ഉറച്ചുതന്നെ; ഗവർണറുമായി തുറന്ന പോരിലേക്ക് സർക്കാർ മൗനം തുടരേണ്ടെന്ന് നിർദേശിച്ചത് സീതാറാം യെച്ചൂരി
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • സംസ്ഥാന സർക്കാരിനെ തുടർച്ചയായി പ്രതിരോധത്തിലാക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ തുറന്ന പോരിലേക്ക് ഇറങ്ങാൻ തീരുമാനിച്ചത് രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗം.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന പി.ബി യോഗത്തിൽ ഗവർണർ വിഷയം ചർച്ചയായിരുന്നു. നേരത്തെ പാർട്ടി സംസ്ഥാന ഘടകം ഗവർണർക്കെതിരേ പരസ്യമായി രംഗത്തുവന്നിരുന്നുവെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. നിയമസഭ പാസാക്കി അയച്ച പ്രധാനപ്പെട്ട മൂന്നു ബില്ലുകൾ ഗവർണർ ഒപ്പിടില്ലെന്ന പരസ്യ സൂചന നൽകിയതും കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇന്ത്യയ്ക്കു പുറത്ത് രൂപംകൊണ്ട ആശയങ്ങൾ ഉൾക്കൊള്ളുന്ന ചില പ്രസ്ഥാനങ്ങൾ എന്ന് അവേഹളിച്ചതുമാണ് സി.പി.എമ്മിനെ ചൊടിപ്പിച്ചത്.
ഇനി മൗനം തുടരേണ്ട എന്നും പരസ്യമായി മറുപടി നൽകാനും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യമന്ത്രിക്ക് നിർദേശം നൽകുകയായിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ പി.ബി യോഗം കഴിഞ്ഞ് തലസ്ഥാനത്ത് എത്തിയതിനു പിന്നാലെ പ്രത്യേക വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്.
ഗവർണർ പറഞ്ഞതു പോലെ ഇന്ത്യയ്ക്കു പുറത്തു രൂപം കൊണ്ട ആശയം എന്താണെന്ന് വ്യക്തമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഭരണഘടനാ നിർമാണ സഭയിൽതന്നെ കമ്യൂണിസ്റ്റുകൾ അംഗമായിരുന്നു എന്നും പറഞ്ഞു. പാർലമെന്റിലെ പ്രധാന പ്രതിപക്ഷം കമ്യൂണിസ്റ്റായിരുന്നു. ഒരു ഘട്ടത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏകകണ്ഠമായി നിർദേശിച്ചത് കമ്യൂണിസ്റ്റിനെയായിരുന്നു. ആഭ്യന്തര മന്ത്രി സ്ഥാനത്ത് കമ്യൂണിസ്റ്റ് ഇരുന്നിട്ടുണ്ട്. എന്തും വിളിച്ചു പറയാൻ കഴിയുന്ന സ്ഥാനമാണെന്നാണോ ഗവർണർ ധരിച്ചതെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.
സർക്കാർ നടപടികളിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ ഭരണഘടനാപരമായ മാർഗങ്ങളുണ്ട്. അതുചെയ്യാതെ മാധ്യമങ്ങളുടെ മൈക്കിനു മുന്നിൽ ഞാനിതെല്ലാം പറയാൻ പ്രാപ്തനാണ് എന്ന മട്ടിൽ ശബ്ദം ഉയർത്തിയും മുഖത്ത് ഗൗരവഭാവം വരുത്തിയും സംസാരിച്ച് കാര്യങ്ങൾ നിർവഹിക്കാമെന്നു കരുതുന്നുണ്ടെങ്കിൽ അത് ഭരണഘടന അനുശാസിക്കുന്ന രീതിയല്ലെന്ന് ഓർമിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."