ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനം: ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് സിരിസേനയ്ക്ക് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശം
കൊളംബോ: 2019ല്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാവാന്‍ ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് എം സിരിസേനയ്ക്ക് കോടതി നിര്‍ദേശം. അടുത്ത ഒക്ടോബര്‍ 14ന് ഹാജരാവണമെന്ന് കൊളംബോയിലെ ഫോര്‍ട്ട് ഏരിയ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.
ആക്രമണത്തിലെ ഇരകള്‍ക്ക് നീതിലഭ്യമാക്കുന്നതിനായി രൂപീകരിച്ച നാഷനല്‍ കാത്തലിക് കമ്മിറ്റി അംഗമായ ഫാ. സിറില്‍ ഗമിനി ഫെര്‍ണാണ്ടോയാണ് സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. ഏതാണ്ട് മൂന്നു വര്‍ഷം മുമ്പ് കാത്തലിക് ചര്‍ച്ചിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 280 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ കൊളംബോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാല്‍ക്കം രജ്ഞിത്ത് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതിക്ക് പരാതി നല്‍കിയിരുന്നു. ഭരണത്തിലേറാനുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തതാണ് സ്‌ഫോടനമെന്നായിരുന്നു പരാതി. സ്‌ഫോടനങ്ങള്‍ നടന്ന് ആറു മാസങ്ങള്‍ക്കു ശേഷം മുന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെ ദേശീയ സുരക്ഷ മുഖ്യവിഷയമാക്കി തിരഞ്ഞെടുപ്പിനെ നേരിടുകയും മികച്ച ഭൂരിപക്ഷം നേടുകയും ചെയ്തിരുന്നു. 2019ല്‍ നടന്ന ഈ തിരഞ്ഞെടുപ്പില്‍ കാത്തലിക് ചര്‍ച്ചും കര്‍ദിനാളും രാജപക്‌സെക്ക് പരസ്യ പിന്തുണ നല്‍കിയിരുന്നെങ്കിലും പിന്നീട് കേസന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ലാത്തതിനാല്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമാക്കുന്നതിനാണ് സ്‌ഫോടനങ്ങള്‍ നടത്തിയതെന്ന് കര്‍ദിനാല്‍ നേരത്തേതന്നെ ആരോപിച്ചിരുന്നു. ഇതുവരെയുള്ള അന്വേഷണ റിപോര്‍ട്ട് പുറത്തുവിടണമെന്നും സുതാര്യമായ തുടരന്വേഷണം നടത്തണമെന്നും യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ അടുത്തിടെ പുറത്തുവിട്ട റിപോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിന് സ്‌കോട്ട്‌ലന്റ് യാര്‍ഡിന്റെ സഹായം തേടുമെന്ന് ലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രംസിംഗെ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."