റോഡുകൾ നന്നാക്കാൻ എത്ര ജീവനുകൾ നഷ്ടപ്പെടണം
ദിവസവും കേൾക്കുന്ന അപകടങ്ങളും മരണങ്ങളും കേരളത്തിലെ റോഡുകളെക്കുറിച്ച് വീണ്ടും ചർച്ച ചെയ്യാൻ പ്രേരിപ്പിക്കുകയാണ്. റോഡുകളുടെ സുരക്ഷയെക്കുറിച്ച് ഹൈക്കോടതി തുടർച്ചയായി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. റോഡിലെ കുഴിയിൽ വീണ് പരുക്കേറ്റ സ്‌കൂട്ടർ യാത്രക്കാരനായ പെരുമ്പാവൂർ മാറമ്പിള്ളി കുന്നത്തുകര കുടംകുളം വീട്ടിൽ കുഞ്ഞുമുഹമ്മദിന്റെ മരണം ഹൈക്കോടതിക്കു മുന്നിൽ വരെ ചോദ്യചിഹ്നമാകുമ്പോൾ റോഡ് സുരക്ഷ വീണ്ടും പുനരാലോചനയ്ക്ക് ഇടം നൽകുന്നതാണ്.
റോഡിലെ കുഴിയും അശ്രദ്ധ ഡ്രൈവിങ്ങും ജനത്തിനു മുന്നിൽ വില്ലന്മാരാകുകയാണ്. കാൽനടയാത്രക്കാർക്കു കൂടി ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ് വാഹനാപകടങ്ങൾ പെരുകുന്നത്. ഇന്നലെ രാവിലെ തൃശൂർ പുന്നയൂർക്കുളം അകലാടിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഇരുമ്പുഷീറ്റ് പുറത്തേക്കു വീണ് ബസ് കാത്തുനിന്ന രണ്ടുപേരാണ് മരിച്ചത്. പുന്നയൂർക്കുളം അകലാട് മഠത്തിപ്പറപ്പിൽ മുഹമ്മദാലി ഹാജിയുടെയും കിഴക്കേതലക്കൽ ഷാജിയുടെയും ശരീരത്തിലേക്ക് ലോറിയിലെ കെട്ടുപൊട്ടി ഇരുമ്പുഷീറ്റുകൾ വീഴുകയായിരുന്നു. നാട്ടുകാരാണ് ഇവരെ ഷീറ്റുകൾക്കിടയിൽനിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല. ഭാരമേറിയ ഷീറ്റുകൾ കൊണ്ടുവന്നത് മതിയായ സുരക്ഷയില്ലാതെയാണെന്നാണ് നിഗമനം.
ഇന്നലെ പുലർച്ചെ കോട്ടയം നഗരമധ്യത്തിൽ വൺവേ തെറ്റിച്ചെത്തിയ കെ.എസ്.ആർ.ടി.സി ബസ് ബൈക്ക് യാത്രികനായ യുവാവിന്റെ ജീവനെടുത്തു. ചങ്ങനാശേരി മോർക്കുളങ്ങര പുതുപ്പറമ്പിൽ അഭിഷേകാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹയാത്രികൻ പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. വയനാട് വൈത്തിരിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറിയതുവഴി നിരവധി പേർക്കാണ് പരുക്കേറ്റത്.
ദിവസവും വരുന്ന അപകട വാർത്തകൾക്ക് പല കാരണങ്ങളുണ്ടാകാമെങ്കിലും റോഡുകൾ സുരക്ഷിതമല്ലാതായി മാറുന്നുവെന്ന യാഥാർഥ്യമാണ് ബോധ്യപ്പെടുത്തുന്നത്. കാമറകൾ സ്ഥാപിച്ചും പ്രത്യേക പരിശോധനാ സംഘങ്ങളെ വിന്യസിച്ചും റോഡ് സുരക്ഷ ശക്തമാക്കിയെന്നു പറയുമ്പോഴും അപകടകരമായ വാഹനയോട്ടം നിയന്ത്രിക്കാൻ കഴിയുന്നില്ല. റോഡിലേക്ക് മലിനജലം ഒഴുക്കിയും യാതൊരു സുരക്ഷയും പാലിക്കാതെയും പായുന്ന വാഹനങ്ങൾക്ക് കടിഞ്ഞാണുമില്ല. സംസ്ഥാനത്തെ കഴിഞ്ഞ അഞ്ചു വർഷത്തെ കണക്ക് പരിശോധിച്ചാൽ റോഡപകടങ്ങളിൽ പൊലിയുന്ന ജീവനുകളുടെ എണ്ണത്തിൽ ലോക്ക്ഡൗൺ കാലയളവ് വരുന്ന 2020ൽ മാത്രമാണ് നേരിയ കുറവ് സംഭവിച്ചിട്ടുള്ളത്. 2018 മുതൽ 2022 ഏപ്രിൽ വരെയുള്ള കാലയളവിൽ 16,000ത്തിലധികം ജീവനുകളാണ് റോഡിൽ പൊലിഞ്ഞത്. ഇക്കാലയളവിൽ 1.5 ലക്ഷം അപകടങ്ങളിലായി 1.78 ലക്ഷം പേർക്ക് പരുക്കേറ്റെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
