HOME
DETAILS
MAL
ഇടപെടലിന്റെ സുപ്രഭാതങ്ങള്‍
backup
July 11 2021 | 03:07 AM
നവാസ് പൂനൂര്‍
(മാനേജിങ് എഡിറ്റര്‍, സുപ്രഭാതം)
മലയാളിയുടെ പ്രഭാതങ്ങളില്‍ സുപ്രഭാതമെത്തിയിട്ട് ഏഴു വര്‍ഷങ്ങള്‍ പിന്നിടുന്നു. ഓരോ ഘട്ടത്തിലും സുപ്രഭാതത്തിന്റെ ഇടപെടല്‍ അനുഭവിച്ചറിഞ്ഞവരാണ് വായനക്കാര്‍. ന്യൂനപക്ഷത്തിന്റെ, അബലരുടെ, അധ:സ്ഥിതരുടെ ശബ്ദമായി നിലകൊണ്ട അക്ഷരങ്ങള്‍. അവയില്‍ ചിലതുമാത്രം വായിച്ചെടുക്കാം...
സി.എ.എ- എന്‍.ആര്‍.സി
രാജ്യത്തെ മുസ്‌ലിംകള്‍ക്കെതിരായ അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന സി.എ.എയെ ശക്തിയുദ്ധം എതിര്‍ക്കാനും നിയമത്തിന്റെ അനീതിയെ തുറന്നുകാട്ടാനും സുപ്രഭാതം എന്നും മുന്‍പന്തിയിലുണ്ടായി. സി.എ.എ വിരുദ്ധ സമരങ്ങള്‍ക്ക് ആവേശംപകര്‍ന്നും സി.എ.എയുടെ ദുരന്തഫലങ്ങള്‍ വ്യക്തമാക്കിയും നിരന്തരം ലേഖനങ്ങളും വാര്‍ത്തകളും നല്‍കി.
എന്‍.ആര്‍.സി നടപ്പിലാക്കാനുള്ള ഗൂഢനീക്കങ്ങളും ചെറുത്തുതോല്‍പ്പിച്ചു. എന്‍.പി.ആറിലൂടെ എന്‍.ആര്‍.സി നടപ്പിലാക്കാനുള്ള ശ്രമങ്ങളും പൊളിച്ചടുക്കി. നിതാന്തജാഗ്രതയോടെ, ന്യൂനപക്ഷത്തിന്റെ ശബ്ദമായി സുപ്രഭാതം നിലകൊണ്ടു.
സേവ് പ്രവാസി
കേരളമേതൊരു പ്രതിസന്ധി നേരിടുമ്പോഴും കൈത്താങ്ങായെത്തുന്ന പ്രവാസികള്‍, നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ അവര്‍ കൊവിഡ് കാലത്ത് ഒന്ന് പതറിയപ്പോള്‍ കൂട്ടായി നില്‍ക്കേണ്ട സര്‍ക്കാര്‍ കൈവിടുന്ന അവസ്ഥയുണ്ടായി. പ്രവാസികള്‍ അകറ്റപ്പെടേണ്ടവരല്ല, കൂടപ്പിറപ്പുകളാണെന്ന് ഉറക്കെപ്പറഞ്ഞ്, അവരുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തി കൂടെ നിന്നു സുപ്രഭാതം. നാടണയാന്‍ കാത്തുനിന്നവരെ വിയര്‍ത്തൊലിക്കാന്‍ വിടാതെ സുപ്രഭാതം കൂടെക്കൂട്ടി. കൂട്ടത്തില്‍ മരിച്ചവരുടെ മൃതദേഹം പോലും നാട്ടിലെത്തിക്കാന്‍ കഴിയാതെ പ്രയാസം വന്നപ്പോഴും അതിനുവേണ്ടി ഉറച്ചശബ്ദവുമായി സുപ്രഭാതം നിലകൊണ്ടു. ഒടുവില്‍ നാടണയുമ്പോള്‍, കുടുംബത്തിലെയംഗമെന്ന പോല്‍ ആനന്ദക്കണ്ണീരൊഴുക്കി. തീര്‍ന്നില്ല, തിരിച്ചെത്തിയ പ്രവാസികളെ കൊവിഡ് ഭീതിയില്‍ അകറ്റിനിര്‍ത്തുന്ന സമൂഹപ്രവണതയ്‌ക്കെതിരെ ബോധവത്ക്കരണത്തിന്റെ തൂലികയുമായി സുപ്രഭാതം നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. പ്രവാസികളില്ലെങ്കില്‍ നമ്മുടെ നാടിന്നീ കാണുന്ന നിലയിലല്ലെന്ന് നിരന്തരം അധികാരികളെയും സമൂഹത്തെയും ബോധ്യപ്പെടുത്തി.
