വിദ്യാർഥികളെ കുരുതികൊടുക്കുകയോ?
എ.പി.കുഞ്ഞാമു
കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് നഗരത്തിലെ പ്രശസ്ത സ്കൂളിനുമുമ്പിൽ വലിയ ഗതാഗതക്കുരുക്ക്. ഉദ്വേഗവും പ്രത്യാശയും അസ്വസ്ഥതയുമൊക്കെ നിഴലിക്കുന്ന മുഖങ്ങളുമായി ഗേറ്റിനകത്തും പുറത്തും ഒരുപാട് രക്ഷിതാക്കൾ. അവർ തങ്ങളുടെ കുട്ടികൾ പരീക്ഷ കഴിഞ്ഞെത്തുന്നത് കാത്തിരിക്കുകയാണ്. എൻട്രൻസ് പരീക്ഷാരംഗത്ത് തരംഗമായി മാറിയ ഒരു സ്ഥാപനം നടത്തുന്ന മോക്, മോഡൽ പരീക്ഷ. വിവിധ പ്രദേശങ്ങളിൽനിന്നു വന്നെത്തിയ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ ഡോക്ടറോ എൻജിനീയറോ ആക്കിത്തീർക്കാനുള്ള പരീക്ഷയെ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കുന്ന ഒരു ടെസ്റ്റുമായി ബന്ധപ്പെട്ടു വന്നെത്തിയവരാണവർ. ഈ പരീക്ഷ കേരളത്തിൽ വേറെ സ്ഥലങ്ങളിലും നടന്നു. അവിടെയുമുണ്ട് രക്ഷിതാക്കളുടെ പട. എൻട്രൻസ് ജ്വരത്തിൽ സംസ്ഥാനമൊട്ടുക്കും വിറച്ചുനിൽക്കുകയാണെന്ന് ചുരുക്കം.
ഞാനൊരു രക്ഷിതാവിനെ പരിചയപ്പെട്ടു. ഹരികൃഷ്ണൻ, മലപ്പുറം ജില്ലയിൽ സ്കൂൾ അധ്യാപകനാണ്. മോൾ പാലായിലായിരുന്നു എൻട്രൻസ് കോച്ചിങ്ങിനു ചേർന്നത്. ബി.ഡി.എസിന് കിട്ടി. റിപ്പീറ്റ് ചെയ്തപ്പോഴും ബി.ഡി.എസ് തന്നെ. എം.ബി.ബി.എസ് തന്നെ വേണമെന്ന് അവൾക്ക് വാശി. ഇപ്പോൾ മാർക്കറ്റിൽ മുന്നിട്ടു നിൽക്കുന്ന കോച്ചിങ് സ്ഥാപനം ഇതാണല്ലോ. റീറിപ്പീറ്റ് ചെയ്യാൻ ഈ സ്ഥാപനത്തിൽ ചേർത്തിരിക്കുകയാണ്.
'വലിയ പണച്ചെലവല്ലേ?'
അയാളുടെ കണ്ണുകളിലെ വെളിച്ചം കെട്ടു. മകളെ പഠിപ്പിക്കാൻ വേണ്ടി അനുഭവിച്ച സാമ്പത്തിക പ്രയാസങ്ങളുടെ ഓർമ ആ മുഖത്ത് ചുളിവ് വീഴ്ത്തി. വിളറിയ ചിരിയിൽ അയാൾ പ്രയാസം മറച്ചു. 'കുട്ടികളുടെ ഭാവിയാണല്ലോ പ്രധാനം'.
അതെ, കുട്ടികളുടെ ഭാവിയാണ് പ്രധാനം. കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള രക്ഷിതാക്കളുടെ ആധിയിൽ നിന്നാണ് എൻട്രൻസ് ജ്വരം എന്ന രോഗത്തിന്റെ വിത്തു മുളയ്ക്കുന്നത്. ഈ രോഗം കേരളീയ സമൂഹത്തെ ബാധിച്ചിട്ട് വർഷങ്ങളായി. പഴയ കാലത്ത് പ്രി-ഡിഗ്രി, ഡിഗ്രി പരീക്ഷകളുടെ മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രൊഫഷനൽ കോളജ് പ്രവേശനം. മാർക്ക് തട്ടിപ്പുകളെപ്പറ്റിയുള്ള പരാതികൾ വ്യാപകമായപ്പോഴാണ് പരിഹാരമെന്ന നിലയിൽ എൻട്രൻസ് പരീക്ഷകൾ തുടങ്ങിയത്.
