ഡി.സി.സി പുനഃസംഘടനാ ചര്‍ച്ചകള്‍ വീണ്ടും സജീവമായി
ഡി.സി.സി പ്രസിഡന്റുമാര്‍ക്കൊപ്പം കെ.പി.സി.സി ഭാരവാഹികളെയും പ്രഖ്യാപിച്ചേക്കും
രാജു ശ്രീധര്‍
കൊല്ലം: ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ഇന്ന് തലസ്ഥാനത്തെത്തുന്നതോടെ ഡി.സി.സി പുനഃസംഘടന സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാകും. ഈ മാസം 15ന് മുമ്പുതന്നെ പുതിയ ഡി.സി.സി പ്രസിഡന്റുമാരെ പ്രഖ്യാപിക്കുമെന്ന് സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും തീരുമാനം നീളുമെന്നാണ് സൂചന.
30ന് മുമ്പ് ഡി.സി.സി പ്രസിഡന്റുമാരുടെയും കെ.പി.സി.സി ഭാരവാഹികളുടെയും പട്ടിക പ്രസിദ്ധീകരിക്കാനുള്ള ആലോചനയിലാണ് സുധാകരന്‍. 14 ജില്ലകളിലും ഡി.സി.സി തലപ്പത്ത് പുതുമുഖങ്ങള്‍ വരുമെന്നുറപ്പായതോടെ പദവികളിലെത്താനുളളവരുടെ സമ്മര്‍ദം ശക്തമായി.
ഓരോ ജില്ലയില്‍ നിന്നും ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ സ്‌ക്രീനിങ് നടത്തിയാണ് അന്തിമ പട്ടിക തയാറാക്കുക. തിരുവനന്തപുരത്ത് പതിനഞ്ചോളം പേര്‍ ഡി.സി.സി പ്രസിഡന്റാകാന്‍ രംഗത്തുണ്ടെന്ന് അറിയുന്നു. അതുപോലെ കൊല്ലത്ത് പത്തും ചില ജില്ലകളില്‍ നാലും അഞ്ചും പേര്‍ വരെയും രംഗത്തുണ്ട്.
നിലവില്‍ ഡി.സി.സി പ്രസിഡന്റുമാര്‍ കൂടുതലും ഐ ഗ്രൂപ്പിനാണ്. പുനഃസംഘടനയില്‍ ഗ്രൂപ്പുകളുടെ സര്‍വാധിപത്യമുണ്ടാകില്ലെന്ന് പറയുമ്പോഴും ഗ്രൂപ്പ് മാനേജര്‍മാരുടെ താല്‍പര്യങ്ങള്‍ കൂടി കണക്കിലെടുത്താകും അന്തിമ പട്ടിക തയാറാക്കുക. കെ.പി.സി.സി മുന്‍ ഭാരവാഹികളില്‍ പലരും ഡി.സി.സി പ്രസിഡന്റ് പദവി ലക്ഷ്യമിട്ട് ചരടുവലി നടത്തുന്നുണ്ട്. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് മികച്ച സംഘടനാ ശേഷിയുള്ള നേതാവിനെ പ്രസിഡന്റാക്കാനാണ് സുധാകരന് താല്‍പര്യം. സെക്രട്ടേറിയറ്റും നിയമസഭാ മന്ദിരവുമുള്ളതിനാല്‍ പെട്ടെന്നൊരു സമരമുണ്ടായാല്‍ പ്രവര്‍ത്തകരെ സംഘടിപ്പിക്കാന്‍ ശേഷിയുള്ള നേതാവായിരിക്കണം തിരുവനന്തപുരത്ത് വേണ്ടതെന്നാണ് സുധാകരന്റെ അഭിപ്രായം. അങ്ങനെ വന്നാല്‍ ടി. ശരത്ചന്ദ്ര പ്രസാദിനെപ്പോലുള്ളവര്‍ക്ക് പരിഗണന ലഭിച്ചേക്കും.
മുല്ലപ്പള്ളി രാമചന്ദ്രന്റെ കമ്മിറ്റിയില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മാത്രം കെ.പി.സി.സി ഭാരവാഹികളായവരെ പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തരുതെന്ന ആവശ്യവും ശക്തമായി ഉയര്‍ന്നിട്ടുണ്ട്. അഴിമതിക്കേസിലും ക്രിമിനല്‍ കേസുകളിലും പ്രതികളായവര്‍, ശക്തമായ അഴിമതി ആരോപണങ്ങള്‍ നേരിട്ടവര്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റവര്‍ തുടങ്ങിയവരെ പുനഃസംഘടനയില്‍ പരിഗണിക്കരുതെന്ന വികാരവും ശക്തമാണ്. കോട്ടയത്ത് ഉമ്മന്‍ ചാണ്ടിയുടെയും ആലപ്പുഴയില്‍ കെ.സി വേണുഗോപാലിന്റെയും കണ്ണൂരില്‍ സുധാകരന്റെയും താല്‍പര്യങ്ങള്‍ പ്രസിഡന്റ് പദവിയില്‍ നിര്‍ണായകമാണ്. ഇതിനിടെ ഐ ഗ്രൂപ്പില്‍ രമേശ് ചെന്നിത്തലയെയും കെ.സി വേണുഗോപാലിനെയും പിന്തുണയ്ക്കുന്നവരുടെ ഡബിള്‍ റോള്‍ കളി ഗ്രൂപ്പിനുള്ളില്‍ അപസ്വരങ്ങള്‍ക്ക് കാരണമായിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."