പ്രശ്‌നം പറയലല്ല, പരിഹരിക്കലാണ് നേതൃത്വം
മുഹമ്മദ് ഹുദവി
പ്രവാചക തിരുമേനിക്ക് അന്ന് നാൽപതു തികഞ്ഞിട്ടില്ല. പ്രവാചകപദവി ലഭിക്കാൻ ഇനിയുമുണ്ട് വർഷങ്ങൾ. വിശുദ്ധഗേഹത്തിന്റെ പുനരുദ്ധാരണം നടക്കുന്ന സന്ദർഭം. ഹജറുൽ അസ്‌വദ് യഥാസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന കാര്യം തർക്കവിഷയമായിരിക്കുന്നു. കാരണവരായ അബൂ ഉമയ്യതിൽ മഖ്‌സൂമി പറഞ്ഞു: 'മസ്ജിദുൽ ഹറമിലേക്ക് ആദ്യം വരുന്നയാളെ മധ്യസ്ഥനാക്കാം'. ആർക്കും എതിർപ്പില്ലാത്ത തീരുമാനം. അങ്ങനെ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് തിരുനബിയുടെ കടന്നുവരവ്. സർവസമ്മതനായ ഒരാളെത്തന്നെ കിട്ടിയതിൽ അവർക്ക് ആശ്വാസം.
ഹജറുൽ അസ്‌വദെടുത്ത് തിരുനബി (സ) തന്റെ മേൽതട്ടത്തിൽവച്ചു. ഓരോ ഗോത്രക്കാരോടും ഓരോ പ്രതിനിധിയെ തിരഞ്ഞെടുക്കാനും പറഞ്ഞു. അങ്ങനെ അവരൊന്നായി പിടിച്ച് തട്ടമുയർത്തി. കല്ലു വയ്‌ക്കേണ്ട സ്ഥാനമെത്തിയപ്പോൾ അവിടുന്നുതന്നെ ആ ദൗത്യം നിർവഹിച്ചു. പരാതിക്കൊരിടപോലും നൽകാതെ പ്രശ്‌നം പരിഹരിക്കപ്പെട്ടു.
പ്രവാചകൻ (സ) ലോകത്തിനെന്തു നൽകിയെന്ന ചോദ്യത്തിന് ഒറ്റവാക്കിൽ നൽകാവുന്ന ഉത്തരമാണ് 'പരിഹാരം'. എന്തിനുള്ള പരിഹാരം എന്നു ചോദിച്ചാൽ എന്തിനുമുള്ള പരിഹാരം എന്നുതന്നെ മറുപടി. പ്രശ്‌നത്തിലല്ല, പരിഹാരത്തിലായിരുന്നു നബി(സ) ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്തു ചെയ്യരുത് എന്നു പറയുന്നതോടൊപ്പം എന്തു ചെയ്യണം എന്നുകൂടി പറഞ്ഞുവച്ചു. ഈ വിശിഷ്ടസ്വഭാവം സമൂഹത്തിന്റെ താക്കോൽസ്ഥാനത്തിരിക്കുന്നവർ കരുത്തോടെ പ്രകടമാക്കുമ്പോഴാണ് ലോകം കുറെകൂടി വെളിച്ചം നിറഞ്ഞതായിത്തീരുക.
പ്രശ്‌നങ്ങൾ പറഞ്ഞ് അസ്വസ്ഥ സൃഷ്ടിക്കാനല്ല, പരിഹാരങ്ങൾ നിർദേശിച്ച് സ്വസ്ഥത പകരാനാണ് ഏതൊരു നേതൃത്വവും ശ്രമിക്കേണ്ടത്. രാജ്യം മുമ്പെങ്ങുമില്ലാത്തവിധം ഇരുട്ടിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്നറിയാം. പിന്നെയും പിന്നെയും അതുതന്നെ പറഞ്ഞ് പൗരന്മാരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയാൽ സംഭീതരായ ഒരു സമൂഹത്തിന്റെ ഉൽപാദനം മാത്രമേ നടക്കുകയുള്ളൂ. അതിനു പകരം വെളിച്ചത്തിലേക്കുള്ള വഴി കാണിച്ചുകൊടുക്കാൻ കഴിയണം.
വരാനിരിക്കുന്ന കൊടിയ ക്ഷാമത്തെ കുറിച്ച് മുന്നറിയിപ്പു നൽകുക മാത്രമല്ല; ക്ഷാമകാലത്തെ അതിജീവിക്കാനുള്ള പ്രായോഗികമാർഗം നിർദേശിച്ചുകൊടുക്കുകകൂടി ചെയ്തു യൂസുഫ് നബി (അ). സാമ്പത്തിക മാന്ദ്യം പിടിമുറുക്കുമ്പോൾ അതിന്റെ കെടുതികളെ കുറിച്ച് സംസാരിക്കാം. അതിന്റെ തോതെത്രയെന്ന് ജനങ്ങളെ അറിയിക്കാം. അതോടൊപ്പം മാന്ദ്യത്തെ മറികടക്കാനുള്ള മറുമരുന്ന് കണ്ടെത്തുകയും നിർദേശിക്കുകയും വേണം.
മഹാപ്രളയം വരാൻ പോകുന്നുണ്ടെന്ന മുന്നറിയിപ്പിൽ മാത്രം ഒതുങ്ങിയില്ല നൂഹ് നബി(അ). പ്രളയത്തെ അതിജീവിക്കാനാവശ്യമായ നടപടിയും അദ്ദേഹം സ്വീകരിച്ചു.
പ്രശ്‌നം കേൾക്കാനല്ല, പരിഹാരം അറിയാനാണ് ആർക്കും താൽപര്യം. ചാവിയില്ലാത്ത പൂട്ടിനു മാർക്കറ്റ് കിട്ടുകയില്ല. അസുഖത്തെ ചൊല്ലിയുള്ള പരാതികൾ രോഗി പറയും. വൈദ്യൻ ഔഷധത്തെ കുറിച്ചാണു പറയേണ്ടത്. തന്റെ മുന്നിലിരിക്കുന്ന വിദ്യാർഥികളെ കുറിച്ച് പരാതി പറയലല്ല, അവരെ ഉത്തമരായ മനുഷ്യരാക്കി പരിവർത്തിപ്പിക്കലാണു അധ്യാപകന്റെ ദൗത്യം. തിരുനബി കാണിച്ചുതന്ന ഉദാത്തമായ മാതൃകയും അതുതന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."