പൊതുതാൽപര്യം മുൻനിർത്തി ഇന്റർനെറ്റ് വിച്ഛേദിക്കാം; വ്യവസ്ഥയുമായി കരട് ബിൽ
ന്യൂഡൽഹി • പൊതുതാൽപര്യവും സുരക്ഷയും മുൻനിർത്തി ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കാനും നിയന്ത്രിക്കാനും സർക്കാറിന് അധികാരം നൽകുന്ന വ്യവസ്ഥയുമായി ടെലികമ്മ്യൂണിക്കേഷൻ ബില്ലിന്റെ കരട്. ഇന്റർനെറ്റ് റദ്ദാക്കലിനെതിരേ ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്നവരും പാർലമെന്ററി കമ്മറ്റിയും ആശങ്കകൾ ഉന്നയിക്കുന്നതിനിടയിലാണ് ഈ നിർദേശവുമായി കേന്ദ്ര സർക്കാർ കരട് ബിൽ തയാറാക്കിയത്.
രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശ രാഷ്ട്രങ്ങളുമായുള്ള ബന്ധം, കുറ്റകൃത്യത്തിനു പ്രേരിപ്പിക്കുന്നത് തടയൽ എന്നിവ മുൻനിർത്തി സർക്കാരിന് ഇന്റർനെറ്റ് കണക്ടിവിറ്റിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാമെന്നാണ് ബിൽ പറയുന്നത്.
വ്യക്തികൾ തമ്മിലോ, ഒരു കൂട്ടം ആളുകൾ തമ്മിലോ ഒരു പ്രത്യേക വിഷയവുമായി ബന്ധപ്പെട്ടതോ ആയ വിവരങ്ങൾ കൈമാറുന്ന ഏതു ടെലികമ്മ്യൂണിക്കേഷൻ നെറ്റ് വർക്കിനെയും തടയാൻ പുതിയ ബിൽ സർക്കാറിന് അധികാരം നൽകുന്നു. കോളുകൾ, മെസേജിങ് അടക്കമുള്ള ഏത് ടെലികമ്മ്യൂണിക്കേഷൻ സേവനവും തടയാനും അധികാരമുണ്ടാകും. വിളിക്കാനും സന്ദേശം അയയ്ക്കാനും സൗകര്യം നൽകുന്ന വാട്‌സ് ആപ്പ്, സൂം, സ്‌കൈപ് പോലുള്ള ആപ്ലിക്കേഷനുകൾക്ക് രാജ്യത്ത് പ്രവർത്തിക്കാൻ ലൈസൻസ് നിർബന്ധമാക്കുന്ന വ്യവസ്ഥയും ബില്ലിലുണ്ട്.
ഒ.ടി.ടി ആപ്പുകളെ ടെലികമ്യൂണിക്കേഷൻ സേവനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഈ ബില്ലിന്റെ അടിസ്ഥാനത്തിൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനും സർക്കാറിനു കഴിയും. ടെലകോം, ഇന്റർനെറ്റ് സേവനദാതാക്കൾക്ക് ഫീസും പിഴയും ഒഴിവാക്കാനുള്ള വ്യവസ്ഥയും കരട് ബില്ലിൽ ഉൾപ്പെടുത്തി. ടെലകോം അല്ലെങ്കിൽ ഇന്റർനെറ്റ് സേവനദാതാക്കൾ ലൈസൻസ് തിരിച്ചേൽപിക്കുന്ന പക്ഷം, ഫീസ് തിരിച്ചു നൽകാനും വ്യവസ്ഥയുണ്ട്. കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ് കരട് ബില്ലിന്റെ ലിങ്ക് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. പൗരൻമാരുടെ അവകാശങ്ങൾ ഉറപ്പാക്കിയുള്ള നിയന്ത്രണത്തിനാണ് ബിൽ അധികാരം നൽകുന്നതെന്നാണ് സർക്കാർ ഇതോടൊപ്പം പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നത്.
കാലാവധി നിശ്ചയിച്ചുള്ള നിയന്ത്രണമെന്നാണ് കുറിപ്പിലുള്ളതെങ്കിലും ബില്ലിൽ കാലാവധിയെക്കുറിച്ച് പരാമർശമില്ല. ഇന്റർനെറ്റ് നിരോധിക്കുന്ന നടപടിയിൽനിന്ന് പിൻമാറണമെന്ന് പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി നിർദേശിച്ചിരുന്നു. ഒക്ടോബർ ഇരുപതുവരെ ബില്ലിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."