ഹാട്രിക്ക് തോൽവി; ലീഡ് ഒരു ബൂത്തിൽ മാത്രം, സ്വന്തം ബൂത്തിലും പിന്നിൽ, എൽ.ഡി.എഫിന് വോട്ട് ചോർച്ച
ഹാട്രിക്ക് തോൽവി; ലീഡ് ഒരു ബൂത്തിൽ മാത്രം, സ്വന്തം ബൂത്തിലും പിന്നിൽ, എൽ.ഡി.എഫിന് വോട്ട് ചോർച്ച
പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എൽ.ഡി.എഫിന് കനത്ത വോട്ട് ചോർച്ച. 11,903 വോട്ടിന്റെ കുറവാണ് മണ്ഡലത്തിൽ എൽ.ഡി.എഫിന് കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ ഉണ്ടായത്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ് നേടിയത് 54,328 വോട്ടാണ്. അന്ന് മത്സരം ജെയ്ക് സി. തോമസും ഉമ്മൻ ചാണ്ടിയും തമ്മിലായിരുന്നു. ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് ഇപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ അതേസ്ഥാനാർഥി ജെയ്ക്കിന് നേടാനായത് 42,425 വോട്ട് മാത്രമാണ്.
മറുവശത്ത് പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ജയിച്ചത്. ചാണ്ടി ഉമ്മൻ 37719 വോട്ടിന്റെ ലീഡാണ് നേടിയത്. ശക്തികേന്ദ്രങ്ങളിൽ പോലും പ്രതീക്ഷിച്ച വോട്ടുകൾ നേടാൻ എൽ.ഡി.എഫ് സ്ഥാനാർഥി ജയ്ക് സി. തോമസിനായില്ല. എൽ.ഡി.എഫ് ഭരണമുള്ള മണ്ഡലത്തിലെ പഞ്ചായത്തുകളെല്ലാം യു.ഡി.എഫ് തൂത്തുവാരി. എൽ.ഡി.എഫ് ഭരണത്തിലുള്ള പുതുപ്പള്ളി, മണർകാട്, പാമ്പാടി, വാകത്താനം, അകലക്കുന്നം, കൂരോപ്പട എന്നീ ആറു പഞ്ചായത്തുകളിലും ചാണ്ടി ഉമ്മൻ വ്യക്തമായ ലീഡ് നേടി.
മണ്ഡലത്തിൽ ആകെ ഒരു ബൂത്തിൽ മാത്രമാണ് ജെയ്ക് സി. തോമസിന് ലീഡ് നേടിയത്. മീനടം ഗ്രാമപഞ്ചായത്തിലെ 153-ാം ബൂത്തിൽ മാത്രമാണ് ജെയ്ക് ലീഡ് നേടിയത്. 165 വോട്ടിന്റെ ലീഡാണ് ജെയ്ക് ഇവിടെ നേടിയത്. അതേസമയം സ്വന്തം വീടിരിക്കുന്ന ബൂത്തിൽ ഉൾപ്പെടെ മണ്ഡലത്തിൽ മറ്റെവിടെയും ജെയ്കിന് ലീഡ് നേടാനായില്ല. മന്ത്രി വി.എൻ വാസവന്റെ ബൂത്തിലും ജെയ്ക് പിന്നിലായി. വി.എൻ വാസവന്റെ ബൂത്തിൽ 241 വോട്ട് മാത്രമാണ് ജെയ്കിന് ലഭിച്ചത്.
വോട്ടെണ്ണലിന്റെ തുടക്കം മുതൽ എതിരാളികളില്ലാതെ ചാണ്ടി ഉമ്മൻ കളം നിറയുന്ന കാഴ്ചയാണ് കേരളം ഇന്ന് കണ്ടത്. അര നൂറ്റാണ്ടിലധികം കാലം മണ്ഡലത്തിനൊപ്പം നിന്ന പ്രിയ നേതാവ് ഉമ്മൻ ചാണ്ടിയോടുള്ള ആദരം തന്നെയാണ് ചാണ്ടി ഉമ്മന്റെ ഈ ചരിത്ര വിജയം. തോൽവി നേരത്തെ പ്രതീക്ഷിച്ചിരുന്നെങ്കിലും എൽ.ഡി.എഫ് സർക്കാരിന് കനത്ത തിരിച്ചടിയാണ് ഈ റെക്കോർഡ് വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."