കാലക്രമേണ എൻട്രൻസ് പരീക്ഷയ്ക്ക് പരിശീലനം നൽകുന്ന കോച്ചിങ് സെന്ററുകൾ ആവിർഭവിക്കുകയും പിന്നീട് വൻ ബിസിനസാവുകയും ചെയ്തു. ഇന്ന് ഇടത്തരം കുടുംബങ്ങളെ ഏറെ പ്രയാസപ്പെടുത്തുന്ന കാര്യമാണ് എൻട്രസ് പരിശീലനത്തിന്റെ സാമ്പത്തിക ബാധ്യതകളും തയാറെടുപ്പുകളും. പരിശീലന പ്രക്രിയകളുടെ ആഘാതം വിദ്യാർഥികളിൽ മാത്രമല്ല രക്ഷിതാക്കളിലുമുണ്ട്. അതേപോലെത്തന്നെ പരീക്ഷാ പരിശീലന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പുതിയ ടൗൺഷിപ്പുകളും സ്റ്റാർട്ടപ്പുകളുമൊക്കെ ഉയർന്നുവരുന്നു. കോച്ചിങ് സെൻ്ററുകൾ പരസ്പരം ഏർപ്പെട്ടിട്ടുള്ള മത്സരങ്ങൾ വേറെ. ചുരുക്കത്തിൽ എൻട്രൻസ് പരീക്ഷാ പരിശീലനവുമായി ബന്ധപ്പെട്ട സാമൂഹികവും സാമ്പത്തികവുമായ ആഘാത, പ്രത്യാഘാതങ്ങൾ ഗൗരവമായ പഠന വിഷയമാണ്.
ഇത് കേരളത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന വിഷയമല്ല. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ കോട്ടയിൽനിന്നു വന്ന ആത്മഹത്യാവാർത്തകൾ പ്രവേശന പരീക്ഷകൾ സൃഷ്ടിക്കുന്ന സാമൂഹികപ്രശ്നങ്ങളുടെ ഗൗരവത്തിലേക്കാണ് വിരൽചൂണ്ടുന്നത്. മെഡിക്കൽ/എൻജിനീയറിങ് പരീക്ഷക്ക്(നീറ്റ് /ജെ.ഇ.ഇ) തയാറെടുക്കുന്ന രണ്ടു വിദ്യാർഥികളാണ് ഒറ്റദിവസം ജീവനൊടുക്കിയത്. ഈ കുറിപ്പിന്റെ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെയുള്ള ഒരു മോക് ടെസ്റ്റിൽ വേണ്ടപോലെ എഴുതാൻ കഴിയാഞ്ഞതിന്റെ മാനസികസമ്മർദത്തിൽ പെട്ട് ആവിഷ്ക്കാർ ഷാം ബാജികാസ് ലെ എന്ന പതിനേഴുകാരൻ പരിശീലന സ്ഥാപനത്തിന്റെ ആറാം നിലയിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. മറ്റൊരു വിദ്യാർഥി ആദർശ് രാജ് (18 വയസ്) താമസസ്ഥലത്ത് തൂങ്ങിമരിച്ചു. മാനസികസമ്മർദം മൂലം ഇക്കൊല്ലം 22 വിദ്യാർഥികൾ കോട്ടയിൽ മാത്രം ജീവനൊടുക്കിയിട്ടുണ്ടത്രേ. കഴിഞ്ഞ കൊല്ലവും ആത്മഹത്യ ചെയ്തു പതിനഞ്ചു പേർ.
കോട്ടയും കോച്ചിങ്ങും
കോട്ടയിൽ നിന്നുള്ള ഈ വാർത്ത എൻട്രൻസ് പരീക്ഷകൾ സൃഷ്ടിക്കുന്ന മാനസികസമ്മർദങ്ങളെ സമൂഹത്തിന്റെ ശ്രദ്ധയിൽ അതർഹിക്കുന്ന ഗൗരവത്തോടെ കൊണ്ടുവരാൻ കാരണമായിട്ടുണ്ടോ? ഇന്ത്യയിൽ എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് ഏറ്റവുമധികം പേരുകേട്ട സ്ഥലമാണ് കോട്ട. കേരളത്തിലെ പാലായും തൃശൂരും പോലെ. ജനപ്രിയ നോവലിസ്റ്റായ ചേതൻ ഭഗത്തിന്റെ 'റിവല്യൂഷൻ 2020' എന്ന നോവലിന്റെ ആദ്യ അധ്യായത്തിന്റെ തലക്കെട്ട് കോട്ട എന്നാണ്. രാജസ്ഥാനിലെ ഒരു ചെറു പട്ടണമാണ് കോട്ട. സാരിയുടേയും ചുണ്ണാമ്പ് കല്ലുകളുടേയും നാട് കൂടിയാണവിടം.