ഡല്‍ഹി വംശഹത്യ
2020 ഫെബ്രുവരി 23ന് നോര്‍ത്തീസ്റ്റ് ഡല്‍ഹി തെരുവില്‍ സംഘ്പരിവാര്‍ അഴിഞ്ഞാടിയപ്പോള്‍ ഇരകള്‍ക്കൊപ്പം നിന്ന്, അവരുടെ വേദനകളെ പുറംലോകത്തെത്തിച്ച കുറഞ്ഞ പത്രങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു സുപ്രഭാതം. ഭീകരതാണ്ഡവമാടിയ പ്രദേശങ്ങളില്‍ നേരിട്ടെത്തി, നേര്‍സാക്ഷ്യവിവരണം പത്രത്താളുകളിലൂടെ മാലോകരെ അറിയിച്ചു. അധികാരകേന്ദ്രങ്ങളുടെ അക്രമി അനുകൂല നിലപാടുകളും മര്‍ദിതര്‍ക്കെതിരായ പ്രകോപനങ്ങളും തുറന്നെഴുതി. പ്രദേശത്ത് തത്സമയ റിപ്പോര്‍ട്ടിങ് നടത്തിയ മാധ്യമങ്ങള്‍ക്കു നേരെ നിരോധനമേര്‍പ്പെടുത്തിയ നടപടിയുണ്ടായപ്പോള്‍ അതിനെതിരെ ഉറച്ച പടവാളായി സുപ്രഭാതം നിലകൊണ്ടു.
സ്‌നേഹദ്വീപിനൊപ്പം
ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിന്റെ ജനവിരുദ്ധ 'പരിഷ്‌കാര'ങ്ങള്‍ക്കെതിരെ ദ്വീപുവാസികളുടെ വികാരത്തിനൊപ്പം സുപ്രഭാതവും തൂലിക ചലിപ്പിച്ചു. ദ്വീപിലെ ഓരോ നിയമങ്ങളുടെയും പ്രത്യാഘാതം സമൂഹത്തിനു മുന്നില്‍ തുറന്നുകാണിച്ചു. അവരുടെ പ്രതിഷേധസ്വരങ്ങളെ അതേ വീര്യത്തോടെ പത്രത്താളുകളില്‍ വിവരിച്ചു. പോരാടുന്ന ലക്ഷദ്വീപ് വാസികളെ വേട്ടയാടുന്ന ഭരണകൂട സമീപനം വന്നപ്പോള്‍ അവര്‍ക്കായി ശബ്ദിച്ചു. ലക്ഷദ്വീപിന്റെ സംസ്‌കാരവും, ദ്വീപുവാസികളുടെ സ്‌നേഹമനസും അനുഭവസ്ഥരിലൂടെ പുറംലോകത്തെ വായനയിലെത്തിക്കാനും സുപ്രഭാതം പേജുകള്‍ മാറ്റിവച്ചു.
കശ്മീരിന്റെ നോവിനൊപ്പം
2019 ഓഗസ്റ്റ് അഞ്ചിന്, കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്തുകളഞ്ഞതു മുതല്‍ അവരനുഭവിക്കുന്ന തടവിന്റെയും ഒറ്റപ്പെടലിന്റെയും വേദന പുറംലോകത്തെത്തിക്കാന്‍ സുപ്രഭാതത്തിനായി. നേരിട്ടുപോയി നിജസ്ഥിതി റിപ്പോര്‍ട്ട് ചെയ്ത ചുരുക്കം ചില പത്രങ്ങളില്‍ സുപ്രഭാതവുമുണ്ട്. കശ്മീരിലെ കുട്ടികള്‍ അനുഭവിക്കുന്ന വ്യഥയും മുതിര്‍ന്നവരുടെ ആകുലതയും വായനക്കാര്‍ക്കു മുന്നിലെത്തിച്ചു.
