കൊവിഡ് പ്രതിരോധം തൃപ്തികരമെന്ന് കേന്ദ്രസംഘം; ഈ മാസം 90 ലക്ഷം ഡോസ് വാക്‌സിന്‍ വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്ര മള്‍ട്ടി ഡിസിപ്ലിനറി സംഘം. സംസ്ഥാനത്തെ കോവിഡ് സാഹചര്യം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തവേയാണ് സംഘം സംതൃപ്തി രേഖപ്പെടുത്തിയത്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, പാരിപ്പള്ളി മെഡിക്കല്‍ കോളജ്, കോലഞ്ചേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കി. ഇങ്ങനെ ഫീല്‍ഡ് തലത്തില്‍നിന്നും നേരിട്ട് കിട്ടിയ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
ആശുപത്രികളിലെ രോഗീപരിചരണം, അടിസ്ഥാന സൗകര്യങ്ങള്‍, വാക്സിനേഷന്‍ എന്നിവയില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി. കേരളം കൈക്കൊണ്ടിട്ടുള്ള നിലപാടുകളിലും നടപടികളിലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന രീതിയിലും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ടിപിആര്‍ സംബന്ധിച്ച ആശങ്ക വേണ്ടെന്നാണ് കേന്ദ്ര സംഘം പറഞ്ഞത്. രണ്ടാം തരംഗത്തില്‍ ഈ രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നത് കേരളത്തിന്റെ ശക്തമായ പ്രതിരോധം കൊണ്ടാണ്. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കേസ് കുറവായിരുന്നു. രണ്ടാം തരംഗം ഇതേ രീതിയില്‍ തന്നെ അവസാനിക്കുമെന്നാണ് കരുതുന്നത്. ഓക്സിജന്റെയും ഐസിയു കിടക്കകളുടെയും ക്ഷാമം ഉണ്ടാകാത്ത വിധത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താനായത് നേട്ടമായെന്നും കേന്ദ്ര സംഘം വിലയിരുത്തി.
സംസ്ഥാനത്തിന് 90 ലക്ഷം ഡോസ് വാക്സീന്‍ അധികമായി അനുവദിക്കണമെന്ന് മന്ത്രി കേന്ദ്ര സംഘത്തോട് അഭ്യര്‍ഥിച്ചു. പ്രതിദിനം രണ്ടര മുതല്‍ 3 ലക്ഷം വരെ പേര്‍ക്ക് വാക്സീന്‍ നല്‍കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ വാക്സീന്‍ ഒരുമിച്ച് നല്‍കുന്നത് പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു.
റീജിയനല്‍ ഡയറക്ടര്‍ ഓഫിസര്‍ പബ്ലിക് ഹെല്‍ത്ത് സ്പെഷലിസ്റ്റ് ഡോ. റുചി ജെയിന്‍, ജിപ്മര്‍ പള്‍മണറി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. സക വിനോദ് കുമാര്‍ എന്നിവരാണ് കേന്ദ്ര സംഘത്തിലുണ്ടായിരുന്നത്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് വിങ്ങുമായും സംഘം ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."