എന്നാൽ ഇന്ന് കോട്ട ആശയും നിരാശയും നിറഞ്ഞു നിൽക്കുന്ന ഇന്ത്യയുടെ കോച്ചിങ് ഹബാണ്. മെഡിക്കൽ/എൻജിനീയറിങ് പരീക്ഷകൾക്ക് കുട്ടികളെ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങളുടെ ബാഹുല്യമാണ് കോട്ടയെ കോച്ചിങ് ഹബ് എന്ന പേരിന് അർഹമാക്കിയത്. ഈ വ്യവസായത്തിൽ കോട്ടയിൽ നാലായിരത്തിലധികം കോടി രൂപയുടെ ബിസിനസാണ് നടക്കുന്നത്. കോച്ചിങ് സെന്ററുകൾക്ക് ചുറ്റും വിപുലമായ ഒരു തൊഴിൽമേഖല വളർന്നുവന്നിരിക്കുന്നു. ട്യൂഷൻ നൽകുന്നവർ,
വിദ്യാർഥികൾക്കും അധ്യാപകർക്കും താമസമൊരുക്കുന്ന ഹോസ്റ്റലുകൾ, കാറ്ററിങ് സർവിസുകൾ, ടാക്സി, റിക്ഷ, ബസ് തുടങ്ങിയ ഗതാഗത സംവിധാനങ്ങൾ - ഇങ്ങനെ മുതൽ മുടക്കിൻ്റെയും തൊഴിലിൻ്റെയും വിശാല ലോകമാണ് കോട്ടയിൽ വളർന്നുവന്നത്. കോട്ടയുടെ വികസനം കോച്ചിങ്ങിലൂടെ തന്നെ. അത് തിരിച്ചറിഞ്ഞാണ് ഗോപാൽ, രാഘവ്, ആരതി എന്നിവരെ കഥാപാത്രങ്ങളാക്കി 'വിദ്യാഭ്യാസവ്യവസായ' ത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച തന്റെ നോവലിന്റെ പ്രഥമാധ്യായത്തിന്ന് ചേതൻ ഭഗത്ത് കോട്ട എന്ന് പേരിട്ടത്. അർഥഗർഭമായ പേര്.
കോട്ടയോളം വളർന്നിട്ടില്ലെങ്കിലും വിദ്യാഭ്യാസ വ്യവസായത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന പട്ടണങ്ങൾ കേരളഞ്ഞിലുമുണ്ട്. ഈയിടെയായി പരിശീലന കേന്ദ്രങ്ങൾ ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുന്നു. പുതിയ സ്ഥാപനങ്ങൾ പഴയവയെ പുറന്തള്ളുന്നു. ആളെപ്പിടിക്കാൻ ഈ കേന്ദ്രങ്ങൾ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നു. ഫീസിളവ്, സ്കോളർഷിപ്പ്, ദത്തെടുക്കൽ, സ്വന്തമായി സ്കൂളുകൾ തുടങ്ങൽ, നിലവിലുള്ള ഹയർ സെക്കൻഡറി ബാച്ചുകൾ ഏറ്റെടുക്കൽ - ഇങ്ങനെ തന്ത്രങ്ങൾ പലത്. ഈ യുദ്ധത്തിൽ തികഞ്ഞ അതിജീവനശേഷിയുള്ള സെന്ററുകൾക്ക് മാത്രമേ പിടിച്ചുനിൽക്കാനാവൂ. വൻതുക മുടക്കി കോച്ചിങ് സെന്റർ സ്ഥാപിച്ച് കുട്ടികളെ കിട്ടാതെ കുത്തുപാളയെടുക്കേണ്ടിവന്ന സംരംഭകരും ഈ രംഗത്ത് ധാരാളം.
