ഭാരത് ജോഡോ യാത്രാ ബാനറുകൾ: സർക്കാരിന് വിമർശനം കൊടികൾ നാട്ടാൻ കഴിയുന്നത് ഭരണപരാജയമെന്ന് ഹൈക്കോടതി
കൊച്ചി • കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്കു വേണ്ടി കൊടികളും ബാനറുകളും നിയമവിരുദ്ധമായി സ്ഥാപിച്ചതിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കൊടികളും ബാനറുകളും പാതകളിലുടനീളം നാട്ടാൻ കഴിയുന്നത് സർക്കാറിന്റെ ഭരണപരാജയം കൊണ്ടാണെന്നും സർക്കാർ പരാജയപ്പെടുമ്പോൾ കോടതിക്കുനേരെ വിരൽ ചൂണ്ടുന്ന നടപടി നിർഭാഗ്യകരമാണെന്നും കോടതി വ്യക്തമാക്കി.
ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ചീഫ് സെക്രട്ടറിയും തദ്ദേശ സ്വയംഭരണ സെക്രട്ടറിയും ഡി.ജി.പിയും റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
ജോഡോ യാത്രയുടെ പേരിൽ ദേശീയ പാതക്കിരുവശവും അനധികൃതമായി സ്ഥാപിച്ച കൊടികളും ബാനറുകളുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാഥയോടൊപ്പം പൊലിസുണ്ടായിട്ടും നിയമം പാലിക്കാത്ത ബോർഡുകളും മറ്റും മാറ്റുന്നില്ല. സ്വച്ഛ് ഭാരത് മിഷൻ നടക്കുന്നതിനിടെയാണ് രാജ്യത്തെ പ്രധാനസ്ഥാനത്തിരിക്കുന്നയാൾ വന്നപ്പോൾ നിയമംപാലിക്കാതെ ബോർഡുകൾ വ്യാപകമായി സ്ഥാപിച്ചത്. കോടതി ഉത്തരവ് നടപ്പാക്കേണ്ട ബാധ്യത സർക്കാറിനാണ്. സർക്കാർ നടപടി സ്വീകരിക്കാത്തതിനു കോടതിയെ ആക്ഷേപിച്ചിട്ട് കാര്യമില്ല. കോടതി വിലക്കിയിട്ടും രാഷ്ട്രീയ പാർട്ടികളടക്കം പാതയോരങ്ങളിൽ അനധികൃത ബോർഡുകളും കൊടികളും സ്ഥാപിക്കുന്നത് ഭരണപരാജയം കൊണ്ടാണ്. നിറം നോക്കിയല്ല കോടതി ഇടപെടുന്നതെന്നും ജസ്റ്റിസ് ദേവൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."