'അസം വീരപ്പൻ' അനുയായികളുടെ വെടിയേറ്റ് മരിച്ചു
ഗുവാഹത്തി: 'അസം വീരപ്പൻ' എന്നറിയപ്പെടുന്ന യുനൈറ്റഡ് പീപ്പിൾസ് റെവല്യൂഷനറി ഫ്രണ്ടിന്റെ (യു.പി.ആർ.എഫ്) സ്വയം പ്രഖ്യാപിത തലവൻ മംഗിൻ ഖൽഹാവ് വെടിയേറ്റ് മരിച്ചു. സ്വന്തം കേഡർമാരുമായുണ്ടായ തർക്കത്തിനിടെയാണ് വെടിയേറ്റതെന്നാണ് പൊലിസിന്റെ നിഗമനം.
അസമിലെ തെക്കൻ മലനിരകളിലെ കാർബി ആംഗ്ലോഗ് ജില്ലയിലാണ് സംഘർഷമുണ്ടായത്. ഞായറാഴ്ച രാവിലെയാണ് മംഗിന്റെ മൃതദേഹം കണ്ടെടുത്തതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇയാളുടെ ശരീരത്തിൽ നിരവധി തവണ വെടിയേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്ന് പൊലിസ് പറയുന്നു. മൃതദേഹം ബൊകജാനിലെ ആശുപത്രിയിലേക്ക് മാറ്റുകയും തുടർന്ന് ദിപുവിലേക്ക് പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയും ചെയ്തു.
മരം കൊള്ളക്കാരനായതിനാലാണ് മംഗിനെ അസം വീരപ്പനെന്ന് വിശേഷിപ്പിക്കുന്നത്. യു.പി.ആർ.എഫിലെ സജീവമായ മുതിർന്ന അംഗങ്ങളിൽ ഒരാളായിരുന്നു മംഗിൻ.
കഴിഞ്ഞ ഒരു വർഷത്തിനിടെ യു.പി.ആർ.എഫിലെ മുതിർന്ന അംഗങ്ങളിൽ പലരും പൊലിസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർ പൊലിസിൽ കീഴടങ്ങുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."