ആശയും നിരാശയും
സാമാന്യമായി പരീക്ഷാപരിശീലന കേന്ദ്രങ്ങൾ വലിയ സാമൂഹിക വിപത്താണെന്ന് പറഞ്ഞുകൂടാ. ഈ കേന്ദ്രങ്ങൾ മാത്രമാണ് മാനസിക സമ്മർദമുണ്ടാക്കുന്നതെന്നും പറഞ്ഞുകൂടാ. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തന്നെ ജോലിയോ മികച്ച പ്രൊഫഷനോ ആണെന്ന ധാരണ രൂപപ്പെട്ടുവന്ന സമൂഹത്തിന്റെ ഭാഗമാണ് ഈ സ്ഥാപനങ്ങളും അവിടെ പഠിക്കുന്ന വിദ്യാർഥികളും ചേർത്ത് പഠിപ്പിക്കുന്ന രക്ഷിതാക്കളും. ജോലിക്കുവേണ്ടിയാണ് പഠിക്കുന്നതെങ്കിൽ ഇന്നയിടത്ത് പഠിക്കണമെന്നാണല്ലോ പുതിയ പരസ്യം. പഠനത്തിന്റെ ലക്ഷ്യംതന്നെ മാറിയ സ്ഥിതിയിൽ വലിയ ഒരു വിഷമവൃത്തത്തിൽ അകപ്പെട്ടിരിക്കുകയാണ് വിദ്യാർഥികൾ. പഠനകാലത്ത് മറ്റൊന്നിലേക്കും ശ്രദ്ധ ചെലുത്താനാവാത്ത തരത്തിൽ സമ്മർദത്തിലാണ് ഹയർ സെക്കൻഡറി വിദ്യാർഥികൾ. അവർക്ക് പഠിപ്പ് മാത്രമേയുള്ളു ശരണം.
പാട്ടും കളിയും നൃത്തവും കുടുംബ സന്ദർശനവുമൊക്കെ അവർക്ക് വിലക്കപ്പെടുന്നു. സ്വന്തം സ്വാഭാവിക ചോദനകളെ കൗമാരപ്രായത്തിൽ അവർ അടിച്ചമർത്തേണ്ടിവരുന്നു. ലോകത്തിന്റെ നിറവും ഗന്ധവും അവർക്കു നിഷേധിക്കപ്പെടുന്നു. എന്നിട്ടോ! ലക്ഷക്കണക്കിന് വിദ്യാർഥികളാണ് പ്രൊഫഷനൽ കോഴ്സുകൾക്കുള്ള പരീക്ഷയെഴുതുന്നത്. തെരഞ്ഞെടുക്കപ്പെടുന്നത് വളരെ കുറച്ചുപേർ മാത്രം. പ്രവേശനം ലഭിക്കാത്തവർ റിപ്പീറ്റും റീറിപ്പീറ്റുമായി പല തവണ ഭാഗ്യപരീക്ഷണം നടത്തുന്നു. ഒടുവിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് നിരാശാബാധിതരായി മറ്റെവിടെയോ ചേക്കേറാൻ അവർ വിധിക്കപ്പെടുന്നു.
പലരും വഴി തെറ്റിപ്പോകുന്നു പോലുമുണ്ട്. അധമബോധം പേറുന്ന ഈ ചെറുപ്പക്കാർ സമൂഹത്തിന്ന് എന്ത് സംഭാവന ചെയ്യാനാണ്?
എൻട്രൻസ് പരീക്ഷ വേണോ എന്ന ചോദ്യം സമൂഹത്തിൽ ഉയർന്നുവന്നിട്ട് വർഷങ്ങളായി. ചില പ്രമുഖരായ പരിശീലന കേന്ദ്രം നടത്തിപ്പുകാർ പോലും ഇത്തരം പരീക്ഷകളോട് യോജിക്കുന്നില്ല. ചെറുപ്രായത്തിൽ തന്നെ അനാവശ്യ മത്സരബുദ്ധി കുട്ടികളിൽ കുത്തിവയ്ക്കുന്നത് അവരുടെ വ്യക്തിത്വവികാസത്തെ ദോഷമായി ബാധിക്കുമെന്നാണ് മനശ്ശാസ്ത്രജ്ഞരുടെ നിരീക്ഷണം. കുറ്റകൃത്യങ്ങൾക്കു പിന്നിൽപോലും ഇത്തരം അനുഭവങ്ങൾ കാണാമത്രേ.
ഏതായാലും ഒരു സംഗതി കൗതുകകരമാണ്. മാനസികസമ്മർദം മൂലം കുട്ടികൾ ആത്മഹത്യ ചെയ്യുന്നതൊഴിവാക്കാൻ കോട്ടയിലെ കോച്ചിങ് സെന്റർ നടത്തിപ്പുകാർ ഹോസ്റ്റലിൽ സ്‌പ്രിങ് ഘടിപ്പിച്ച ഫാനും സൈറണും ഉരുക്ക് വലയുമൊക്കെ ഏർപ്പാടാക്കിയിരിക്കുന്നു. മരിക്കാനൊരുങ്ങിയാൽ മണിയടിക്കും. വിവരമറിയും. എന്നാലും മാനസിക സമ്മർദമൊഴിവാക്കാൻ നടപടിയില്ല. എങ്ങനെയുണ്ട്?
Content Highlights:Today's Article in sep 2 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."