ടികയ്ക്ക് പുറമേ മൃഗങ്ങൾക്ക് നായയുടെ കടിയേറ്റതിന്റെ അടിസ്ഥാനത്തിൽ മൃഗസംരക്ഷണ വകുപ്പും ഹോട്ട്‌സ്‌പോട്ട് ലിസ്റ്റ് തയാറാക്കി തദ്ദേശ വകുപ്പിന് നൽകും. ഇവ രണ്ടും ക്രോഡീകരിച്ച ശേഷം തദ്ദേശ വകുപ്പ് ഹോട്ട്സ്‌പോട്ടുകളുടെ അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കും. ഇതുകൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നായകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."