കലക്ടർമാരെ പഴി പറയും മുമ്പ്
സർക്കാർ ഉദ്യോഗസ്ഥരും കലക്ടർമാരും നേരേചൊവ്വെ ജോലി ചെയ്യുന്നില്ലെന്ന സർക്കാർ പരാതി ഒരു വശത്ത്. രാഷ്ട്രീയക്കാരുടെ സമ്മർദത്താൽ ശ്വാസംമുട്ടി ജോലി നേരാംവണ്ണം നിർവഹിക്കാൻ കഴിയാതെ അകാലത്തിൽ സർവിസ് അവസാനിപ്പിക്കാൻ നിർബന്ധിതരാകുന്ന ഉദ്യേഗസ്ഥർ മറുവശത്ത്. ഈ രണ്ട് അവസ്ഥകളുടെ നേർചിത്രമായിരുന്നു കഴിഞ്ഞ ദിവസം കേരളം കണ്ടത്. തിരുവനന്തപുരത്ത് ജില്ലാ കലക്ടർമാരുടേയും വകുപ്പു മേധാവികളുടേയും യോഗത്തെ അഭിസംബോധനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി കലക്ടർമാർ കൃത്യമായി ജോലി ചെയ്യുന്നില്ലെന്ന വിമർശനം ഉയർത്തുകയുണ്ടായി. ഏൽപ്പിക്കുന്ന ജോലികൾ കലക്ടർമാർ കൃത്യമായി ചെയ്യുന്നില്ല. വിളിച്ചാൽ ഫോണെടുക്കില്ല. കീഴുദ്യോഗസ്ഥരായ എ.ഡി.എം പോലുള്ളവരെ കാര്യങ്ങൾ കൃത്യമായി അറിയിക്കുന്നില്ല. ജില്ലാ ഭരണകൂടങ്ങളുടേയും തദ്ദേശസ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെ നടപ്പാക്കേണ്ട പദ്ധതികൾ ഏകോപനമില്ലായ്മയാൽ പൂർത്തിയാക്കാൻ കഴിയുന്നില്ല. എന്നീ പരാതികളാണ് സർക്കാരിന്റെ നൂറുദിന പരിപാടികളുടെ അവലോകന യോഗത്തിൽ മുഖ്യമന്ത്രി നിരത്തിയത്.
അതേ സന്ദർഭത്തിൽ തന്നെയാണ് രാഷ്ട്രീയ ഇടപെടലിന്റെ അതിപ്രസരം താങ്ങാനാവാതെ ആരോഗ്യവിഭാഗം ഡയറക്ടർ സ്വയം വിരമിക്കുന്നത്. വിരമിക്കാൻ മൂന്നരവർഷം ബാക്കി നിൽക്കുമ്പോഴാണ് ഹെൽത്ത് ഡയറക്ടർ ഡോ. പ്രീത സ്വയം വിരമിക്കലിന് അപേക്ഷ നൽകിയത്. വിരമിക്കലിന് സർക്കാർ തത്വത്തിൽ അംഗീകാരവും നൽകിയിരിക്കുകയാണ്.
ഡോ. പ്രീതക്ക് മുമ്പ് സ്വയം വിരമിച്ച മറ്റൊരു ഡയറക്ടറായിരുന്നു ഡോ. സരിത. 2023 ജൂലൈ വരെ കാലാവധിയുള്ളപ്പോഴാണ് സർവിസിൽ നിന്ന് അവർ സ്വമേധയാ വിരമിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെ തുടർന്നായിരുന്നു ഡോ. സരിത ആരോഗ്യവകുപ്പ് ഡയരക്ടറായത്. സീനിയോറിറ്റി മറികടന്ന് ഡോ. രമേശിനെ സർക്കാർ ഡയറക്ടറായി നിയമിച്ചപ്പോൾ, നിയമനത്തിനെതിരേ ഡോ. സരിത അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു. ഡയറക്ടറായി ചാർജെടുത്തത് മുതൽ ഡോ. സരിതയെ പാർട്ടി അനുഭാവികൾ സ്വസ്ഥമായി ജോലി ചെയ്യാൻ അനുവദിച്ചില്ല. ഇതിൽ മനം മടുത്താണ്, ജോലിയിൽ അങ്ങേയറ്റം ആത്മാർപ്പണവും കാര്യപ്രാപ്തിയുമുള്ള അവർ സ്വയം വിരമിച്ചത്.