തട്ടിപ്പില്‍ കുരുങ്ങുന്ന കേരളം
തട്ടിപ്പുകള്‍ക്കൊരു പഞ്ഞവുമില്ല നമ്മുടെ നാട്ടില്‍. അതിന് തലവച്ച് കൊടുക്കാനാവട്ടേ, മലയാളിക്ക് മടിയുമില്ല. മോറിസ് കോയിനിന്റെ പേരില്‍ കോടികളുടെ തട്ടിപ്പാണ് കേരളത്തില്‍ നടന്നത്. ഇത് പുറത്തുകൊണ്ടുവന്ന് സുപ്രഭാതം അന്വേഷണപരമ്പര തന്നെ ചെയ്തു. തട്ടിപ്പിന്റെ ഈ വെളിപ്പെടുത്തല്‍ വാര്‍ത്തകളെ വിശ്വസിക്കാന്‍ പലരും ആദ്യഘട്ടത്തില്‍ കൂട്ടാക്കിയില്ല. അത്രത്തോളം ആളുകള്‍ വിശ്വസിച്ചിരുന്നു ഈ ന്യൂജന്‍ തട്ടിപ്പിനെ. എന്നാല്‍, സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി കൂടുതല്‍ക്കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുകയാണ് സുപ്രഭാതം ചെയ്തത്. ഒടുവില്‍, തട്ടിപ്പുവീരന്മാര്‍ പലരും അകത്തായി. കോയിന്‍ കെണികളെപ്പറ്റിയുള്ള അവബോധവും തട്ടിപ്പുകാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ഇതിലൂടെ സാധിച്ചു.
80:20
മുസ്‌ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ഏറെ തെറ്റിദ്ധാരണയുണ്ടാക്കിയ വിഷയമാണ് ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ വിതരണം. മുസ്‌ലിംകള്‍ അവിഹിതമായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുവെന്ന തരത്തില്‍ വ്യാപകമായ പ്രചരണം നടന്നു. 2021 നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പേ ഈ വിഷയമെറിഞ്ഞ് വോട്ടുപിടുത്ത ശ്രമവുമുണ്ടായി. ഇതു വേരിലേ തുറന്നുകാട്ടാന്‍ സുപ്രഭാതം തുനിഞ്ഞിറങ്ങി. വോട്ടുകഴിഞ്ഞാണെങ്കിലും, വസ്തുത വെളിപ്പെടുത്താന്‍ അധികാരികളെ സുപ്രഭാതം വഴിതെളിച്ചു. കൂടെ, എന്തുകൊണ്ട് മുസ്‌ലിംകള്‍ക്ക് 100 ശതമാനം അര്‍ഹതപ്പെട്ട ആനുകൂല്യമാണതെന്ന് വ്യക്തത വരുത്താനും സുപ്രഭാതത്തിന് കഴിഞ്ഞു.
വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍
രാജ്യത്തെ എല്ലാവര്‍ക്കും ഒരേ പെന്‍ഷന്‍ എന്ന വരട്ടുവാദവുമായി ഒരു സംഘം അവതരിക്കുകയും സമൂഹത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍, അതിനു പിന്നിലെ ഗൂഡാലോചന സുപ്രഭാതം പുറത്തുകൊണ്ടുവന്നു. പ്രത്യേക ലേഖകന്‍ ഇതിന്റെ നാനാവശങ്ങള്‍ പരിശോധിച്ച്, സംഘ്പരിവാര്‍ ബന്ധങ്ങളടക്കം പുറത്തുകൊണ്ടുവന്നപ്പോള്‍ വധഭീഷണി വരെയുണ്ടായി. എങ്കിലും, വിട്ടുവീഴ്ചയില്ലാതെ മാധ്യമധര്‍മം നിറവേറ്റിയ സുപ്രഭാതം, വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന സംഘടനയുടെ വ്യാജനിര്‍മിതികളെല്ലാം തകിടംമറിച്ചു.
മുന്നോക്കസംവരണം
മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വളരെപ്പെട്ടെന്ന് നടപ്പിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ അനീതിയെ തുറന്നുകാട്ടാന്‍ സുപ്രഭാതമുണ്ടായി. സംവരണത്തിന്റെ അടിസ്ഥാന തത്വം പോലും കാറ്റില്‍പറത്തിയ ഈ നയത്തിനെതിരെ ഉറച്ചശബ്ദമായി എഡിറ്റോറിയലുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.
മാവോയിസ്റ്റ് വേട്ട
ദുരൂഹതകളുടെ കഥക്കൂട്ടുകളുമായി കേരളത്തിലും മാവോയിസ്റ്റ് വേട്ട തുടര്‍സംഭവമായി. പൊലിസ് പറഞ്ഞതിനപ്പുറത്തെ യാഥാര്‍ഥ്യങ്ങള്‍ തേടി സുപ്രഭാതം രംഗത്തുവന്നു. ഏറ്റുമുട്ടലെന്ന് പൊലിസ് പറയുന്ന വെടിവയ്പ്പുകളെപ്പറ്റിയുള്ള ദുരൂഹതയെ തുറന്നുകാട്ടി എഡിറ്റോറിയലെഴുതി.