2022 ജൂലൈ വരെ മാത്രം കാൽലക്ഷത്തിലധികം അപകടങ്ങളാണ് സംഭവിച്ചത്. ഇതിൽ തന്നെ 2,537 പേരുടെ ജീവൻ പൊലിഞ്ഞു. റോഡുകളുടെ ഗുണനിലവാരമില്ലായ്മയും അശ്രദ്ധ ഡ്രൈവിങ്ങും അപകടങ്ങളുടെ പ്രധാനകാരണമായി കണ്ടെത്താൻ കഴിയും. ഇക്കാര്യത്തിൽ ഭരണകൂടത്തെയും ഉദ്യോഗസ്ഥരെയും കരാറുകാരെയുമെല്ലാം ഒരുപോലെ പ്രതിക്കൂട്ടിലാവുകയാണ്. റോഡുകളിലെ തകർച്ചയ്ക്ക് മഴയെ പഴിപറയുകയാണ് പൊതുമരാമത്ത് മന്ത്രി. പുതിയ പാറ്റേണിൽ മഴ പെയ്യുന്നതാണ് റോഡുകൾ വേഗം കുഴിയാൻ കാരണമെന്നാണ് മന്ത്രിയുടെ ആരോപണം. മന്ത്രി മഴയെ വില്ലനാക്കുമ്പോൾ സംസ്ഥാന വിജിലൻസ് ഇന്നലെയും റോഡുകളുടെ നിർമാണം സംബന്ധിച്ച പരിശോധനയ്ക്ക് ഇറങ്ങിയിരുന്നു. നിർമാണമോ അറ്റകുറ്റപ്പണിയോ നടത്തി ആറ് മാസത്തിനുള്ളിൽ പൊളിഞ്ഞ നൂറിലധികം റോഡുകളിലാണ് ഒരു മാസത്തിനിടയിൽ രണ്ടാംമിന്നൽ പരിശോധനയ്ക്ക് വിജിലൻസ് ഇറങ്ങിയിരിക്കുന്നത്. കരാറിൽ പറഞ്ഞിരിക്കുന്ന അളവിലും രീതിയിലും നിർമാണം നടന്നിട്ടുണ്ടോയെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്.
ആദ്യഘട്ട പരിശോധനയിൽ കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളി വ്യാപകമാണെന്ന് കണ്ടെത്തിയിരുന്നു. ഫൊറൻസിക് ഫലം കൂടി ലഭിച്ച ശേഷം ആദ്യഘട്ട പരിശോധനാ റിപ്പോർട്ട് നൽകാനിരിക്കെ പൊതുജനങ്ങളിൽനിന്ന് കൂടുതൽ പരാതികൾ ഉയർന്നതോടെയാണ് രണ്ടാംഘട്ട പരിശോധനയ്ക്ക് വിജിലൻസ് ഇറങ്ങിയത്. എന്നാൽ കുഞ്ഞുമുഹമ്മദിന്റെ ജീവൻ പൊലിഞ്ഞ ആലുവ - പെരുമ്പാവൂർ റോഡുമായി ബന്ധപ്പെട്ട ഹരജി വീണ്ടും ഹൈക്കോടതിയുടെ വിമർശനം വിളിച്ചുവരുത്തിയിരിക്കുകയാണ്.
റോഡിലെ കുഴിയിൽ വിണ് യാത്രക്കാരൻ മരിച്ചത് ഞെട്ടലോടെ കേട്ട ഹൈക്കോടതി, പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർ എന്തിനാണെന്നാണ് ചോദിച്ചത്. റോഡ് തകർച്ച സംബന്ധിച്ച കലക്ടറുടെ റിപ്പോർട്ട് തേടിയ ഹൈക്കോടതി രണ്ടു മാസത്തിനുള്ളിൽ എത്രപേർ മരിച്ചുവെന്നും റോഡിന്റെ ചുമതല ഏത് എൻജിനീയർക്കാണെന്നും വ്യക്തമാക്കാൻ ആവശ്യപ്പെട്ടു. കുഴികൾ എങ്ങനെയാണ് അവർക്കു കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നതെന്നും കോടതി ആശ്ചര്യപ്പെടുന്നു. സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചത് കുഴിയിൽവീണത് കൊണ്ട് മാത്രമല്ല, ഷുഗർ ലെവൽ കുറവായിരുന്നത് കൊണ്ടാണെന്ന് ന്യായികരിക്കാൻ ശ്രമിച്ച സർക്കാർ അഭിഭാഷകനോട് മരിച്ച ആളെ ഇനിയും അപമാനിക്കാനില്ലെന്ന് മാത്രമായിരുന്നു ഹൈക്കോടതിയുടെ മറുപടി.
ഇനി എത്രപേർ മരിക്കണം, റോഡുകൾ നന്നാക്കാനെന്ന ഹൈക്കോടതിയുടെ ചോദ്യം തന്നെയാണ് ബാക്കിയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."