കലക്ടർമാർ കൃത്യമായി ജോലി ചെയ്യുന്നില്ലെന്ന് മുഖ്യമന്ത്രി പരിതപിക്കുമ്പോൾ, ഭരണകക്ഷി സംഘടനകൾ ആത്മാർഥമായി ജോലി ചെയ്യുന്നവരെ അതിന് സമ്മതിക്കുന്നില്ലെന്ന യാഥാർഥ്യം കൂടി അദ്ദേഹം തിരിച്ചറിയണം. വഴിവിട്ട കാര്യങ്ങൾ നടപ്പാക്കാനായി പ്രാദേശികനേതാക്കൾ സമീപിക്കുമ്പോൾ സത്യസന്ധരായ കലക്ടർമാർ അത് പരിഗണിക്കണമെന്നില്ല. രാഷ്ട്രീയ പ്രതിയോഗികളെ കള്ളക്കേസിൽ കുടുക്കണമെന്ന ആവശ്യവുമായി ഭരണകക്ഷി നേതാക്കൾ കലക്ടറേറ്റുകൾ കയറിയിറങ്ങുന്നത് ആദ്യം അവസാനിപ്പിക്കണം. രാഷ്ട്രീയ എതിരാളികൾക്കെതിരേ കാപ്പ ചുമത്തണമെന്നോ ഗുണ്ടാ ലിസ്റ്റിൽപെടുത്തി നാടുകടത്തണമെന്നോ ആവശ്യപ്പെട്ട്, പ്രാദേശികനേതാക്കൾ വരെ കലക്ടർമാരെ സമീപിക്കുന്നത് സമീപകാലത്തായി വർധിച്ചിട്ടുണ്ട്. പ്രത്യേകിച്ചൊരു രാഷ്ട്രീയ പ്രസ്ഥാനത്തോടും ആഭിമുഖ്യം പുലർത്താത്ത കലക്ടർമാർക്ക് ഇത്തരം സമ്മർദങ്ങളെ അതിജീവിക്കേണ്ടി വരുന്ന ഭയാനകമായൊരവസ്ഥ നിലവിലുണ്ട്. തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്ത കലക്ടർമാരെ ഭരണതലപ്പത്ത് സ്വാധീനം ചെലുത്തി കഴിവില്ലാത്തവരും കൊള്ളരുതാത്തവരുമാക്കുന്ന പ്രവണതയും പ്രാദേശികനേതാക്കളുടെ പതിവാണ്. ഏതൊരു പദ്ധതിക്കും സ്ഥലം ഏറ്റെടുക്കേണ്ടിവരും. അതിന്റെ പ്രാദേശിക ചുമതല കലക്ടർമാർക്കായിരിക്കും. ഇപ്പോൾ സ്ഥലം ഏറ്റെടുക്കാൻ കലക്ടർമാർക്ക് പേടിയാണ്. അന്യായമായ വില പേശി സ്ഥലമുടമകളുടെ ഭീഷണി ഒരു വശത്ത് നടക്കുമ്പോൾ പദ്ധതി കൊണ്ട് അഴിമതി നടത്താൻ അവസരം പാർത്തിരിക്കുന്ന പ്രാദേശിക നേതാക്കളുടെ സമ്മർദം മറുവശത്ത്. ഭൂ ഉടമ കേസ് കൊടുത്താൽ കോടതി കയറിയിറങ്ങേണ്ടി വരുന്നതും കലക്ടർമാർ തന്നെ. ഇത്തരമൊരു പരിതസ്ഥിതിയിൽ കലക്ടർമാർ ഒന്നും ചെയ്യാതിരിക്കുന്നുണ്ടെങ്കിൽ അവരെ കുറ്റപ്പെടുത്താനാകുമോ? ഐ.എ.എസ് സർവിസിന്റെ ഭാഗമായ കലക്ടർ ഉദ്യോഗം രണ്ടുവർഷം വഹിക്കണമെന്നത് സർവിസ് റൂളിൽ പെട്ടതാണ്. ഈ ബാധ്യത നിറവേറ്റാൻ രണ്ടുവർഷം രാഷ്ട്രീയക്കാരുടെ പരുക്ക് ഏൽക്കാതെ ഒതുങ്ങിക്കൂടണമെന്ന തീരുമാനത്തിൽ ഏതെങ്കിലും കലക്ടർമാർ നിഷ്‌ക്രിയരാവുന്നുണ്ടെങ്കിൽ അവരെ പഴി പറയുന്നതിന് പകരം സ്വന്തം പാർട്ടി നേതാക്കളിൽ നിന്ന് കലക്ടർമാർക്ക് തൊഴിൽസുരക്ഷ നൽകുകയാണ് വേണ്ടത്. ഏത് സർക്കാർ അധികാരത്തിൽ വന്നാലും ഇതുതന്നെയാണവസ്ഥ. തന്ത്രശാലികളായ ഉദ്യേഗസ്ഥർ അവസരത്തിനൊത്ത് നിറം മാറി ഉന്നത സ്ഥാനങ്ങളിലേക്ക് കയറിപ്പോകുന്നുമുണ്ട്. നിയമവിരുദ്ധ കാര്യങ്ങളുമായി സർക്കാർ ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്താൻ ഓഫിസുകളും കലക്ടറേറ്റുകളും കയറിയിറങ്ങരുതെന്ന് സ്വന്തം പാർട്ടിക്കാർക്ക് കർശനനിർദേശം നൽകുകയാണ് സർക്കാർ ആദ്യം ചെയ്യേണ്ടത്. രാഷ്ട്രീയ പ്രവർത്തനം ഉപജീവനമാർഗമാക്കിയതിന്റെ ദുരന്തങ്ങളാണിതൊക്കെയും.
ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി വകവച്ചു കൊടുക്കാതെ പാർട്ടിക്ക് താൽപര്യമുള്ളവരെ ഉയർന്ന തസ്തികകളിലേക്ക് നിയമിക്കുമ്പോൾ സർക്കാർ വലിയൊരു നിയമലംഘനത്തിനാണ് കൂട്ടുനിൽക്കുന്നത്. പ്രമോഷൻ നിഷേധിക്കപ്പെട്ടവർ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ച് നിഷേധിക്കപ്പെട്ട തസ്തികയിൽ എത്തുമ്പോൾ അവരെ പുകച്ചു പുറത്തുചാടിക്കുന്ന സർക്കാർ നടപടികളും ഉദ്യോഗസ്ഥരെ പുറകോട്ട് വലിക്കുന്നു. ഡോ. സരിതയും ഡോ. പ്രീതയും ഇത്തരം നീക്കങ്ങളുടെ ഇരകളാണ്. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് കാലം തികയുംമുമ്പ് അവർ രണ്ടുപേരും സ്വയം വിരമിച്ചുവെങ്കിൽ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് മാറിനിൽക്കാനാവില്ല. ആരോഗ്യവകുപ്പിൽ ഭരണം നടത്തുന്നത് പാർട്ടി അനുഭാവിയായ ക്ലാർക്ക് ആണെന്ന പരാതി നേരത്തെയുള്ളതാണ്.
വകുപ്പ് മന്ത്രി വീണാ ജോർജ് ഒരു പരാജയമാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടതാണ്. വകുപ്പിൽ എന്താണ് നടക്കുന്നതെന്നുപോലും ചിലപ്പോൾ അവർ അറിഞ്ഞിരിക്കണമെന്നില്ല. ഡോക്ടർമാർ സ്ഥലമാറ്റത്തിനായി പാർട്ടിനേതാക്കളുടെ പിന്തുണയോടെ ആരോഗ്യവകുപ്പിൽ നിരന്തരംസമ്മർദം ചെലുത്തുമ്പോൾ ഇതു താങ്ങാനാവാതെ സ്വയം വിരമിക്കുകയല്ലാതെ ആത്മാഭിമാനമുള്ള ഡയറക്ടർമാർക്കു മുന്നിൽ മറ്റു വഴികളില്ല.
ഉദ്യോഗസ്ഥരെക്കൊണ്ട് നേരാംവണ്ണം ജോലി ചെയ്യിപ്പിച്ച ബുദ്ധിമാൻമാരായ രാഷ്ട്രീയ നേതാക്കൾ മന്ത്രിമാരും മുഖ്യമന്ത്രിമാരുമായി ഭരിച്ച സംസ്ഥാനമാണ് കേരളം. ഉദ്യോഗസ്ഥരെ നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്ന പ്രാദേശിക നേതാക്കളെ അത്തരം കാര്യങ്ങളിൽ നിന്നു അവർ കർശനമായും വിലക്കിയിരുന്നു. ഉദ്യോഗസ്ഥരെക്കൊണ്ട് അവർ കൃത്യമായി ജോലി ചെയ്യിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന രീതികളും സീനിയോറിറ്റി മറികടന്നുള്ള പ്രമോഷനുകളും നടക്കുന്നുണ്ടെങ്കിൽ അതിന് തടയിടുകയാണ് സർക്കാർ ചെയ്യേണ്ടത്. സർക്കാർ തീരുമാനങ്ങൾ അപ്പടി നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർ അതിന്റെ പേരിൽ കോടതി കയറി ഇറങ്ങേണ്ടിവരുന്ന ദുരവസ്ഥയും നിലവിലുണ്ട്. ഉദ്യോഗസ്ഥരെ അഴിമതിക്കാരാക്കുന്നതും കൃത്യനിർവഹണത്തിൽ അവരെ അലസരാക്കുന്നതും രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകളാണെന്ന് മനസിലാക്കി അവർക്കെതിരേ സർക്കാർ നടപടിയെടുക്കുമെങ്കിൽ കലക്ടർമാരേയും വകുപ്പുമേധാവികളേയും വിളിച്ചിരുത്തി മുഖ്യമന്ത്രിക്ക് ശാസിക്കേണ്ടി വരില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."