ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കും: സുധാകരന്‍
തിരുവനന്തപുരം: വിജിലന്‍സ് കേസ് സി.പി.എമ്മിന്റെ ഓലച്ചൂട്ട് മാത്രമാണെന്നും ഒരു രൂപയുടെ സാമ്പത്തിക ക്രമക്കേടെങ്കിലും തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.
കെ. കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് ഒരു സാമ്പത്തിക തിരിമറിയും ഉണ്ടായിട്ടില്ല. അന്വേഷണങ്ങളെയൊന്നും തനിക്കു ഭയമില്ല. സി.ബി.ഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ ആകാമെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തനിക്കെതിരേ ആരോപണവുമായി രംഗത്തെത്തിയ പ്രശാന്ത് ബാബു കോണ്‍ഗ്രസുകാരനല്ല. 2013ല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതാണ്. വല്ലപ്പോഴും ഡ്രൈവറായി എത്തിയെന്നല്ലാതെ സ്ഥിരം ഡ്രൈവറുമല്ലായിരുന്നു. കൂത്തുപറമ്പില്‍ സി.പി.എമ്മിന്റെ കൊലക്കത്തിക്ക് തന്നെ ഇരയാക്കാന്‍ ഇയാള്‍ നീക്കം നടത്തിയിരുന്നു. ബാങ്കില്‍ തിരിമറി നടത്തി പിന്നീട് 19 ലക്ഷം രൂപ തിരിച്ചടപ്പിച്ച സംഭവവുമുണ്ടായി. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞു പലരില്‍നിന്നായി പണം തട്ടിയിട്ടുമുണ്ട്. ഇത്തരത്തില്‍ വിശ്വാസ്യതയില്ലാത്ത, രാവും പകലും മദ്യപിച്ചു നടക്കുന്ന ഒരാളുടെ പരാതിയില്‍ കേസെടുക്കണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണം.
ഡി.സി.സിയുടെ സാമ്പത്തിക വിഷയങ്ങളില്‍ കൃത്യമായ കണക്കുണ്ട്. അതു വേണ്ട സമയങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ബോധിപ്പിക്കാറുമുണ്ട്.
ഇതേക്കുറിച്ച് ഒരു പരാതിയും ഇതുവരെ ഉണ്ടായിട്ടില്ല. അത് ഒരു വ്യക്തിയുടെ മാത്രം നിയന്ത്രണത്തിലല്ല. ഡി.സി.സി ഓഫിസിനു വേണ്ടി ഗള്‍ഫിലെ ഒരാളോടു പോലും താന്‍ സഹായം ആവശ്യപ്പെട്ടിട്ടില്ല.
ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ട് വിജിലന്‍സിനു പരിശോധിക്കാവുന്നതാണ്. തിരിച്ചു നല്‍കേണ്ട പണം കൊടുത്തുകൊണ്ടിരിക്കുകയാണ്.
താനൊരു പാര്‍ലമെന്റ് അംഗമാണ്. അതുകൊണ്ടുതന്നെ തനിക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്തുമ്പോള്‍ അതിന്റെ നിയമവശങ്ങള്‍ പരിശോധിക്കാനുള്ള ബുദ്ധിയെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."