അഭിരാമിയുടെ മരണം: ജപ്തി നോട്ടിസ് പതിച്ചതില്‍ ബാങ്കിന് വീഴ്ചയെന്ന് റിപ്പോര്‍ട്ട്
കൊല്ലം: വീടിനു മുന്നില്‍ ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്. വീടിന് മുന്നില്‍ ജപ്തി നോട്ടീസ് പതിച്ചതില്‍ വീഴ്ച പറ്റി. അഭിരാമിയുടെ അച്ഛന്‍ അജികുമാറിന്റെ അസുഖബാധിതനായ പിതാവിന് ജപ്തി നോട്ടിസ് നല്‍കിയതിലും വീഴ്ചപറ്റിയെന്നും കൊല്ലം സഹകരണ രജിസ്ട്രാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വായ്പ എടുത്ത അജികുമാറിന് ആയിരുന്നു നോട്ടീസ് നല്‍കേണ്ടതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സര്‍ഫാസി നിയമം ഉപയോഗിച്ചതിനെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നില്ല.
നടപടിക്രമങ്ങളില്‍ വീഴ്ച പറ്റിയോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രഥമിക റിപ്പോര്‍ട്ട് കൊല്ലം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കേരള ബാങ്കിന് കൈമാറി.
അഭിരാമിയുടെ അച്ഛന്‍ അജികുമാറാണ് ലോണ്‍ എടുത്തത് . എന്നാല്‍ അദ്ദേഹം സ്ഥലത്ത് ഉണ്ടായിട്ടും ജപ്തി നോട്ടിസ് അജികുമാറിന്റെ അസുഖബാധിതനായ പിതാവ് ശശിധരന്‍ ആചാരിക്ക് നല്‍കിയതില്‍ വീഴ്ച പറ്റി. മാത്രമല്ല നോട്ടിസിലെ കാര്യങ്ങള്‍ കൃത്യമായി ബാങ്ക് അധികൃതര്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയില്ല. കാര്യങ്ങള്‍ മനസിലാക്കാതെയാണ് ശശിധരന്‍ ആചാരി നോട്ടിസില്‍ ഒപ്പിട്ട് നല്‍കിയത്. ഇതേ തുടര്‍ന്നാണ് അവിടെ ബോര്‍ഡ് സ്ഥാപിച്ചത്. ഇതിലെല്ലാം ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ വീഴ്ച യാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ശൂരനാട് സൗത്ത് അജി ഭവനില്‍ അഭിരാമി(20) ആണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് പതാരം ബ്രാഞ്ചില്‍ നിന്നെടുത്ത വായ്പ മുടങ്ങിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ ബാങ്ക് അധികൃതര്‍ എത്തി നോട്ടിസ് പതിച്ചിരുന്നു. ഇതില്‍ മനം നൊന്തായിരുന്നു ആത്മഹത്യ.
അതേസമയം, റിപോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. 'കേരള ബാങ്കില്‍ സര്‍ഫാസി ആക്ട് ബാധകമാണ്. ജപ്തി നടപ്പാക്കിയതില്‍ വീഴ്ച പറ്റിയോ എന്ന് ബാങ്ക് പരിശോധിക്കുന്നുണ്ട്പിശക് പറ്റിയെങ്കില്‍ നടപടി വേണമെന്നും മന്ത്രി പറഞ്ഞു.സര്‍ഫാസി ആക്ട് പാടില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്'. സര്‍ഫാസി ആക്ട് കേന്ദ്രം പിന്‍വലിച്ചാല്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ മാറുമെന്നും മന്ത്രി പറഞ്ഞു.ബാങ്കിന് വീഴ്ച പറ്റിയെങ്കില്‍ കര്‍ശന നടപടി വേണമെന്ന് മുഖ്യമന്ത്രിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."