മദ്യപന്മാര്‍ സ്ത്രീകളെ വീട് കയറി ആക്രമിച്ചതായി പരാതി
ചടയമംഗലം: മദ്യപന്മാര്‍ വീട്ടമ്മയേയും ചെറുമകളെയും വീട് കയറി മര്‍ദിച്ചതായി പരാതി. കളാങ്ങാട് പരുത്തിപൊയ്കവീട്ടില്‍ റിഷന്റെ നേതൃത്വത്തിലുളളവരാണ് വീട് കയറി മര്‍ദിച്ചതെന്ന് കാട്ടി കളങ്ങാട് അരുണോദയത്തില്‍ വിജയമ്മ (58) പൊലിസില്‍ പരാതി നല്‍കി.
ഗുരുതരമായി പരുക്കേറ്റ വിജയമ്മയെയും ചെറുമകള്‍ ആര്‍ദ്രയെയും വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് എട്ടരയോടെയാണ് സംഭവം. വിജയമ്മയുടെ വീടിന് സമീപത്തെ കാവില്‍ മദ്യപിക്കാന്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ എത്തിയതായിരുന്നു റിഷന്‍. കാവില്‍ സ്ഥിരമായി മദ്യപിക്കാന്‍ എത്താറുള്ള ഇയാളെ വിജയമ്മയും സമീപത്തുള്ളവരും വിലക്കിയിരുന്നു.
അമിതമായി മദ്യപിച്ച് എത്തിയ സംഘത്തിന്റെ കാര്‍ റോഡിനോട് ചേര്‍ന്ന് പാര്‍ക്കു ചെയ്തിരുന്ന വിജയമ്മയുടെ മരുമകന്റെ ഉടമസ്ഥതയിലുളള ജനറേറ്റര്‍ എഞ്ചിന്‍ വാഹനത്തില്‍ ഇടിച്ചു. ശബ്ദംകേട്ട് എത്തിയ വിജയമ്മയെ അസഭ്യവര്‍ഷത്തോടെ മതില്‍ ചാടിക്കടന്ന് റിഷന്‍ മര്‍ദിക്കുകയായിരുന്നു. ഇവരുടെ ഒക്കത്തിരുന്ന ചെറുമകള്‍ക്ക് ഇതിനിടെ തെറിച്ചുവീണ് പരുക്കേറ്റു. മര്‍ദിച്ച് അവശയാക്കിയ ഇവരെ വീടിന് സമീപത്തുനിന്നു താഴ്ചയിലേക്ക് തള്ളിയിട്ടു. തുടര്‍ന്ന് ഇവര്‍ എത്തിയ വാഹനം കയറ്റി കൊലപ്പെടുത്താനും ശ്രമിച്ചു. സമീപവാസികള്‍ എത്തിയ ശേഷമാണ് ഭീഷണിയോടെയും അസഭ്യവര്‍ഷത്തോടെയും ഇവര്‍ പിന്‍വാങ്ങിയത്. സംഘം നാട്ടുകാരില്‍ ചിലരെ ആക്രമിക്കാനും തയ്യാറായി.
അര കിലോമീറ്റര്‍ ചുറ്റളവിലാണ് വിജയമ്മയും റിഷനും താമസിക്കുന്നത്. പ്രതി റിഷന്‍ പോരേടം സ്വദേശിയെ വാഹനം കയറ്റി കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസിലും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറില്‍നിന്നു ടയറുകള്‍ മോഷ്ടിച്ച കേസിലും പ്രതിയാണ്. ചടയമംഗലം പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."