മതിലുകളില്ലാതെ ഹൃദയങ്ങളൊരുമിച്ചു; കുഞ്ഞ് മുഹമ്മദിനായി
സ്വന്തം ലേഖകന്‍
കണ്ണൂര്‍: വിഖ്യാത കൃതിയായ മതിലുകള്‍ രചിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാര്‍ഷിക ദിനമായിരുന്നു ഇന്നലെ. അതേദിവസം തന്നെ ലോകമനസ് സകല മതിലുകളും തകര്‍ത്ത് കുഞ്ഞ് മുഹമ്മദിനായി ഒന്നിച്ചു. പേശികളെ ക്ഷയിപ്പിക്കുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വരോഗം ബാധിച്ച മാട്ടൂലിലെ ഒന്നരവയസുകാരനായ മുഹമ്മദിന്റെ ചികിത്സയ്ക്കാണു 18 കോടി രൂപ സമാഹരിച്ചത്.
സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗ ചികിത്സയ്ക്കുള്ള മരുന്നായ സോള്‍ജെന്‍സ്മ (ദീഹഴലിാെമ)യ്ക്കാണ് 18 കോടി രൂപ ചെലവുവരുന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോ. സ്മിലു മോഹന്‍ലാലാണ് രോഗം കണ്ടെത്തി മരുന്ന് നിര്‍ദേശിച്ചത്. അമേരിക്കയില്‍ നിന്നാണ് മരുന്ന് എത്തിക്കേണ്ടത്.
ആറുദിവസം മുന്‍പ് തുടങ്ങിയ ഫണ്ട് ശേഖരണം സമൂഹമാധ്യമ കാംപയിനിലൂടെ മലയാളി ഏറ്റെടുത്തതോടെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നു കാരുണ്യം ഒഴുകിയെത്തി. ലക്ഷ്യമിട്ട 18 കോടി രൂപ രണ്ടു ബാങ്ക് അക്കൗണ്ടുകളിലൂടെ എത്തിയതോടെ ചികിത്സാ സഹായകമ്മിറ്റി രക്ഷാധികാരി എം. വിജിന്‍ എം.എല്‍.എയും ചെയര്‍പേഴ്‌സനായ മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫാരിഷയും ഇനി പണമയക്കേണ്ടെന്നു വൈകിട്ട് പ്രഖ്യാപിച്ചു.
മാട്ടൂല്‍ സെന്‍ട്രല്‍ കപ്പാലത്തെ പക്രന്റെചാലില്‍ വീട്ടില്‍ റഫീഖിന്റെയും മറിയത്തിന്റെയും ഇളയമകനാണു മുഹമ്മദ്. രണ്ടര വയസില്‍ സമാന രോഗം ബാധിച്ച് ശരീരം തളര്‍ന്ന മുഹമ്മദിന്റെ സഹോദരിയായ പതിനഞ്ചുകാരി അഫ്രയ്ക്ക് പരസഹായമില്ലാതെ നീങ്ങാന്‍ കഴിയില്ല. ആദ്യം അഫ്രയുടെ രോഗം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഒന്നരവയസുകാരനായ അനുജനും ഇതേ രോഗം ബാധിച്ചതോടെ 'എനിക്ക് ചികിത്സ ലഭിച്ചില്ലെങ്കിലും മരുന്ന് കിട്ടിയാല്‍ അനുജന്‍ രക്ഷപ്പെടുമെന്ന' അഫ്രയുടെ നൊമ്പരമുണര്‍ത്തുന്ന ശബ്ദമാണു മുഹമ്മദിന്റെ ചികിത്സാസഹായ അഭ്യര്‍ഥനയ്‌ക്കൊപ്പം സമൂഹമാധ്യമങ്ങളില്‍ പാറിനടന്നത്.
രണ്ടുവയസ് പൂര്‍ത്തിയാകും മുന്‍പാണ് മുഹമ്മദിനു ചികിത്സ നടത്തേണ്ടത്. ഇനി അഞ്ചുമാസം മാത്രമാണു ബാക്കിയുള്ളത്. അഫ്രയ്ക്കു നട്ടെല്ലിനും കാലിനും ശസ്ത്രക്രിയക്കും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒരുമാസം മുന്‍പാണു മുഹമ്മദിന്റെ ചികിത്സയ്ക്കായി നാട്ടുകാര്‍ സഹായകമ്മിറ്റി രൂപീകരിച്ചത്. ആറുദിവസം മുന്‍പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സഹായ അഭ്യര്‍ഥന വ്യാജമാണെന്നുള്ള പ്രചാരണവുമുണ്ടായി.
ഇതിനു രാത്രി ഉറങ്ങാതെ വാട്ട്‌സ്ആപ്പിലുംഫോണിലൂടെയും മറുപടി പറയേണ്ട അവസ്ഥയായിരുന്നുവെന്നു അബൂദബിയില്‍ എ.സി ടെക്‌നീഷ്യനായി ജോലിചെയ്യുന്ന മുഹമ്മദിന്റെ പിതാവ് റഫീഖ് പറഞ്ഞു. ഒരിക്കലും ആലോചിക്കാന്‍ കഴിയാത്ത സംഖ്യ ശേഖരിക്കാന്‍ കഴിഞ്ഞതില്‍ ദൈവത്തെ സ്തുതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഹോദരന്‍ മുഹമ്മദിന്റെ ചികിത്സയ്ക്കായി 18 കോടി രൂപ തികഞ്ഞ കാര്യം അറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷമുണ്ടെന്നും എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുമെന്നുമായിരുന്നു അഫ്രയുടെ പ്രതികരണം. എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് സെല്ലിന്റെ സഹായവും പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ മുഹമ്മദിന്റെ വീട്ടിലെത്തി നേരിട്ട് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."