തുടരുന്ന നിരോധനം; വളരുന്ന വർഗീയത
ന്യൂഡൽഹി • സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെ നിരോധിക്കപ്പെട്ടത് നിരവധി സംഘടനകൾ. ചില സംഘടനകളുടെ നിരോധനം നീക്കിയെങ്കിലും ചിലതിന്റെ നിരോധനം പുതുക്കുകയായിരുന്നു.
ആർ.എസ്.എസ്
ഇന്ത്യയിൽ മൂന്നുതവണയാണ് ആർ.എസ്.എസ് നിരോധിക്കപ്പെട്ടത്. 1948, 1975, 1992 വർഷങ്ങളിലാണ് സംഘടനയെ നിരോധിച്ചത്.
1948ൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ നാഥൂറാം വിനായക് ഗെഡ്‌സെ വെടിവച്ചു കൊലപ്പെടുത്തിയതിനെതുടർന്നാണ് ആർ.എസ്.എസിനെ ആദ്യം കേന്ദ്രസർക്കാർ നിരോധിക്കുന്നത്. 1948 ജനുവരി 30നാണ് ഗാന്ധിജി കൊല്ലപ്പെട്ടത്.
കൊലയാളിയായ ഗോഡ്‌സെയുടെ രാഷ്ട്രീയ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി നാലിന് അന്നത്തെ ആഭ്യന്തരമന്ത്രി സർദാർ വല്ലഭ് ഭായ് പട്ടേൽ ആർ.എസ്.എസിനെ നിരോധിച്ചത്.
രാജ്യത്തെ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശക്തികളെ വേരോടെ പിഴുതെറിയുന്നതിന്റെ ഭാഗമായിട്ടാണ് നിരോധനമെന്നായിരുന്നു വിശദീകരണം. ഒന്നരവർഷത്തിന് ശേഷം വല്ലഭ് ഭായ് പട്ടേൽ തന്നെ നിരോധനം പിൻവലിച്ച് ഉത്തരവിറക്കി. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975ലാണ് രണ്ടാമത്തെ നിരോധനം. അടിയന്തരാവസ്ഥ നീക്കിയതോടെ നിരോധനവും ഇല്ലാതായി. പി.വി നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്തതിനെത്തുടർന്നായിരുന്നു മൂന്നാമത്ത നിരോധനം.
സിമി
സ്റ്റുഡന്റ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി)യാണ് ഇന്ത്യയിൽ നിരോധിക്കപ്പെട്ട പ്രധാന സംഘടനകളിലൊന്ന്.
കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിലിരിക്കെ 2001 സെപ്റ്റംബർ 26നാണ് സിമി നിരോധിക്കപ്പെട്ടത്. ടാഡ, മെകോക, യു.എ.പി.എ വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തേക്കായിരുന്നു നിരോധനം. കാലാവധി അവസാനിച്ചതോടെ 2006 ഫെബ്രുവരിയിൽ നിരോധനം വീണ്ടും നീട്ടി. നിരോധനത്തിന് പിന്നാലെ സിമിയുടെ പ്രധാന നേതാക്കളെല്ലാം അറസ്റ്റിലായി. സിമി നിരോധിക്കപ്പെട്ട് കൃത്യം 21 വർഷം തികഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് പോപുലർഫ്രണ്ട് നിരോധിക്കപ്പെട്ടത്.
ഐ.എസ്.എസ്
ആർ.എസ്.എസിനെതിരായ പ്രസ്ഥാനം എന്നവകാശപ്പെട്ട് അബ്ദുൽ നാസർ മഅ്ദനി 1989ലാണ് ഇസ് ലാമിക് സേവ സംഘ് (ഐ.എസ്.എസ്) രൂപീകരിച്ചത്.
1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കപ്പെട്ട പ്രത്യേക സാഹചര്യത്തിൽ ആർ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകൾക്കൊപ്പം ഐ.എസ്.എസും നിരോധിക്കപ്പെട്ടു. ഇതോടെ ജയിലിലായ മഅ്ദനി ഐ.എസ്.എസ് പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. ജയിൽമോചിതനായ മഅ്ദനി 1993 ഏപ്രിലിൽ പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി (പി.ഡി.പി) എന്ന രാഷ്ട്രീയപാർട്ടി രൂപീകരിച്ചു.
ജമാഅത്തെ
ഇസ്‌ലാമി
ജമാഅത്തെ ഇസ് ലാമി ഹിന്ദിനെ രണ്ടുതവണ നിരോധിച്ചു. അടിയന്തരാവസ്ഥ കാലത്തും 1992 ൽ ബബാരി മസ്ജിദ് തകർക്കപ്പെട്ട പശ്ചാത്തലത്തിലുമായിരുന്നു നിരോധനം. രണ്ടാമത്തെ നിരോധനം സുപ്രിംകോടതി നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."