പ്രവാസി പോസ്റ്റല്‍ വോട്ട്
പ്രവാസികളുടെ കാലങ്ങളായുള്ള ആവശ്യമായ പോസ്റ്റല്‍ വോട്ട് യാഥാര്‍ഥ്യമാക്കുന്നതിനായി സുപ്രഭാതം എന്നും കൂടെയുണ്ട്. അതൊരു ഔദാര്യമല്ല, അവകാശം തന്നെയാണെന്ന് സ്ഥാപിക്കാനും ബോധിപ്പിക്കാനും ലേഖനങ്ങളിലൂടെയും വാര്‍ത്താപരമ്പരകളിലൂടെയും ശ്രമിച്ചു.
1921
ബ്രിട്ടീഷുകാര്‍ക്കെതിരായ മലബാറിന്റെ സമരചരിത്രത്തിലെ വിപ്ലവ അധ്യായത്തെ വികലമാക്കാന്‍ ശ്രമമുണ്ടായപ്പോള്‍, അത്യുച്ചത്തില്‍ സമരചരിത്രവും പിന്നാമ്പുറ കഥകളും വിളിച്ചുപറഞ്ഞു സുപ്രഭാതം. മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷിക വേളയില്‍ ചരിത്രമുറങ്ങുന്ന പല ദിക്കുകളിലൂടെയും സഞ്ചരിച്ച് തുടര്‍ലേഖനങ്ങളും കുറിപ്പുകളും സജീവമായി പ്രസിദ്ധീകരിച്ചു. ഒപ്പം, സംഘ്പരിവാര്‍ നുണപ്രചരണങ്ങള്‍ പൊളിച്ചടുക്കാനും സുപ്രഭാതത്തിന് സാധിച്ചു.
ബാബരിയിലെ അനീതി
ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വിധിയുണ്ടായപ്പോള്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കുണ്ടായ വേദനയ്‌ക്കൊപ്പം നില്‍ക്കാന്‍ സുപ്രഭാതമുണ്ടായി. മറക്കാനുള്ളതല്ല, മനസിലുള്ളതാണ് ബാബരിയെന്ന് ഉറക്കെ പറഞ്ഞു. വിധിയിലെ ആശയക്കുഴപ്പങ്ങളും വിധി വന്ന വഴികളിലെ പാകപ്പിഴകളും നിരന്തരം ചൂണ്ടിക്കാട്ടി. ഒടുവില്‍, അയോധ്യയില്‍ രാമക്ഷേത്രത്തിന് ശില പാകിയപ്പോള്‍ 'ബാബരിഭൂമിയില്‍ രാമക്ഷേത്രത്തിന് ശിലയിട്ടു' എന്ന തലക്കെട്ടിലൂടെ എല്ലാ സന്ദേശങ്ങളും നല്‍കാന്‍ സുപ്രഭാതം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അനാസ്ഥയുടെ
ആതുരാലയങ്ങള്‍
കൊവിഡ് കാലത്ത് അനുഭവിച്ചതൊന്നും കേരളം മറക്കാനിടയില്ല. കൊവിഡിന്റെ പേരുപറഞ്ഞ്, ആശുപത്രികള്‍ കൈവെടിഞ്ഞതിനെ തുടര്‍ന്ന് മഞ്ചേരിയിലെ എന്‍.സി ഷെരീഫിന് ഇരട്ടക്കുഞ്ഞുങ്ങളെ നഷ്ടമായത് തെല്ലൊന്നുമല്ല ഞെട്ടിച്ചത്. ഇതേത്തുടര്‍ന്ന് ആശുപത്രികളില്‍ നടക്കുന്നതിന്റെ പിന്നാമ്പുറങ്ങളിലേക്ക് സുപ്രഭാതം ചൂഴ്ന്നന്വേഷിച്ചു. 'അനാസ്ഥയുടെ ആതുരാലയങ്ങള്‍' എന്ന പരമ്പര തന്നെ വിവിധ ലേഖകര്‍ ചേര്‍ന്ന് തയാറാക്കി.
'ലൗ ജിഹാദ്'
ഇന്ത്യയിലെ മുസ്‌ലിംകള്‍ നേരിടുന്ന ഏറ്റവും വലിയൊരു ആരോപണമാണ് 'ലൗ ജിഹാദ്'. പ്രേമിച്ച് മതംമാറ്റുന്നുവെന്ന ഈ ആരോപണത്തെ തുടക്കംമുതലേ എതിര്‍ക്കുകയും, യാഥാര്‍ഥ്യം സമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട് സുപ്രഭാതം.
