മെഡി. കോളജിലെ സുരക്ഷാജീവനക്കാരെ മർദിച്ച പ്രതികൾക്ക് ജാമ്യമില്ല
കോഴിക്കോട് • കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. സംസ്ഥാന കമ്മിറ്റി അംഗം കെ. അരുൺ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയാണ് കോഴിക്കോട് സ്‌പെഷൽ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 7 തള്ളിയത്.
അരുണിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മർദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാർക്കും മാധ്യമപ്രവർത്തനുമാണ് മർദനമേറ്റത്. ആശുപത്രി സംരക്ഷണ നിയമം, അന്യായമായി സംഘംചേരൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇതിൽ ആശുപത്രി സംരക്ഷണനിയമം അനുസരിച്ചുള്ള കേസ് ജാമ്യമില്ലാത്തതാണ്. ഇതിന് പുറമേ ഐ.പി.സി 333 വകുപ്പ് പ്രകാരം കൂടി പൊലിസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. പൊതുസേവകനെ ഗുരുതരമായി പരുക്കേൽപ്പിച്ചെന്ന ഈ വകുപ്പ് 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ജാമ്യാപേക്ഷ തള്ളിയതോടെ അഞ്ച് പ്രതികൾ നടക്കാവ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. .
അഭിഭാഷകയ്ക്ക് വധഭീഷണി
കോഴിക്കോട് • സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസിൽ പരാതിക്കാരനുവേണ്ടി വാദിക്കുന്ന അഭിഭാഷകയ്ക്ക് വധഭീഷണി. സുപ്രിം കോടതി അഭിഭാഷകയായ ബബിലാ ഉമ്മർഖാനാണ് കോഴിക്കോട് ജില്ലാ കോടതിയിൽ വച്ച് ഭീഷണി നേരിടേണ്ടിവന്നത്. കൈയും കാലും വെട്ടുമെന്നായിരുന്നു ഭീഷണി. സുരക്ഷാ ജീവനക്കാർക്ക് മർദനമേറ്റ സംഭവത്തിൽ സ്വകാര്യ ഹരജി നൽകാൻ ഈമാസം 13ന് കോടതിയിൽ എത്തിയതായിരുന്നു അഭിഭാഷക. ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അഞ്ചിലേക്ക് വരുമ്പോഴായിരുന്നു ഭീഷണിയെന്ന് അവർ പറഞ്ഞു. പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോൾ പ്രതികൾ പുറത്തിറങ്ങിയാൽ തന്റെ ജീവന് ഭീഷണിയുണ്ടാകുമെന്ന് അഭിഭാഷക കോടതിയിൽ അറിയിച്ചു. സുരക്ഷാ ജീവനക്കാരെ ചവിട്ടിയ ചെരുപ്പ് ആയുധമായി കണക്കാക്കി 326ാം വകുപ്പ് കൂടി പ്രതികൾക്കെതിരേ ചുമത്തണമെന്നും സി.സി ടി.വി കാമറ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ഇവ കോടതിയെ ഏൽപിക്കണമെന്നും അഭിഭാഷക ഹരജിയിൽ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."