ഗവർണർക്കെതിരേ കേരള വി.സി രണ്ടംഗ സെർച്ച് കമ്മിറ്റി ചട്ടവിരുദ്ധം
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • കേരള സർവകലാശാലയുടെ പുതിയ വി.സിയെ കണ്ടെത്താൻ രണ്ടംഗങ്ങളെ മാത്രം ഉൾപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി മഹാദേവൻ പിള്ള. ഇന്നലെ ചേർന്ന സർവകലാശാല സിൻഡിക്കറ്റ് യോഗത്തിലാണ് വിമർശനം. ഈ സമിതിയിലേക്ക് സെനറ്റിന്റെ അംഗത്തെ നോമിനേറ്റ് ചെയ്യാൻ സർവകലാശാലാ ചട്ടം അനുവദിക്കുന്നില്ലെന്നും മഹാദേവൻ പിള്ള അഭിപ്രായപ്പെട്ടു.
അതേസമയം, സെനറ്റ് യോഗം എന്നു ചേരണമെന്നതിനെ ക്കുറിച്ച് സിൻഡിക്കറ്റോ വി.സിയോ തീരുമാനമെടുത്തില്ല. രണ്ടംഗ സമിതി രൂപീകരിച്ചതിലുള്ള എതിർപ്പ് അറിയിച്ച് നൽകിയ കത്തിന് ഗവർണർ മറുപടി നൽകട്ടെയെന്ന നിലപാടിലാണ് വി.സിയും സിൻഡിക്കറ്റിലെ ഇടതുപക്ഷ അംഗങ്ങളും. എത്രയുംപെട്ടെന്ന് സെനറ്റ് പ്രതിനിധിയുടെ പേരു നൽകണമെന്ന് ഗവർണർ പറയുന്നത് പ്രശ്‌നം കോടതിയിലെത്തുന്നതു മുന്നിൽക്കണ്ടാണെന്നും സിൻഡിക്കറ്റിൽ വിമർശനമുയർന്നു. പുതിയ വൈസ് ചാൻസലറെ കണ്ടെത്തുന്നതിനുള്ള സെർച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയുടെ പേര് ഇന്നലെ നൽകണമെന്ന ചാൻസലർ കൂടിയായ ഗവർണറുടെ അന്ത്യശാസനം കേരള വി.സി തള്ളിയിരുന്നു. ഇക്കാര്യം ചർച്ച ചെയ്യുന്നതിനാണ് സിൻഡിക്കറ്റിന്റെ പ്രത്യേക യോഗം വി.സി വിളിച്ചുചേർത്തത്.അടുത്ത 24ന് വി.സിയുടെ കാലാവധി തീരും. നടപടികളെല്ലാം ചട്ടപ്രകാരമാണെന്നാണ് രാജ്ഭവന്റെ വിശദീകരണം. നേരത്തെ സെനറ്റ് പ്രതിനിധിയായി ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി.കെ രാമചന്ദ്രനെ സർവകലാശാല നിർദേശിച്ചിരുന്നു. എന്നാൽ, അദ്ദേഹം പിന്മാറിയത് സർവകലാശാലയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നുവെന്നാണ് രാജ്ഭവൻ്റെ നിലപാട്.
ഗവർണർ സെർച്ച് കമ്മിറ്റി ഉണ്ടാക്കിയത് ഓഗസ്റ്റ് അഞ്ചിനാണ്. എന്നാൽ, ഓഗസ്റ്റ് ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ വി.സി നിയമനത്തിൽ ഗവർണറുടെ അധികാരം ഇല്ലാതാക്കുന്ന ഭേദഗതി നിയമസഭ പാസാക്കിയിരുന്നു. ഈ ബില്ലിൽ ഒപ്പിടില്ലെന്ന് ഉറപ്പിച്ച ഗവർണർ കേരള സർവകലാശാലയ്ക്കു മേൽ പിടിമുറുക്കുകയായിരുന്നു. സെനറ്റ് പ്രതിനിധി ഇല്ലെങ്കിൽ രണ്ടംഗ കമ്മിറ്റി വി.സി നിയമന നടപടിയുമായി മുന്നോട്ടു പോകും. ഒപ്പം വി.സിക്കെതിരേ അച്ചടക്ക നടപടിയും ഉണ്ടാകാനിടയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."