യു.ഡി.എഫ് വിജയം അംഗീകരിക്കുന്നു; ജയത്തിനു പിന്നില്‍ സഹതാപ തരംഗം, എല്‍.ഡി.എഫിന്റെ അടിത്തറ തകര്‍ന്നിട്ടില്ല: എം.വി ഗോവിന്ദന്‍
യു.ഡി.എഫ് വിജയം അംഗീകരിക്കുന്നു; ജയത്തിനു പിന്നില്‍ സഹതാപ തരംഗം, എല്‍.ഡി.എഫിന്റെ അടിത്തറ തകര്‍ന്നിട്ടില്ല: എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. യു.ഡി.എഫിന്റെ വിജയം അംഗീകരിക്കുന്നു. സഹതാപ തരംഗം ഉണ്ടായ തെരഞ്ഞെടുപ്പാണ് നടന്നതെന്ന് എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ചാണ്ടി മരിച്ചതിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ നല്ല രീതിയിലുള്ള സഹതാപം വിജയത്തിന് കാരണമായതായി എം.വി ഗോവിന്ദന്‍ പറഞ്ഞു.
മരണാനന്തരച്ചടങ്ങുപോലും വോട്ടിങ് സമയത്താണ് നടന്നത്. സഹതാപം നല്ല രീതിയില്‍ ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഇത്തവണ 42,000 വോട്ട് ലഭിച്ചത് എല്‍.ഡി.എഫിന്റെ മികവുറ്റ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 36,667 വോട്ടാണ് എല്‍.ഡി.എഫിന് ലഭിച്ചിരുന്നത്. 2016ലെ തെരഞ്ഞടുപ്പില്‍ 44,505 വോട്ടാണ് ലഭിച്ചത് ജെയ്കിന് ലഭിച്ചത്. ഇത്തവണ 42,000ലധികം വോട്ട് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് വ്യക്തമാക്കുന്നത് എല്‍ഡിഎഫിന്റെ അടിത്തറയില്‍ കാര്യമായ ഒരുമാറ്റവും സംഭവിച്ചിട്ടില്ലെന്നതാണ് - എം.വി ഗോവിന്ദൻ വിശദീകരിച്ചു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഒരുവിധത്തിലുമുള്ള പാളിച്ചയും സംഭവിച്ചിട്ടില്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക്. സി തോമസ് പറഞ്ഞു. ജനവിധിയെ സ്വാഗതം ചെയ്യുന്നു. ഇടത് വോട്ടുകള്‍ മുഴുവന്‍ കിട്ടിയില്ലെന്ന് പറയാനില്ല. ഇനിയും പുതുപ്പള്ളിയുടെ ജീവിത പ്രശ്‌നങ്ങളും വികസനാനുഭവങ്ങളും ഉയര്‍ത്തിക്കാട്ടി മുന്നോട്ടുപോകും - ജെയ്ക് സി. തോമസ് പറഞ്ഞു.
അതേസമയം, വോട്ടെണ്ണലിന്റെ തുടക്കം മുതൽ എതിരാളികളില്ലാതെ ചാണ്ടി ഉമ്മൻ കളം നിറയുന്ന കാഴ്ചയാണ് കേരളം ഇന്ന് കണ്ടത്. അര നൂറ്റാണ്ടിലധികം കാലം മണ്ഡലത്തിനൊപ്പം നിന്ന പ്രിയ നേതാവ് ഉമ്മൻ ചാണ്ടിയോടുള്ള ആദരം തന്നെയാണ് ചാണ്ടി ഉമ്മന്റെ ഈ ചരിത്ര വിജയം. തോൽവി നേരത്തെ പ്രതീക്ഷിച്ചിരുന്നെങ്കിലും എൽ.ഡി.എഫ് സർക്കാരിന് കനത്ത തിരിച്ചടിയാണ് ഈ റെക്കോർഡ് വിജയം. വാശിയേറിയ തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ 37719 വോട്ടിന്റെ ലീഡാണ് നേടിയത്.
ഉപതെരഞ്ഞെടുപ്പ് നടന്ന പുതുപ്പള്ളി മണ്ഡലത്തിൽ സർവകാല റെക്കോർഡ് നേടി യു.ഡി.എഫ് കുതിക്കുമ്പോൾ നാണംകെട്ട തോൽവിയാണ് എൽ.ഡി.എഫിന് ഉണ്ടായത്. ശക്തികേന്ദ്രങ്ങളിൽ പോലും പ്രതീക്ഷിച്ച വോട്ടുകൾ നേടാൻ എൽ.ഡി.എഫ് സ്ഥാനാർഥി ജയ്ക് സി. തോമസിനായില്ല. എൽ.ഡി.എഫ് ഭരണമുള്ള മണ്ഡലത്തിലെ പഞ്ചായത്തുകളെല്ലാം യു.ഡി.എഫ് തൂത്തുവാരി. എൽ.ഡി.എഫ് ഭരണത്തിലുള്ള പുതുപ്പള്ളി, മണർകാട്, പാമ്പാടി, വാകത്താനം, അകലക്കുന്നം, കൂരോപ്പട എന്നീ ആറു പഞ്ചായത്തുകളിലും ചാണ്ടി ഉമ്മൻ വ്യക്തമായ ലീഡ് നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."