വിഭാഗീയതക്കൊടി ഉയര്‍ത്തി സി.പി.ഐ; താക്കീതുമായി കാനം, കൊടിമര കൈമാറ്റ ചടങ്ങ് ബഹിഷ്കരിച്ച് കെ.ഇ ഇസ്മയിലും സി ദിവാകരനും
തിരുവനന്തപുരം: വിഭാഗീയതയും വ്യക്തി കേന്ദ്രീകരണ രീതിയും സി.പി.ഐയിലില്ലെന്നും അത്തരത്തില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്നും കാനത്തിന്റെ മുന്നറിയിപ്പ്. മുന്‍കാല ചരിത്രം ഇത് ബോധ്യപ്പെടുത്തുന്നുണ്ടെന്നും കാനം ഓര്‍മ്മിപ്പിച്ചു. പാര്‍ട്ടി മുഖ മാസികയിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മുന്നറിയിപ്പിന് പിന്നാലെ സി.പി.ഐയുടെ കൊടിമര കൈമാറ്റ ചടങ്ങ് കെ.ഇ ഇസ്മയിലും സി ദിവാകരനും ബഹിഷ്ക്കരിച്ചു.നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന ചടങ്ങില്‍ ഇരുവരും പങ്കെടുക്കുന്നില്ല. കൊടിമരം ജാഥ ക്യാപ്റ്റന്‍ കൈമാറേണ്ടത് ഇസ്മയിലായിരുന്നു. ഇസ്മയില്‍ വിട്ടു നിന്നതോടെ കൊടി മരം മന്ത്രി ജി. ആര് അനിലാണ് കൈമാറിയത്. ജില്ലയുടെ ചുമതലയുള്ള നിര്‍വാഹക സമിതിയംഗമാണ് മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ സി ദിവാകരന്.
വിഭാഗീയത രൂക്ഷമായ സാഹചര്യത്തിലാണ് കാനം നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ വ്യക്തിത്വം സംരക്ഷിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മുന്നണിയില്‍ ഉന്നയിക്കുന്നതില്‍ വിട്ടുവീഴ്ച കാണിച്ചിട്ടില്ല. ഉന്നയിക്കേണ്ട കാര്യങ്ങള്‍ മുന്നണിയില്‍ കൃത്യമായ രീതിയില്‍ പറയും. ചിലപ്പോള്‍ പരസ്യ പ്രതികരണത്തിനും മടിച്ചിട്ടില്ല. അഭിപ്രായങ്ങള്‍ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്ന രീതി സി.പി.ഐക്കില്ലെന്നും കാനം കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."