ഭൂകമ്പ പ്രവചനം കേരളത്തിലെ ആദ്യ ഭൗമകേന്ദ്രം കുസാറ്റിൽ
കളമശേരി •മുംബൈയിലെ ഭാഭാ ആറ്റോമിക് റിസര്‍ച്ച് കേന്ദ്രം റേഡിയോളജിക്കല്‍ ഫിസിക്‌സ് ആൻഡ് അഡ്വൈസറി വിഭാഗം വികസിപ്പിച്ചെടുത്ത സൗരോര്‍ജ റാഡോണ്‍ ഭൗമകേന്ദ്രം കുസാറ്റിൽ സ്ഥാപിച്ചു. 'ഇന്ത്യന്‍ നെറ്റ് വര്‍ക്ക് ഓഫ് ഡിറ്റക്ഷന്‍ ഓഫ് റാഡോണ്‍ അനോമലി ഫോര്‍ സീസ്മിക് അലേര്‍ട്ട്' എന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായിട്ടാണ് കേരളത്തിലെ ആദ്യകേന്ദ്രം കുസാറ്റ് കാംപസില്‍ സ്ഥാപിച്ചത്.
ഭൂകമ്പ പ്രവചനത്തിന്റെ സാധ്യതകള്‍ മനസിലാക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള 100 സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നുണ്ട്.
യുറേനിയം, തോറിയം എന്നിവയുടെ റേഡിയോ ആക്ടീവ് ക്ഷയത്താല്‍ ഉത്പാദിപ്പിക്കപ്പെടുന്ന നിറമോ മണമോ ഇല്ലാത്ത റേഡിയോ ആക്ടീവ് വാതകമാണ് റാഡോണ്‍. ഇത് പാറകളിലും മണ്ണിലും വ്യത്യസ്ത സാന്ദ്രതയില്‍ കാണപ്പെടുന്നത്.
ഭൂചലനം ഉണ്ടാകുമ്പോള്‍ ഭൂമിയുടെ പുറംതോടിലൂടെ കൂടുതല്‍ റാഡോണ്‍ വാതകം പുറത്തുവരും.
ഇത്തരം സാഹചര്യങ്ങളില്‍ ഭൗമകേന്ദ്രം റാഡോണിന്റെ സാന്നിധ്യം കണ്ടെത്തുകയും ഭാഭാ ആറ്റോമിക് റിസര്‍ച്ച് കേന്ദ്രത്തിലേക്ക് വിവരങ്ങള്‍ അയക്കുകയും ചെയ്യും.
ഭൂകമ്പസാധ്യത മുന്‍കൂട്ടി അറിയുവാനുള്ള പഠനത്തിനു റാഡോണ്‍ ഭൗമകേന്ദ്രം സഹായിക്കും.
ഭൗമ കേന്ദ്രം സ്ഥാപിക്കുന്നതിനായി ഭാഭാ ആറ്റോമിക് റിസര്‍ച്ച് കേന്ദ്രം റേഡിയോളജിക്കല്‍ ഫിസിക്‌സ് ആൻഡ് അഡ്വൈസറി വിഭാഗം മേധാവി പ്രൊഫ. ബി.കെ സപ്ര കുസാറ്റിനെ സമീപിച്ചപ്പോള്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍ മധുസൂദനന്‍ പദ്ധതിക്കുവേണ്ട പൂര്‍ണപിന്തുണ അറിയിച്ചിരുന്നു.
റേഡിയേഷന്‍ സേഫ്റ്റി ഓഫിസര്‍ ഡോ.എ.കെ റൈന്‍ കുമാര്‍ ആണ് കുസാറ്റില്‍ റാഡോണ്‍ ഭൗമകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."