അടച്ചുപൂട്ടാനോ
ആരാധനാലയങ്ങള്‍?
കൊവിഡിന്റെ വലിയ ഭീതിയൊഴിഞ്ഞ്, ബീവറേജുകളടക്കം തുറന്നുപ്രവര്‍ത്തിക്കുമ്പോള്‍, ആരാധനാലയങ്ങള്‍ തുറന്നുകൊടുക്കാന്‍ സമ്മതിക്കാത്ത സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെ സുപ്രഭാതം തുറന്നുകാട്ടി. എന്തുകൊണ്ട് ആരാധനാലയങ്ങള്‍ തുറക്കണമെന്ന കാര്യം അധികാരികളെ ബോധ്യപ്പെടുത്താനും സുപ്രഭാതത്തിനായി.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം അടക്കുന്നതുമായി ബന്ധപ്പെട്ടും സുപ്രഭാതത്തിന്റെ ഇടപെടല്‍ തുണയായി. അവസാനമായി ഒരുനോക്ക് കാണാനും ആചാരങ്ങള്‍ നടത്താനും ഒടുവില്‍ സര്‍ക്കാര്‍ അനുമതി നല്‍കി.
'കുട്ടിക്കടത്ത്'
ബിഹാര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് പഠിക്കാനായി കേരളത്തിലെത്തിയ 606 കുട്ടികളെ, മനുഷ്യക്കടത്ത് ആരോപിച്ച് ദിവസങ്ങളോളം കടുത്ത പീഡനത്തിന് വിധേയമാക്കുകയുംതിരിച്ചയക്കുകയും ചെയ്തത് ഇന്നും തീരാവേദനയാണ്. അവര്‍ക്കായി ശബ്ദിക്കാന്‍ സുപ്രഭാതം മാത്രമാണുണ്ടായത്. കൊള്ളസംഘത്തെപ്പോലെ കൈകാര്യം ചെയ്ത്, അവരുടെ വിദ്യാഭ്യാസമെന്ന സ്വപ്‌നം തുലയ്ക്കാന്‍ കേരളത്തിലെ ചില പത്രങ്ങളും ചാനലുകളും കൂട്ടുനിന്നപ്പോള്‍ സുപ്രഭാതം ഒരിഞ്ച് പിന്നോട്ടില്ലാതെ അവര്‍ക്കൊപ്പം നിന്നു. ഒടുവില്‍ ബിഹാര്‍ സര്‍ക്കാര്‍ തന്നെ ക്ലീന്‍ ചിറ്റ് നല്‍കുന്നതാണ് പിന്നീട് കണ്ടത്.
സേവ് കരിപ്പൂര്‍
പല പേരുകള്‍ പറഞ്ഞ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകരിയാന്‍ ശ്രമമുണ്ടായപ്പോള്‍, ജനങ്ങള്‍ക്കൊപ്പം നിന്ന് ശബ്ദിച്ചു സുപ്രഭാതം. റണ്‍വേ നീട്ടലിന്റെ പേരുപറഞ്ഞ് നിരന്തരം അവഗണനയും, വലിയ വിമാനം ഇറക്കാനുള്ള അനുമതി നിഷേധിക്കലും തുടര്‍ന്നപ്പോള്‍ കരിപ്പൂരിനായി സുപ്രഭാതം പേജുകള്‍ മാറ്റിവച്ചു. ഒടുവില്‍, വിമാനദുരന്തമുണ്ടായപ്പോള്‍ റണ്‍വേയുടെയും താവളത്തിന്റെയും കുഴപ്പമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ടായപ്പോഴും വ്യാജങ്ങളെ പൊളിച്ചടുക്കാന്‍ സുപ്രഭാതം മുന്നിലുണ്ടായി.
മുത്വലാഖ് നിയമം
വിവാദമായ മുത്വലാഖ് നിയമം പാസാക്കിയെടുത്ത കേന്ദ്ര സര്‍ക്കാര്‍ നയം, മുസ്‌ലിംകള്‍ക്കു നേരെയുള്ള മറ്റൊരു കടന്നാക്രമണമായിരുന്നു. ഇതിലൂടെ ഏകസിവില്‍കോഡ് എന്ന സംഘ്പരിവാര്‍ ലക്ഷ്യം തുറന്നുകാണിക്കുകയും അതിശക്തമായ പ്രതിരോധം തീര്‍ക്കുകയും ചെയ്തു സുപ്രഭാതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."